പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 218 – അഡ്രിയാൻ VI (1459-1523)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1522 ജനുവരി 9 മുതൽ 1523 സെപ്റ്റംബർ 14 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് അഡ്രിയാൻ ആറാമൻ. മാർപാപ്പ സ്ഥാനത്തെത്തിയ ഒരേയൊരു ഡച്ചുകാരനും ജോൺപോൾ രണ്ടാമനു മുൻപ് ഇറ്റലിക്കാരനല്ലാത്ത അവസാനത്തെ മാർപാപ്പയുമായിരുന്നു അഡ്രിയാൻ. എ.ഡി. 1459 മാർച്ച് 2 -ന് നെതർലൻഡ്സിലെ ഉത്റെഹ്റ്റ് നഗരത്തിൽ ഫ്ളോറൻസിന്റെയും ഗേർത്രൂയിടിന്റെയും നാലു മക്കളിൽ ഇളയവനായി അഡ്രിയാൻ ഫ്ലോറൻസ് ജനിച്ചു. ആശാരിപ്പണിക്കാരനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് അഡ്രിയാന് പത്തു വയസ്സുള്ളപ്പോൾ മരിച്ചു. സ്വോളേ എന്ന സ്ഥലത്തെ ലത്തീൻ പഠനത്തിനു ശേഷം എ.ഡി. 1476 -ൽ ലുവെയ്ൻ സർവ്വകലാശാലയിൽ തത്വശാസ്ത്രം, ദൈവശാസ്ത്രം, സഭാനിയമം എന്നീ വിഷയങ്ങളിൽ ഉന്നതപഠനം നടത്തി. എ.ഡി. 1490 ജൂൺ 30 -ന് അദ്ദേഹം ഒരു വൈദികനായി അഭിഷിക്തനായി.

ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദം സമ്പാദിച്ച അഡ്രിയാൻ ലുവെയ്ൻ സർവ്വകലാശാലയിലെ അധ്യാപകനും പിന്നീട് വൈസ് ചാൻസലറുമായി സേവനമനുഷ്ഠിച്ചു. പ്രസിദ്ധ തത്വശാസ്ത്ര-ദൈവശാസ്ത്ര പണ്ഡിതനായിരുന്ന ഇറാസ്മസ് ഇവിടെ അഡ്രിയാന്റെ ശിഷ്യനായിരുന്നു. ചാൾസ് അഞ്ചാമൻ ചക്രവർത്തിയുടെ അധ്യാപകനും പിന്നീട് അദ്ദേഹത്തിന്റെ ഉപദേശകനുമായി നിയമിതനായ അഡ്രിയാൻ തന്റെ വൈസ് ചാൻസലർ സ്ഥാനം രാജി വച്ചു. ലുവെയ്ൻ സർവ്വകലാശാലയിൽ അഡ്രിയാൻ വാങ്ങിയ സ്ഥലത്ത് പണിതുയർത്തിയിരിക്കുന്ന ദൈവശാസ്ത്ര വിഭാഗം അറിയപ്പെടുന്നത് അഡ്രിയാൻ മാർപാപ്പയുടെ കോളേജ് എന്നാണ്. പിന്നീട് ചക്രവർത്തിയുടെ ശുപാർശയിൽ ലിയോ പത്താമൻ മാർപാപ്പ അഡ്രിയാനെ തൊർത്തോസയിലെ ബിഷപ്പായും ചേലിയൻ കുന്നിലുള്ള ജോൺ-പോൾ ബസിലിക്കയിലെ കർദ്ദിനാൾ പുരോഹിതനായും നിയമിച്ചു.

ലിയോ പത്താമൻ മാർപാപ്പ കാലം ചെയ്തപ്പോൾ കോൺക്ലേവിൽ ഇല്ലാതിരുന്ന അഡ്രിയാനെ ഐകകണ്ഠേന മാർപാപ്പയായി തിരഞ്ഞെടുത്തു. ആരോടും മമത കാണിക്കാതെ സഭയെ നയിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാനാരോഹണത്തിന് ആഘോഷങ്ങൾ വിലക്കിക്കൊണ്ട് അഡ്രിയാൻ മാർപാപ്പ റോമിൽ വന്ന് പത്രോസിന്റെ ബസിലിക്കയിൽ വച്ച് സ്ഥാനമേറ്റു. സഭയെ അന്ന് നശിപ്പിച്ചുകൊണ്ടിരുന്ന ഭൗതീകപ്രവണതകളെ ഓരോന്നായി ഇല്ലാതാക്കാൻ ഒരുങ്ങിയ മാർപാപ്പക്ക് ലിയോ പത്താമന്റെ കാലത്തെ കർദ്ദിനാളന്മാർ തടസ്സം സൃഷ്ടിച്ചു. ലൂഥർ ആരംഭിച്ച പ്രോട്ടസ്റ്റന്റ് നവീകരത്തിന്റെ വ്യാപ്തി മുഴുവനായി മനസ്സിലാക്കുന്നതിന് അക്കാലയളവിൽ അഡ്രിയാൻ മാർപാപ്പക്കും കഴിഞ്ഞില്ല. മാർപാപ്പയായി രണ്ടു വർഷം പൂർത്തിയാവുന്നതിനു മുൻപേ എ.ഡി. 1523 സെപ്റ്റംബർ 14 -ന് അഡ്രിയാൻ ആറാമൻ കാലം ചെയ്തു. അദ്ദേഹത്തെ അടക്കിയിരിക്കുന്നത് റോമിലെ സാന്ത മരിയ ദല്ലാനിമ ദേവാലയത്തിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.