പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 222 – മാർസെല്ലൂസ് II (1501-1555)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1555 ഏപ്രിൽ 9 മുതൽ മെയ് 1 വരെയുള്ള ഇരുപത്തിരണ്ടു ദിവസം മാത്രം നീണ്ടുനിന്ന മാർപാപ്പാ സ്ഥാനമായിരുന്നു മാർസെല്ലൂസ് രണ്ടാമന്റേത്. ഇറ്റലിയിലെ മസറേത്തയ്ക്കടുത്തുള്ള മൊന്തേഫാനോ എന്ന ഗ്രാമത്തിൽ എ.ഡി. 1501 മെയ് 6 -ന് മാർസെല്ലോ കെർവീനി ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് റിക്കാർഡോ അങ്കോണയിലെ അപ്പസ്തോലിക ഖജാന്‍ജി ആയിരുന്നു. മാർസെല്ലൂസിന്റെ സഹോദരിയുടെ മകനാണ് വേദപാരംഗതനായ വി. റോബർട്ട് ബെല്ലാർമിൻ. മാർസെല്ലോ തന്റെ വിദ്യാഭ്യാസം സിയെന്നായിലും ഫ്ലോറെൻസിലുമായി പൂർത്തിയാക്കി. ലത്തീൻ, ഗ്രീക്ക്, ഇറ്റാലിയൻ ഭാഷകളിലുള്ള പ്രാവീണ്യം കൂടാതെ നിയമനടത്തിപ്പിലും തത്വശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ആഴമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

ക്ലമന്റ് മൂന്നാമൻ മാർപാപ്പയെ അഭിനന്ദിക്കാനായി പുറപ്പെട്ട ഫ്ലോറൻസിൽ നിന്നുള്ള സംഘത്തിലെ അംഗമായിരുന്നു മാർസെല്ലോ. അദ്ദേഹത്തിന്റെ പിതാവ് റിക്കാർഡോയും മാർപാപ്പയും സുഹൃത്തുക്കളായിരുന്നു. മാർപാപ്പയുടെ അഭ്യർത്ഥനപ്രകാരം മാർസെല്ലോ റോമിൽ തുടരുകയും അദ്ദേഹത്തിനു വേണ്ടി നിരവധി ജോലികൾ ചെയ്യുകയും ചെയ്തു. പിന്നീട് എ.ഡി. 1535 -ൽ മാർസെല്ലോ ഒരു പുരോഹിതനായി അഭിഷിക്തനാകുന്നു. പോൾ മൂന്നാമൻ മാർപാപ്പ അദ്ദേഹത്തെ തന്റെ സെക്രട്ടറി ആയി നിയമിച്ചു. മാർപാപ്പയുടെ ദൗത്യവുമായി നെതർലണ്ട്സിൽ ആയിരിക്കുമ്പോഴാണ് പോൾ മൂന്നാമൻ മാർസെല്ലോയെ റോമിലെ സാന്താക്രോച്ചേ ജെറുസലേം ദേവാലയത്തിലെ കർദ്ദിനാളായി നിയമിക്കുന്നത്. തെന്ത്രോസ് സൂനഹദോസിൽ ആധ്യക്ഷം വഹിക്കാൻ നിയോഗിക്കപ്പെട്ട മൂന്ന് കർദ്ദിനാളന്മാരിൽ ഒരാളായിരുന്നു മാർസെല്ലോ. അതുപോലെ തന്നെ വത്തിക്കാൻ ലൈബ്രറിയുടെ ചുമതലക്കാരനായി നിയമിക്കപ്പെടുന്ന ആദ്യ കർദ്ദിനാളാണ് ഇദ്ദേഹം.

ജൂലിയോസ് മാർപാപ്പ കാലം ചെയ്തപ്പോൾ പിൻഗാമിയെ തിരഞ്ഞെടുക്കാനായി ചേർന്ന കോൺക്ലേവിൽ തന്റെ ഒഴികെയുള്ള എല്ലാ കർദ്ദിനാളന്മാരുടേയും വോട്ട് ആദ്യ പ്രാവശ്യം നേടി മാർപാപ്പയായ ആളാണ് മാർസെല്ലൂസ്. ആധുനിക കാലഘട്ടത്തിൽ സ്വന്തം പേര് തുടർന്നും ഉപയോഗിച്ച രണ്ടു മാർപാപ്പമാരിൽ ഒരാളാണ്. സഭയെ സമൂലമായി നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർസെല്ലൂസ് മാർപാപ്പാ സ്ഥാനം ഏറ്റെടുത്തത്. തന്റെ ബന്ധുക്കൾ ആരും സ്ഥാനമാനങ്ങൾക്കായി റോമിലേക്ക് വരരുതെന്നും റോമിലുള്ള ബന്ധുക്കൾ ഔദ്യോഗിക കാര്യങ്ങൾ സംസാരിക്കരുതെന്നും മാർപാപ്പ കല്പന പുറപ്പെടുവിച്ചു. സഭയെ നവീകരിക്കാനുള്ള ആശയങ്ങളുമായി തന്റെ മുൻഗാമികളുടെ കാലത്തെ ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ചുള്ള രേഖകൾ മാർപാപ്പ ശേഖരിച്ചു. എന്നാൽ നിർഭാഗ്യവശാൽ എ.ഡി. 1555 മെയ് 1 -ന് മാർപാപ്പ പക്ഷാഘാതത്തെ തുടർന്ന് കാലം ചെയ്യുകയും തുടർന്ന് വി. പത്രോസിന്റെ ബസിലിക്കയിൽ അടക്കപ്പെടുകയും ചെയ്തു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.