ആധുനികലോകത്തിൽ അവശ്യം വേണ്ട നാല് ക്രിസ്തീയമൂല്യങ്ങൾ

ആധുനികലോകത്തിൽ മനുഷ്യരെല്ലാവരും ഓരോ തിരക്കുകളിലാണ്. നേരം പുലരുമ്പോൾ മുതൽ തുടങ്ങുന്ന ഓട്ടങ്ങൾ. ജോലിസ്ഥലത്തേക്കും തിരിച്ച് വീട്ടിലെ ഉത്തരവാദിത്വങ്ങളുമൊക്കെയായി തിരക്കിട്ട ജീവിതം. ഇത്തരത്തിലുള്ള ഓട്ടപ്പാച്ചിലുകൾക്കിടയിൽ ജീവിതത്തെ ക്രിസ്തീയമാക്കാൻ സഹായിക്കുന്ന ഏതാനും മൂല്യങ്ങളെ നമുക്ക് ഓർത്തുവയ്ക്കാം. മൂല്യങ്ങളിലധിഷ്ഠിതമായ ജീവിതത്തിനേ കൂടുതൽ നൈർമല്യവും ദൃഢതയും അവകാശപ്പെടാൻ കഴിയുകയുള്ളൂ.

1. പങ്കുവയ്ക്കൽ 

ഇന്നത്തെ ലോകത്ത് പലപ്പോഴും അന്യംനിന്നുപോകുന്ന ഒരു മനോഭാവമാണ് പങ്കുവയ്ക്കൽ എന്ന മനോഭാവം. പലപ്പോഴും, ‘ഞാനും എന്റെ കുടുംബവും’ എന്ന ചിന്തയിലേക്കും അവിടെനിന്നും ‘ഞാൻ’ എന്ന ചിന്തയിലേക്കും ആളുകൾ സഞ്ചരിക്കുന്ന കാലഘട്ടമാണ് ഇത്. ഈ സമയം, പരസ്പരം പങ്കുവച്ചതും ഒരു വീട്ടിൽനിന്നും അടുത്തവീട്ടിലേക്ക് ഭക്ഷണത്തിന്റെ പങ്കും മറ്റും എത്തിയിരുന്നതുമായ പഴയ കാലത്തെ ഓർക്കാം. അന്നൊക്കെ ആളുകൾ അനുഭവിച്ചിരുന്ന സന്തോഷവും സ്നേഹവും അതിരുകളില്ലാത്തതായിരുന്നു.

എന്നാൽ, ‘ഞാൻ’ എന്ന മനോഭാവത്തിലേക്ക് ഒതുങ്ങിയപ്പോൾ അവിടെ സ്വാർഥതയും കുശുമ്പും രൂപപ്പെട്ടു. അതിനാൽ പങ്കുവയ്ക്കലിന്റെ മനോഭാവം കുടുംബങ്ങളിൽ വളർത്തിയെടുക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. സ്നേഹമുള്ള, സഹകരണമുള്ള കുടുംബങ്ങൾ വളർന്നുവരാൻ പങ്കുവയ്ക്കൽ എന്ന മൂല്യം അത്യന്താപേക്ഷിതമാണ്.

2. എങ്ങനെ മറയ്ക്കാം എന്നല്ല, ബന്ധങ്ങൾ എങ്ങനെ സൂക്ഷിക്കാം എന്നു പഠിക്കുക 

ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നത് കൂട്ടായ്മയുടെ അനുഭവത്തിലേക്കാണ്. സഭ എന്ന നിലയിൽ ഒരു കുടുംബമായി ദൈവത്തിലേക്ക് യാത്ര ചെയ്യുന്നവരാണ് നമ്മൾ ഓരോരുത്തരും. ഈ അർഥത്തിൽ, നാം ആയിരിക്കുന്ന ചുറ്റുപാടുകളിൽ വിശുദ്ധമായ ബന്ധങ്ങൾ വളർത്തിയെടുക്കേണ്ടത് ആവശ്യമാണ്.

നാം ഒറ്റയ്ക്കായിരിക്കുമ്പോൾ, പ്രതിസന്ധികളിൽ പെട്ടെന്നു തളർന്നുപോകും. എന്നാൽ സഹായിക്കാനും ഓടിവരാനും ആളുണ്ടാകുമ്പോൾ നാം കരുത്തരാകും. അതിനാൽ നാം ആയിരിക്കുന്ന ഇടങ്ങളിൽ, പ്രവർത്തനമേഖലകളിൽ, കളിസ്ഥലങ്ങളിൽ, ഇടവകയിലെല്ലാം ആളുകളിൽ നിന്ന് മാറിനിൽക്കാതെ അവരോട് ചേർന്നുനിൽക്കാൻ ശ്രമിക്കാം.

3. ദൈവത്തിൽ ആശ്രയിക്കാം

ഇന്നത്തെ ലോകത്തിൽ അവശ്യം വേണ്ട ഒന്നാണ് ദൈവാശ്രയബോധം. കാരണം, എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകും. അത് പലവിധത്തിലും രൂപത്തിലും ആണെന്നുമാത്രം. ഈ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിക്കാൻ ദൈവാശ്രയബോധത്തിലൂടെ മാത്രമേ കഴിയുകയുള്ളൂ. നമ്മുടെ സങ്കടങ്ങൾ കേൾക്കാനും അതിന് ഉത്തരം നൽകാനും മുകളിൽ ഒരാളുണ്ടെന്ന വിശ്വാസം നൽകുന്ന ആശ്വാസവും ധൈര്യവും ചെറുതല്ല. അതിനാൽ ആഴമായ ദൈവാശ്രയബോധം ഇന്നത്തെ ലോകത്ത് നമുക്ക് ആവശ്യമാണ്.

4. പ്രതീക്ഷകൾ പങ്കുവയ്ക്കാം

ഇന്നത്തെ ലോകത്ത് പലരും പരാതികളുടെ വലിയ ഭാണ്ഡം ചുമക്കുന്നവരാണ്. എനിക്ക് അതില്ല, ഇതില്ല തുടങ്ങിയ പരാതികളുടെ പട്ടിക നിരത്താനാണ് പലർക്കും താല്പര്യം. എന്നാൽ ഇല്ലായ്മകൾക്കപ്പുറം ഉള്ളതിൽ സംതൃപ്തി കണ്ടെത്താനും പ്രതീക്ഷയോടെ കാത്തിരിക്കാനും ആ പ്രതീക്ഷ പങ്കുവയ്ക്കാനും നമുക്ക് പരിശ്രമിക്കാം. അങ്ങനെ ചെയ്യുമ്പോൾ ജീവിതം കുറച്ചുകൂടെ പോസിറ്റിവായി കൊണ്ടുപോകാൻ നമുക്ക് സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.