വ്യക്തിയുടെ പേരിന്റെ പ്രാധാന്യവും കുട്ടികൾക്ക് പേരിടുമ്പോൾ പരിഗണിക്കേണ്ട അഞ്ചു കാര്യങ്ങളും

കത്തോലിക്കാ വിശ്വാസമനുസരിച്ച് ജനുവരി മൂന്ന് യേശുവിന്റെ വിശുദ്ധ നാമത്തിനു സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. അന്നേ ദിവസം യേശുവിന്റെ തിരുനാമം സഭയിൽ ആഘോഷിക്കപ്പെടുന്നു. ഈ തിരുനാൾ ദിനത്തിൽ ഒരു വ്യക്തിയുടെ പേര് എത്രത്തോളം പ്രധാനമാണെന്നും, ഒരാളുടെ ജീവിതവും പേരും തമ്മിൽ എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്നും നമുക്ക് നോക്കാം.

1. പേര് ഓരോരുത്തരുടെയും വ്യക്തിത്വമാണ്

സഭയുടെ മതബോധനമനുസരിച്ച് ഒരാളുടെ പേര് ആ വ്യക്തിയുടെ പ്രതിച്ഛായയാണ്. അതുകൊണ്ട്, അത് സ്വീകരിച്ചിരിക്കുന്നയാളുടെ അന്തസ്സിന്റെ അടയാളമായി ആ പേര് കണക്കാക്കപ്പെടുന്നു. “ഞാൻ നിന്നെ പേര് ചൊല്ലി വിളിച്ചിരിക്കുന്നു” എന്ന ഏശയ്യ പ്രവാചകന്റെ വാക്കുകളിൽ കർത്താവ് അരുളിചെയ്തതാണ് ഇതിന് ആധാരം. “ദൈവം നിങ്ങളെ നിങ്ങളുടെ പേര് ചൊല്ലി വിളിക്കുന്നുവെങ്കിൽ അതിനർഥം  ദൈവത്തിന് നമ്മൾ ആരും ഒരു സംഖ്യയല്ല മറിച്ച് ഓരോ മുഖമാണ്, ഓരോ ഹൃദയമാണ്”- ഫ്രാൻസിസ് മാർപാപ്പ ഓർമ്മിപ്പിക്കുന്നു.

2. പേര് ഒരു ദൗത്യമാണ്

വി. മത്തായിയുടെ സുവിശേഷത്തിൽ, കർത്താവിന്റെ ദൂതൻ വി. ജോസഫിന് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്, മറിയം തന്റെ ഉദരത്തിൽ വഹിക്കുന്ന കുഞ്ഞിന് യേശു എന്ന് പേരിടണമെന്ന് അരുളിച്ചെയ്യുന്നു. കാരണം അവൻ തന്റെ ജനത്തെ അവരുടെ എല്ലാ പാപങ്ങളിൽനിന്നും രക്ഷിക്കും എന്നായിരുന്നു അരുളപ്പാട്. കാത്തലിക്ക്  എൻസൈക്ലോപീഡിയ അനുസരിച്ച്, യേശുവ എന്ന ഹീബ്രു വാക്കിനർഥം  ‘യഹോവയാണ് രക്ഷ’ എന്നാണ്. അതിനാൽ, ഒരു വ്യക്തിയിൽ ഭരമേല്പിച്ചിരിക്കുന്ന ദൗത്യത്തെ അയാളുടെ പേര് സൂചിപ്പിക്കുന്നു. ക്രിസ്‌തുവിന്റെ കാര്യത്തിൽ ഇത് പൂർണ്ണമായും അന്വർഥമാക്കപ്പെടുകയും ചെയ്തു.

3. പവിത്രവും ശാശ്വതവുമാണ്

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം വളരെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ഓരോ വ്യക്തിയുടെയും പേര് ‘വിശുദ്ധവും ശാശ്വതവും’ ആണെന്ന്. “ദൈവരാജ്യത്തിൽ, ദൈവത്തിന്റെ നാമം അടയാളപ്പെടുത്തിയിരിക്കുന്ന ഓരോ വ്യക്തിയുടെയും നിഗൂഢവും അതുല്യവുമായ സ്വഭാവം പൂർണ്ണതോതിൽ പ്രകാശിക്കും” എന്ന് അതിൽ പറഞ്ഞിരിക്കുന്നു. ഈ സന്ദർഭത്തിൽ, പത്തുകല്പനകളിലെ രണ്ടാമത്തെ കല്പനയായ ‘ദൈവനാമം വൃഥാ ഉപയോഗിക്കരുത്’ എന്നതും ഓർമ്മിക്കേണ്ടതാണ്.

4. പേര് സംരക്ഷണമാണ്

സഭയിൽ ഒരു വ്യക്തി തന്റെ പേര് സ്വീകരിക്കുന്നത് മാമ്മോദീസയിലൂടെ ആണ് എന്ന് മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു. സ്വീകരിക്കുന്ന പേര് ആ വ്യക്തിക്ക് ഒരു വഴികാട്ടിയായും മധ്യസ്ഥനായും വർത്തിക്കേണ്ടതിന് ഒരു വിശുദ്ധന്റെ പേര് തിരഞ്ഞെടുക്കാൻ അത് നിർദേശിക്കുന്നു. മറുവശത്ത്, സഭയുടെ കാനോൻ നിയമം, ക്രിസ്ത്യൻ പാരമ്പര്യത്തിനും സ്വഭാവത്തിനും യോജിക്കാത്ത പേരുകൾ കുട്ടികൾക്ക് നൽകുന്നത് ഒഴിവാക്കാൻ ശ്രമിക്കണമെന്ന് മാതാപിതാക്കളോടും ഇടവക വൈദികരോടും ആവശ്യപ്പെടുന്നു.

5. മാറ്റാവുന്ന പേര്

ദൈവം ചില ആളുകളുടെ പേരുകൾ അവരുടെ ദൗത്യത്തെ ഉയർത്തിക്കാട്ടാൻ മാറ്റിയത് ചരിത്രത്തിൽ പറയുന്നുണ്ട്. ഉദാഹരണത്തിന്, ക്രിസ്തു ശിമയോന്റെ പേര് ‘പാറ’ എന്നർഥംവരുന്ന ‘പത്രോസ്’ എന്നാക്കി മാറ്റി തന്റെ സഭയെ കെട്ടിപ്പടുത്ത സംഭവം. നിലവിൽ, പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന മാർപാപ്പാമാർ തങ്ങളുടെ ദൗത്യത്തിനനുസരിച്ച് പുതിയ പേര് തിരഞ്ഞെടുക്കുന്നു. “പുരാതനകാലത്ത്, പേര് ഒരു വ്യക്തിയുടെ സ്വത്വത്തിന്റെ സംഗ്രഹമായിരുന്നു. പേര് മാറ്റുന്നത് സ്വയം മാറുന്നത് സൂചിപ്പിക്കുന്നുവെന്ന്” വി. ജോസഫിനെക്കുറിച്ചുള്ള ഒരു പഠനത്തിൽ ഫ്രാൻസിസ് മാർപാപ്പ പറയുന്നു.

മരിയ ജോസ്

വിവർത്തനം: മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.