രക്തസാക്ഷിത്വത്തിന്റെ ആത്മീയതയെ നെഞ്ചോട് ചേർക്കുന്ന നൈജീരിയയിലെ വൈദികാർത്ഥികൾ

“ഈ അപകടകരമായ രാജ്യത്ത് ഒരു രക്തസാക്ഷിയായി മരിക്കാൻ ഞാൻ തയ്യാറാണ്. യേശുവിനു വേണ്ടി ഏതു നിമിഷവും മരിക്കാൻ ഞാൻ തയ്യാറായിരുന്നു. എനിക്ക് അത് വളരെ ശക്തമായി അനുഭവപ്പെടുന്നു” – ഐലോറിൻ (നൈജീരിയ) രൂപതയിലെ ബെനഡിക്റ്റൈൻ ആശ്രമത്തിലെ പോസ്റ്റുലൻ്റായ ബ്രദർ പീറ്റർ ഒലരെവാജുവിന്റെ വാക്കുകളാണ് ഇത്. തീവ്രവാദികളാൽ തട്ടികൊണ്ട് പോകപ്പെടുകയും പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്ത ഈ സെമിനാരിക്കാരൻ പീഡനങ്ങൾക്കു നടുവിലും ക്രിസ്തുവിന്‌ ധീരസാക്ഷ്യം വഹിക്കുവാൻ തയ്യാറായ നൈജീരിയയിലെ അനേകം സെമിനാരിക്കാരുടെ പ്രതിനിധിയാണ്. ഇവർ പീഡനങ്ങളുടെ നടുവിലും മരണത്തിനു മുന്നിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെടുമ്പോഴും വിശ്വാസത്തിൽ തളരുകയല്ല, വളരുകയാണ് എന്ന് ലോകത്തോട് വിളിച്ചു പറയുന്നു.

സെമിനാരികളിലും ആശ്രമങ്ങളിലും മറ്റ് മതപരിശീലന കേന്ദ്രങ്ങളിലും തട്ടിക്കൊണ്ടുപോകലുകൾ വർധിച്ചുവരുന്ന നൈജീരിയയിൽ ഈ വൈദികാർത്ഥിയുടെ സാക്ഷ്യം ഒറ്റപ്പെട്ട സംഭവമല്ല. തട്ടിക്കൊണ്ടു പോകപ്പെട്ട ചിലർ കൊലചെയ്യപ്പെട്ടപ്പോൾ, ഈ ഭയാനകമായ അനുഭവത്തെ അതിജീവിച്ചവർ പങ്കുവെച്ചത്, തങ്ങൾ കൂടുതൽ ശക്തരാണെന്നും വിശ്വാസത്തിനായി മരിക്കാൻ തയ്യാറാണെന്നും ആയിരുന്നു.

2023 ഓഗസ്റ്റിൽ മിന്ന രൂപതയിലെ ആഫ്രിക്കൻ മിഷനറീസ് കമ്മ്യൂണിറ്റിയിൽ നിന്നുള്ള ഒരു വൈദികനോടൊപ്പം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ടാൻസാനിയക്കാരനായ സെമിനാരിയൻ മെൽച്ചിയോർ മഹാരിനി, മൂന്ന് ആഴ്ചത്തെ തടവിൽ താൻ അനുഭവിച്ച കഷ്ടപ്പാടുകൾ തൻ്റെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നുവെന്ന് അഭിപ്രായപ്പെട്ടു. “എൻ്റെ വിശ്വാസം ശക്തമാകുന്നത് അനുഭവിക്കുവാൻ കഴിഞ്ഞു. ഞാൻ എൻ്റെ സാഹചര്യം അംഗീകരിക്കുകയും എല്ലാം ദൈവത്തിന് നൽകുകയും ചെയ്തു” അദ്ദേഹം വെളിപ്പെടുത്തി.

ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് പ്രവർത്തിക്കുന്ന ബോക്കോ ഹറാം തീവ്രവാദികളും ഫുലാനി ഇടയന്മാരും മറ്റ് ക്രിമിനൽ ഗ്രൂപ്പുകളും നൈജീരിയയിലെ സെമിനാരിക്കാരെ ലക്‌ഷ്യം വച്ച് നിരവധി ആക്രമണങ്ങളും തട്ടികൊണ്ട് പോകലുകളും നടത്തിയിട്ടുണ്ട്.

രക്തസാക്ഷിത്വത്തിൻ്റെ ആത്മീയത

നൈജീരിയയിൽ ക്രിസ്ത്യൻ പീഡനം രൂക്ഷമാകുമ്പോൾ, നൈജീരിയൻ കേന്ദ്രങ്ങളിൽ ഉയർന്നുവരുന്ന ഒരു ആത്മീയത ഉണ്ടെന്ന് സെമിനാരി പരിശീലകർ വെളിപ്പെടുത്തുന്നു. അതാണ് രക്തസാക്ഷിത്വത്തിന്റെ ആത്മീയത. അത് പലർക്കും മനസിലാക്കുവാൻ ബുദ്ധിമുട്ടേറിയ ഒന്നാണ്. ഏതു നിമിഷവും തട്ടിക്കൊണ്ട് പോകപ്പെടുവാനും കൊല്ലപ്പെടുവാനും സാധ്യത ഉള്ളതിനാൽ രക്തസാക്ഷിത്വത്തിന്റേതായ ഒരു മുന്നറിയിപ്പും സെമിനാരികളിൽ പരിശീലകർ തങ്ങളുടെ വൈദികാർത്ഥികൾക്കു നൽകുന്നു.

“പൊതുവെ നൈജീരിയൻ സമൂഹത്തെപ്പോലെ സെമിനാരികളും മരണത്തിൻ്റെ ആസന്നത അംഗീകരിച്ചു, കാരണം അവരും ക്രിസ്ത്യാനികളാണ് എന്നത് തന്നെ. നൈജീരിയൻ ക്രിസ്ത്യാനികൾ അരനൂറ്റാണ്ടായി അപ്പോക്കലിപ്‌റ്റിക് അനുപാതത്തിൻ്റെ അക്രമത്തിന് ഇരയായിരുന്നു. ആസന്നമായ മരണത്തിൻ്റെ യാഥാർത്ഥ്യം അംഗീകരിക്കാൻ ഞങ്ങൾ പഠിച്ചുവെന്ന് എനിക്ക് പറയാൻ കഴിയും” സെൻ്റ് അഗസ്റ്റിൻ മേജർ സെമിനാരിയുടെ റെക്ടർ ഫാദർ പീറ്റർ ഹസ്സൻ വെളിപ്പെടുത്തുന്നു.

ക്രൈസ്തവരെ കൊലപ്പെടുത്തുമ്പോഴും ദൈവജനത്തെ നിസംശയം സ്വീകരിക്കുവാൻ തക്കവിധം വിശ്വാസത്തിൽ ദൃഢതയുള്ള നിരവധി യുവാക്കളെ കാണുന്നത് തികച്ചും പ്രചോദനവും ഹൃദയസ്പർശിയുമാണ്. ആക്രമണത്തിന്റെ ഇരകളായ സമൂഹത്തിൽ നിന്നും എത്തുന്നവരാണ് ഇവരെങ്കിലും സമാധാനത്തിന്റെ പാത സ്വീകരിക്കുവാൻ സജ്ജരായിട്ടാണ് ഇവർ സെമിനാരികളിലേയ്ക്ക് എത്തുന്നത്. 2020-ൽ നനാദി എന്ന സെമിനാരിക്കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ശേഷം ധാരാളം ചെറുപ്പക്കാർ ആണ് ദൈവവിളി സ്വീകരിച്ചു എത്തിയത്. അതിനാൽ തന്നെ രക്തസാക്ഷിത്വങ്ങൾ ഈ നൈജീരിയൻ മണ്ണിനു കരുത്തുപകരുകയാണ് ചെയ്യുന്നത് എന്ന് നിസംശയം പറയാം. വിശ്വാസത്തിൽ ആഴപ്പെട്ട്, ക്രിസ്തുവിനായി ജീവൻപോലും വെടിയുവാൻ ഓരോ ക്രൈസ്തവനെയും സജ്ജരാക്കുകയാണ് ഓരോ മരണങ്ങളും. ഇവർ ഓടിയൊളിക്കുന്നില്ല. പകരം ധീരതയോടെ മുന്നേറി ഒരു ജനതയ്ക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി മാറുകയാണ്.

വിവർത്തനം: മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.