വിയറ്റ്നാമിലെ കത്തോലിക്കാ മെത്രാനും കർദിനാളുമായിരുന്ന ഫ്രാൻസിസ് സേവ്യർ ങുയെൻ വാൻ ത്വാനെ 1975-ൽ വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് അറസ്റ്റ് ചെയ്യുകയും പതിമൂന്നു വർഷം തടവിലാക്കുകയും ചെയ്തു; അതിൽ ഒമ്പതു വർഷവും ഏകാന്തതടവായിരുന്നു ശിക്ഷ. 1991-ൽ അദ്ദേഹത്തെ വിയറ്റ്നാമിൽ നിന്ന് നാടുകടത്തി. തടവറയിലെ ഏകാന്ത അനുഭവങ്ങളെ ‘Five Loaves and Two Fish’ – ‘അഞ്ച് അപ്പവും രണ്ട് മത്സ്യവും’ എന്ന ഗ്രന്ഥത്തിൽ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രസ്തുതഗ്രന്ഥത്തിലെ നാല് അധ്യായം ‘The Fourth Loaf The Eucharist: My Only Strength’ (ദിവ്യകാരുണ്യം എന്റെ ഏകശക്തി) എന്നതാണ്. അതിൽ കർദിനാൾ ഫ്രാൻസിസ് സേവ്യർ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “എന്നെ അറസ്റ്റ് ചെയ്തപ്പോൾ വെറുംകൈകളോടെ എനിക്ക് തടവറയിലേക്കു പോകേണ്ടിവന്നു. അടുത്ത ദിവസം എനിക്ക് ഏറ്റവും ആവശ്യമുള്ള കാര്യങ്ങൾ രേഖാമൂലം ആവശ്യപ്പെടാൻ അവർ എന്നെ അനുവദിച്ചു: വസ്ത്രങ്ങൾ, ടൂത്ത് പേസ്റ്റ് തുടങ്ങിയവ. ദയവുചെയ്ത് എന്റെ വയറിന്റെ അസുഖത്തിന് ഒരു മരുന്ന് അയച്ചുതരാമോ എന്ന് ഞാൻ എഴുതി. വിശ്വാസികൾക്ക്, ഞാൻ ഉദ്ദേശിച്ചത് മനസ്സിലായി. അവർ കുർബാനയ്ക്ക് ഒരു ചെറിയ കുപ്പി വീഞ്ഞ് അയച്ചു. അവർ അതിൽ ‘വയറുവേദനയ്ക്കുള്ള മരുന്ന്’ എന്ന ലേബൽ പതിച്ചിരുന്നു; അതിനൊപ്പം ടോർച്ചിൽ കുറേ ഓസ്തികളും വിശ്വാസികൾ തന്നിരുന്നു. എനിക്ക് ഒരിക്കലും എന്റെ സന്തോഷം പ്രകടിപ്പിക്കാൻ കഴിയുമായിരുന്നില്ല. എല്ലാ ദിവസവും, മൂന്നുതുള്ളി വീഞ്ഞും ഒരുതുള്ളി വെള്ളവും കൈവെള്ളയിൽ വച്ച് ഞാൻ വിശുദ്ധ കുർബാന അർപ്പിച്ചിരുന്നു.
ചില സാഹചര്യങ്ങളിൽ എല്ലാവരും കളി കഴിഞ്ഞ് കുളിക്കാൻ പോകുന്ന സമയങ്ങളിൽ ഞാൻ ദിവ്യബലി അർപ്പിച്ചു. ക്യാമ്പുകൾ പുനഃക്രമീകരിച്ചപ്പോൾ തടവുകാരെ അമ്പതു പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ചിരുന്നു. അത്തരം സന്ദർഭങ്ങളിൽ തടവുകാരോടൊപ്പം രാത്രികാലങ്ങളിൽ ചിലപ്പോൾ വിശുദ്ധ ബലി അർപ്പിച്ചിരുന്നു.
ഞങ്ങൾ സാധാരണ കിടക്കകളിൽ ഉറങ്ങി. എല്ലാവർക്കും അമ്പതു സെന്റീമീറ്റർ സ്ഥലത്തിനുള്ള അവകാശമുണ്ടായിരുന്നു. എന്റെ അടുത്ത് അഞ്ച് കത്തോലിക്കർ വരുന്ന രീതിയിൽ കാര്യങ്ങൾ ക്രമീകരിച്ചിരുന്നു. രാത്രി 9.30-ന് ലൈറ്റുകളണച്ച് എല്ലാവരും ഉറങ്ങാൻ കിടക്കുമ്പോൾ കുർബാന അർപ്പിക്കാനായി ഞാൻ എണീറ്റിരുന്നു. ഓർമ്മയിൽ പ്രാർത്ഥനകൾ ഉരുവിട്ടു നടത്തിയ ബലിയർപ്പണങ്ങൾ… സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാ! കൊതുകുവലയുടെ ചുവട്ടിലൂടെ എന്റെ സഹദോരന്മാർക്ക് ഞാൻ കുർബാന നൽകിയപ്പോൾ അവർ അനുഭവിച്ച ആനന്ദം വാക്കുകൾക്കതീതം! വിശുദ്ധ കുർബാന സൂക്ഷിക്കുന്നതിനായി സിഗരറ്റുകൂടിൽ ഞങ്ങളുണ്ടാക്കിയ സക്രാരി… ദിവ്യകാരുണ്യ ഈശോയെ എപ്പോഴും എന്റെ ഷർട്ടിന്റെ പോക്കറ്റിൽ ഞാൻ സൂക്ഷിച്ചിരുന്നു.”
വിശുദ്ധ കുര്‍ബാനയുടെ ശക്തി സ്വന്തം ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ കർദിനാൾ വാൻ ത്വാനെപ്പോലെ വിശുദ്ധ കുർബാനയിൽ നിന്നു ശക്തി സ്വീകരിക്കാൻ നമുക്കും പഠിക്കാം. കാരണം “ദൈവമാണ് എന്റെ സുശക്ത സങ്കേതം. എന്റെ മാര്‍ഗം അവിടുന്ന് സുരക്ഷിതമാക്കുന്നു” (2 സാമു. 22:33).
ഫാ. ജയ്സൺ കുന്നേൽ MCBS