പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 215 – പിയൂസ് III (1439-1503)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1503 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 18 വരെ മാർപാപ്പ ആയിരുന്ന ആളാണ് പിയൂസ് മൂന്നാമൻ. കേവലം ഇരുപത്തിയാറ് ദിവസം മാത്രം നീണ്ടുനിന്ന ചരിത്രത്തിലെ ചുരുങ്ങിയ മാർപാപ്പ ഭരണത്തിലൊന്നായിരുന്നു ഇത്. ഇറ്റലിയിലെ സർത്തെയാനോ പ്രദേശത്ത് നാന്നോ – ലൗദോമിയ ദമ്പതികളുടെ മകനായി ഫ്രാഞ്ചെസ്‌കോ പിക്കൊളോമിനി എ.ഡി. 1439 മെയ് 9 -ന് ജനിച്ചു. അദ്ദേഹത്തിന്റെ അമ്മാവനായിരുന്നു പിയൂസ് രണ്ടാമൻ മാർപാപ്പ. ഫ്രാഞ്ചെസ്‌കോയുടെ സഹോദരൻ അമാൽഫി പ്രദേശത്തെ ഡ്യൂക്കായിരുന്നു. പെറൂജ്യ സർവ്വകലാശാലയിൽ നിന്നും സഭാനിയമത്തിൽ ഡോക്ടർ ബിരുദം സമ്പാദിച്ച ഫ്രാഞ്ചെസ്‌കോയെ ഇരുപത്തിയൊന്നാമത്തെ വയസിൽ സിയെന്നായിലെ ആർച്ചുബിഷപ്പായി മാർപാപ്പ നിയമിച്ചു.

പിയൂസ് രണ്ടാമൻ മാർപാപ്പ വിശുദ്ധ നാടിന്റെ വിമോചനത്തിനായി തയ്യാറെടുക്കുന്ന സമയത്ത് തന്റെ അനന്തരനായ ഫ്രാഞ്ചെസ്‌കോയെ പേപ്പൽ സ്റ്റേറ്റിന്റെ ചുമതലക്കാരനായി എ.ഡി. 1464 -ൽ നിയമിച്ചു. പിന്നീട് കുറേ നാൾ ജർമ്മനിയിലെയും ഇംഗ്ളണ്ടിലെയും മാർപാപ്പയുടെ പ്രതിനിധിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. അലക്‌സാണ്ടർ മാർപാപ്പ തന്റെ മകനായ യുവാന്  പല കാര്യങ്ങളുടെയും ഭരണച്ചുമതല ഏല്പിച്ചത് കർദ്ദിനാൾ ഫ്രാഞ്ചെസ്‌കോ ശക്തമായി എതിർത്തു. അലക്‌സാണ്ടർ മാർപാപ്പയുടെ മരണശേഷം എ.ഡി. 1503 സെപ്റ്റംബർ 22 -ന് കർദ്ദിനാൾ ഫ്രാഞ്ചെസ്‌കോ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ അമ്മാവനോടുള്ള കടപ്പാടും സ്നേഹവും പ്രകടിപ്പിക്കുന്നതിന് പിയൂസ് എന്ന നാമം അദ്ദേഹം സ്വീകരിച്ചു.

മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടയുടനെ പിയൂസ് മൂന്നാമൻ കർദ്ദിനാളന്മാരുടെയും കൂരിയ ജോലിക്കാരുടെയും റോമിലെ മറ്റു രാജ്യപ്രതിനിധികളുടെയും ഒരു സമ്മേളനം വിളിച്ചുകൂട്ടി. യുദ്ധത്തിലായിരുന്ന ഫ്രഞ്ചുകാരെയും സ്‌പെയിൻകാരേയും രമ്യതയിലാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിനോടനുബന്ധിച്ച് സഭാനവീകരണത്തിനുള്ള ഒരു പദ്ധതിയും സാമ്പത്തിക അച്ചടക്കത്തിന് കർദ്ദിനാളന്മാരുടെ ഒരു സംഘം നേതൃത്വം നല്കുന്നതിനെക്കുറിച്ചും മാർപാപ്പ വിശദമായി പ്രതിപാദിച്ചു. സ്ഥാനാരോഹണത്തിനു മുൻപായി ഇടതുകാലിൽ ഒരു ശസ്ത്രക്രിയക്ക് മാർപാപ്പ വിധേയനായി. ഇക്കാരണത്താൽ സ്ഥാനാരോഹണ കുർബാന ഇരുന്നുകൊണ്ടാണ് പിയൂസ് മാർപാപ്പ അർപ്പിച്ചതെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. അധികം കഴിയുന്നതിനു മുൻപ് പനി ബാധിക്കുകയും അതേ തുടർന്ന് 1503 ഒക്ടോബർ 18 -ന് മാർപാപ്പ കാലം ചെയ്യുകയും ചെയ്തു. വി. പത്രോസിന്റെ ബസിലിക്കയിൽ അടക്കിയ അദ്ദേഹത്തിന്റെ ഭൗതീകശരീരം ബസിലിക്ക പുതുക്കിപ്പണിതപ്പോൾ റോമിലെ സാൻ അന്ത്രയാ ദല്ല വാലെ ദേവാലയത്തിലേക്കു മാറ്റുകയുണ്ടായി. പീയൂസ് രണ്ടാമൻ മാർപാപ്പയുടെ കബറും അതിനടുത്തായി സ്ഥിതിചെയ്യുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.