എനിക്ക് ഇഷ്ടമാണ്

ദൈവത്തെ, മനുഷ്യരെ, മരങ്ങളെ,
ഒഴുകുന്ന പുഴയെ, പെയ്യുന്ന മഴയെ,
വിരിയുന്ന പൂക്കളെ, പിന്നെ നിന്നെ….

നമ്മള്‍ ഒരിക്കലും കണ്ടു എന്നുവരില്ല. തമ്മില്‍ സംസാരിക്കാനും സാധ്യതയില്ല. താങ്കളുടെ കഴിവുകളും ബലവും സൗന്ദര്യവും എനിക്ക് അജ്ഞാതമാണ്. താങ്കളുടെ രൂപവും ഭാവവും രീതികളും എനിക്കറിയില്ല. എങ്കിലും ഈ അക്ഷരങ്ങളിലൂടെ നാം സംസാരിക്കുകയാണ് പരസ്പരം സംവേദിക്കുകയാണ്, ഉപരി സനേഹിക്കുകയാണ്.

ഒരു യാത്രയ്ക്കിടയിലോ, തിരക്കേറിയ ഒരു വീഥിയിലോവച്ച് നാം കണ്ടു എന്നുവരാം. തിങ്ങിനിറഞ്ഞ ഒരു ബസ്സിലോ അല്ലെങ്കിൽ ഒരു ട്രെയിനിലോ, വിമാനത്തിലോ നാം അടുത്തിരുന്ന് യാത്രചെയ്‌തേക്കാം. പരസ്പരം കടന്നുപോകുമ്പോള്‍ തോളുരുമ്മിയെന്നുംവരാം. പക്ഷേ, നമ്മള്‍ പരസ്പരം അറിയാനിടയില്ല.

എങ്കിലും ഒരിക്കലും കാണില്ലാത്ത സുഹൃത്തേ, എനിക്ക് ഇഷ്ടമാണ് നിങ്ങളെ. നിങ്ങളോടൊപ്പം ഈ പ്രപഞ്ചത്തെയും ഇവിടുത്തെ പുഴകളെയും മരങ്ങളെയും ജീവജാലങ്ങളെയും ഉപരി ദൈവത്തെയും എനിക്ക് ഇഷ്ടമാണ്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.