പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 220 – പോൾ III (1468-1549)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1534 ഒക്ടോബർ 13 മുതൽ 1549 നവംബർ 10 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് പോൾ മൂന്നാമൻ. ഇറ്റലിയിലെ വിത്തെർബോയ്ക്കടുത്തുള്ള കനീനോ എന്ന സ്ഥലത്ത് എ.ഡി. 1468 ഫെബ്രുവരി 29 -ന് ലുയീജിയുടെയും ജോവാന്നയുടെയും മൂത്ത മകനായി അലസാൻഡ്രോ ഫർണെസെ ജനിച്ചു. ഇറ്റലിയിലെ പിസ സർവ്വകലാശാലയിലെ വിദ്യാഭ്യാസത്തിനു ശേഷം റോമൻ കൂരിയായിൽ നോട്ടറി ആയി ജോലിയിൽ പ്രവേശിച്ചു. ചെറുപ്പക്കാരനായിരുന്ന അലസാൻഡ്രോയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാത്തതായിരുന്നു എന്ന് ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു.

അലക്‌സാണ്ടർ ആറാമൻ മാർപാപ്പ അലസാൻഡ്രോയെ സാന്തി കോസ്മ-ദാമിയാനോ ദേവാലയത്തിലെ കർദ്ദിനാൾ ഡീക്കനായി നിയമിച്ചു. പിന്നീട് എ.ഡി. 1519 -ലാണ് അദ്ദേഹം ഒരു പുരോഹിതനായും ബിഷപ്പായും അഭിഷിക്താനായത്. ബിഷപ്പ് അലസാൻഡ്രോയുടെ വികാരി ജനറലായിരുന്ന ബർത്തലോമിയോയുടെ സ്വാധീനത്തിൽ രൂപതയെ സമഗ്രമായി നവീകരിക്കുന്നതിനുള്ള പദ്ധതികൾ അദ്ദേഹം ആരംഭിച്ചു. ഈ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ക്ലമന്റ് ഏഴാമൻ മാർപാപ്പ അദ്ദേഹത്തെ ഓസ്തിയ രൂപതയുടെ കർദ്ദിനാൾ ബിഷപ്പായി നിയമിച്ചു. എ.ഡി. 1534 -ൽ ക്ലമന്റ് മാർപാപ്പ കാലം ചെയ്തതിനു ശേഷമുള്ള കോൺക്ലേവിൽ വച്ച് അലസാൻഡ്രോയെ അടുത്ത മാർപാപ്പയായി തിരഞ്ഞെടുത്തു.

പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ ശക്തി മനസ്സിലാക്കി നടപടികളെടുത്ത ആദ്യത്തെ മാർപാപ്പയാണ് പോൾ മൂന്നാമൻ. അറിവും കഴിവും ദൈവഭക്തിയുമുണ്ടായിരുന്ന ഒൻപതു പുരോഹിതരുടെ ഒരു സംഘം രൂപീകരിച്ചു സഭയെ നവീകരിക്കാനുള്ള ആശയങ്ങൾ രൂപീകരിച്ചു. റോമൻ കൂരിയയിലും ഭരണത്തിലും ആരാധനാരീതികളിലും നടമാടിയിരുന്ന അധികാരദുർവിനിയോഗങ്ങൾ അവർ തുറന്നു കാട്ടുകയും അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ നിർദേശിക്കുകയും ചെയ്തു. വി. ഇഗ്‌നേഷ്യസ് ലയോള സ്ഥാപിച്ച ഈശോസഭ സന്യാസ സമൂഹത്തിന് മാർപാപ്പ അംഗീകാരം നൽകുകയും അവർ സഭയെ നവീകരിക്കാനും സഭയുടെ സുവിശേഷപ്രഘോഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും തുടങ്ങി. എ.ഡി. 1545 മാർച്ച് 15 -ന് ഇറ്റലിയിലെ ട്രെന്റ് നഗരത്തിൽ ചരിത്രപ്രസിദ്ധമായ ത്രെന്തോസ് സൂനഹദോസ് മാർപാപ്പ വിളിച്ചുകൂട്ടി. പ്രൊട്ടസ്റ്റന്റ് സഭയുടെ വളർച്ച തടയുന്നതിന് പൂർണ്ണമായും സാധിച്ചില്ലെങ്കിലും കത്തോലിക്കാ സഭയെ നവീകരിക്കുകയും കൂടുതൽ മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനും പോൾ മൂന്നാമൻ മാർപാപ്പക്കു സാധിച്ചു. എന്നാൽ രോഗവും ജോലിഭാരവും കാരണം എ.ഡി. 1549 നവംബർ 10 -ന് മാർപാപ്പ കാലം ചെയ്തു. അദ്ദേഹത്തെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.