
എല്ലാ വർഷവും ആഗസ്റ്റ് പത്തിന് പ്യൂബ്ല സംസ്ഥാനത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന സാൻ ജോക്വിൻ വൈ സാന്താ അന ദൈവാലയം തീർഥാടകരെക്കൊണ്ട് നിറയാറുണ്ട്. ‘നിനോ സിഗ്വിറ്റോ’ എന്ന ഉണ്ണിയേശുവിന്റെ പ്രസിദ്ധമായ രൂപം ഈ ദൈവാലയത്തിലാണ് സ്ഥിതിചെയ്യുന്നത്. രക്തക്കണ്ണുനീർ വാർക്കുന്ന അന്ധനായ ഉണ്ണീശോയുടെ രൂപമാണ് ഇവിടുത്തെ പ്രത്യേകത.
ഇടവക വികാരി ഫാ. ഏണസ്റ്റോ മാർട്ടിനെസ് അവെലിന ഈ രൂപവുമായി ബന്ധപ്പെട്ട ചരിത്രം പങ്കുവയ്ക്കുന്നത് ഇപ്രകാരമാണ്:
ഉണ്ണീശോയുടെ ഈ രൂപത്തിന്റെ ഉത്ഭവം 1744 മുതലുള്ളതാണ്. വൈദികന്റെ വിവരണമനുസരിച്ച്, ഈ രൂപം യഥാർഥത്തിൽ നഗരത്തിലെ കരുണയുടെ മാതാവിന്റെ ദൈവാലയത്തിന്റെ ഭാഗമായിരുന്നു. മെക്‌സിക്കൻ സംസ്ഥാനമായ മൈക്കോകാനിലെ മൊറേലിയയിൽ, മെർസിഡേറിയൻ പുരോഹിതന്മാരാണ് ഈ രൂപം പരിപാലിച്ചുപോന്നിരുന്നത്.
1744 ആഗസ്റ്റ് പത്തിന് വിശുദ്ധ കുർബാനയ്‌ക്കെത്തിയ വിശ്വാസികളെക്കൊണ്ട് ദൈവാലയം നിറഞ്ഞിരുന്നു. എന്നാൽ, രാത്രിയാകുകയും ദൈവാലയത്തിന്റെ വാതിലുകൾ അടയ്ക്കുകയും ചെയ്തപ്പോൾ ഒരാൾ അകത്ത് മറഞ്ഞിരുന്നു. ക്രൈസ്തവവിരുദ്ധനായ ഈ വ്യക്തിയുടെ ഉദ്ദേശ്യം ആ ദൈവാലയത്തെ ‘അശുദ്ധമാക്കുക’ എന്നതായിരുന്നു. ദൈവാലയത്തിലെ ബഹളം കേട്ട് ഒരു സന്യാസി വന്ന് അദ്ദേഹത്തെ ഓടിച്ചു. എന്നാൽ, ദൈവാലയത്തിൽനിന്നും പുറത്തുപോകുന്നതിനു മുൻപ് ആ മനുഷ്യൻ പ്രധാന അൾത്താരയിലേക്കു പോയി, കരുണയുടെ മാതാവിന്റെ കൈയിൽനിന്നും ഉണ്ണീയീശോയെ തട്ടിയെടുത്തു.
ആ മനുഷ്യൻ ആ രൂപത്തെ വികൃതമാക്കാൻ തുടങ്ങി. ആ നിമിഷം, ആ രൂപത്തിൽനിന്നും ഒരു കരച്ചിൽ ഉയർന്നു. അത് ഒരു യഥാർഥ കുട്ടിയുടെ കരച്ചിൽപോലെ ആയിരുന്നു. എന്നാൽ, അതുകേട്ട് ഭയപ്പെടുന്നതിനുപകരം, ആ മനുഷ്യന് ദേഷ്യം വർധിക്കുകയാണുണ്ടായത്. ദേഷ്യത്തോടെ അയാൾ ഉണ്ണീശോയുടെ രൂപത്തിൽനിന്നും കണ്ണുകൾ പുറത്തെടുത്തു. ഉടൻ ഉണ്ണീശോയുടെ രൂപത്തിൽനിന്നും രക്തകണ്ണുനീർ പുറപ്പെടാൻ തുടങ്ങി. ഇതാണ് ഉണ്ണീശോയുടെ രൂപത്തെപ്പറ്റിയുള്ള ഒരു പരാമർശം.
ഫാ. മാർട്ടിനെസ് അവെലിന ഈ അത്ഭുതരൂപത്തെ സംബന്ധിച്ച മറ്റൊരു പാരമ്പര്യം നിലനിൽക്കുന്നതും പങ്കുവച്ചു. അതനുസരിച്ച്, ഉണ്ണിയേശുവിന്റെ രൂപത്തിന്റെ കണ്ണുകളിൽ മരതകം ഉണ്ടായിരുന്നു. അത് കള്ളൻ മോഷ്ടിക്കാൻ ശ്രമിച്ചു. മരതകത്തിന്റെ കണ്ണുകൾ എടുത്തുമാറ്റിയപ്പോൾ രൂപം ഒരു കുഞ്ഞിനെപ്പോലെ കരയാൻ തുടങ്ങി. ഈ മനുഷ്യൻ ഭയന്നുപോയി, ഭയന്ന്, ആ രൂപം വലിച്ചെറിഞ്ഞ് മരതകങ്ങളുമായി ഓടിപ്പോയി എന്നും ഒരു പാരമ്പര്യം നിലനിൽക്കുന്നു. ഒടുവിൽ, തകർന്ന രൂപം വീണ്ടെടുത്ത് ദൈവാലയത്തിലേക്കു തിരികെ കൊണ്ടുപോയി. കുറച്ചു സമയത്തിനുശേഷം രൂപം പുനഃസ്ഥാപിക്കുകയും കപ്പൂച്ചിൻ കോൺവെന്റിലെ സന്യാസിനികൾ അത് സംരക്ഷിക്കുകയും ചെയ്തുപോന്നു. പിന്നീട്, ഈ രൂപം പ്യൂബ്ല സംസ്ഥാനത്തേക്കു മാറ്റുകയും നിരവധി അത്ഭുതങ്ങൾ സംഭവിക്കുകയും ചെയ്തു. നിരവധി തീർഥാടകർ ഈ രൂപം സന്ദർശിക്കാൻ എത്തിക്കൊണ്ടിരുന്നു.
അന്ധനായ ഉണ്ണീശോയിൽ നിന്നുള്ള അത്ഭുതങ്ങൾ
അന്ധനായ ഈ ഉണ്ണീശോയിൽനിന്നുള്ള സഹായംതേടി നിരവധി തീർഥാടകരാണ് എത്തിയിരുന്നത്. രൂപത്തിന്റെ പക്കൽ പ്രാർഥന ചോദിച്ചുവരുന്നത് സാധാരണയായി ആരോഗ്യപ്രശ്നങ്ങളുള്ള ആളുകളാണെന്ന് ഇടവക വികാരി ഫാ. മാർട്ടിനെസ് അവെലിന പറയുന്നു. കാരണം, ഈ ഉണ്ണീശോയിൽനിന്നും കാഴ്ചയുമായി ബന്ധപ്പെട്ട് നിരവധി അത്ഭുതങ്ങൾ ആ സമയത്ത് നടന്നിരുന്നു. അതിൽ പ്രധാനപ്പെട്ട സംഭവം 13 വയസ്സുള്ള ഒരു പെൺകുട്ടിയിൽ നടന്ന അത്ഭുതമാണ്.
അപൂർവരോഗമുള്ള ഈ പെൺകുട്ടിക്ക് ഒരു ചുവടുപോലും നടക്കാനോ, എന്തിന് കിടക്കയിൽനിന്ന് ഒന്ന് എഴുന്നേൽക്കാൻപോലും സാധിച്ചിരുന്നില്ല. ഈ രോഗത്തിന് ചികിത്സയില്ലാത്തതിനാൽ ആ ജീവിതശൈലിയുമായി പൊരുത്തപ്പെടാൻ ഡോക്ടർമാർ അവളോടു പറഞ്ഞിരുന്നു. എങ്കിലും, പെൺകുട്ടിയുടെ കുടുംബം അന്ധനായ ഉണ്ണീശോയുടെ പക്കൽ പ്രാർഥിച്ചുകൊണ്ടിരുന്നു. കാലക്രമേണ പെൺകുട്ടിക്ക് രോഗശാന്തി ലഭിച്ചു.
ഫാ. മാർട്ടിനെസ് അവെലിന ഉയർത്തിക്കാട്ടുന്ന മറ്റൊരു സാക്ഷ്യമിതാണ്, കണ്ണുകളിൽ ബാക്ടീരിയ ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരുന്ന ഒരു യുവാവിന്റെ ജീവിതത്തിൽ നടന്ന അത്ഭുതമാണത്. അവൻ പൂർണ്ണമായും അന്ധനാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, അന്ധനായ ഉണ്ണീശോയോടുള്ള ഭക്തിയെക്കുറിച്ചറിഞ്ഞ അമ്മ അവനെ ദൈവാലയത്തിലേക്കു കൊണ്ടുപോയി അവന്റെ രോഗശാന്തിക്കായി പ്രാർഥിക്കാൻ തുടങ്ങി. തത്ഫലമായി അവന്റെ അസുഖം മാറുകയും ആരോഗ്യവാനായി മാറുകയും ചെയ്തു.



