
ദൈവത്തിന്റെ സൃഷ്ടികളായ ഓരോ ജീവജാലത്തെയും സ്നേഹത്തോടെയും കരുണയോടെയും പരിഗണിക്കാൻ വിശുദ്ധരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. മനുഷ്യരോട് മാത്രമല്ല, പക്ഷികളോടും മൃഗങ്ങളോടും പോലും സ്നേഹപൂർവം ഇടപഴകുകയും അവയുമായി അദ്ഭുതകരമായ ബന്ധം പുലർത്തുകയും ചെയ്ത വിശുദ്ധരുണ്ട്. പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള അവരുടെ സ്നേഹവും കരുണയും ദൈവസൃഷ്ടിയോടുള്ള ആഴമായ ആദരവിന്റെ ഉദാഹരണങ്ങളാണ്.
1. വിശുദ്ധ ജോസഫ് കുപ്പെർത്തീനോ
17-ാം നൂറ്റാണ്ടിലെ ഫ്രാൻസിസ്കൻ സന്യാസിയായിരുന്ന വിശുദ്ധ ജോസഫ് കുപ്പെർത്തീനോയ്ക്ക് പക്ഷികളുമായി പ്രത്യേകമായൊരു അടുപ്പമുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അദ്ദേഹം പ്രാർഥിക്കുമ്പോൾ പക്ഷികൾ ചുറ്റും കൂടുകയും നിശ്ശബ്ദമായി അദ്ദേഹത്തോടൊപ്പം കഴിയുകയും ചെയ്യുമായിരുന്നു. തുമ്പികൾ പോലും അദ്ദേഹത്തെ പിന്തുടർന്ന് നടക്കുമായിരുന്നു.
2. വിശുദ്ധ ബെനഡിക്ട്
വിശുദ്ധ ബെനഡിക്ടുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരു കാക്ക ദിവസവും അദ്ദേഹത്തിന്റെ കയ്യിൽനിന്ന് അപ്പം വാങ്ങുമായിരുന്നു. ഒരിക്കൽ ഒരു പുരോഹിതൻ വിഷം കലർത്തിയ അപ്പം അദ്ദേഹത്തിന് നൽകിയപ്പോൾ, അത് കാക്കയോട് കൊണ്ടുപോയി കളയാൻ വിശുദ്ധൻ ആവശ്യപ്പെട്ടു. വിശുദ്ധന്റെ വാക്കുകൾ അനുസരിച്ച കാക്ക ആ അപ്പം അവിടെനിന്ന് കൊണ്ടുപോയി കളഞ്ഞുവെന്നാണ് വിശ്വാസം.
3. വിശുദ്ധ ഫ്രാൻസിസ് സേവ്യർ
1546-ൽ ഇന്തോനേഷ്യയിലേക്കുള്ള യാത്രയ്ക്കിടെ കടലിൽ വീണുപോയ തന്റെ കുരിശ് ഒരു ഞണ്ട് തിരികെ കൊണ്ടുവന്ന് വിശുദ്ധ ഫ്രാൻസിസ് സേവ്യറിന് നൽകിയതായി പറയപ്പെടുന്നു. കടലിൽ നഷ്ടപ്പെട്ട കുരിശ് ഒരു ഞണ്ട് തിരികെ എത്തിച്ച ഈ സംഭവം അദ്ദേഹത്തിന്റെ ജീവിതത്തിലെ അദ്ഭുതകരമായ സംഭവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
4. വിശുദ്ധ അന്തോണി അബ്ബ
മൃഗങ്ങളുടെ മധ്യസ്ഥനായി അറിയപ്പെടുന്ന വിശുദ്ധനാണ് അന്തോണി അബ്ബ. വിശുദ്ധ പൗലോസ് സന്യാസിയുടെ ശവക്കുഴി കുഴിക്കാൻ രണ്ട് സിംഹങ്ങൾ അദ്ദേഹത്തെ സഹായിച്ചുവെന്നാണ് വിശ്വാസം. ഈ സംഭവത്തിന്റെ ഓർമയ്ക്കായി ജനുവരി 17-ന് പല രാജ്യങ്ങളിലും മൃഗങ്ങൾക്ക് പ്രത്യേക അനുഗ്രഹം നൽകുന്ന പതിവുണ്ട്.
5. വിശുദ്ധ മാർട്ടിൻ ഡി പോറസ്
എല്ലാ ജീവജാലങ്ങളോടും ഒരുപോലെ കരുണയും സ്നേഹവും കാണിച്ചിരുന്ന വിശുദ്ധനായിരുന്നു മാർട്ടിൻ ഡി പോറസ്. കൊതുകുകൾക്ക് പോലും ഭക്ഷിക്കാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു. പൂച്ചയും നായയും എലിയും തമ്മിൽ ശത്രുതയില്ലാതെ ഒരേ പാത്രത്തിൽനിന്ന് ഭക്ഷണം കഴിക്കാൻ അദ്ദേഹം പഠിപ്പിച്ചിരുന്നുവെന്നും പറയപ്പെടുന്നു. ജീവജാലങ്ങൾ തമ്മിലുള്ള സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും മനോഹരമായൊരു ഉദാഹരണമായിരുന്നു അത്.
6. വിശുദ്ധ സെറാഫിം സറോവ്
റഷ്യയിലെ വനാന്തരത്തിൽ ഏകാന്തജീവിതം നയിച്ചിരുന്ന വിശുദ്ധ സെറാഫിം സറോവിന് ഒരു കരടി വിശ്വസ്ത സുഹൃത്തായി മാറി. വിശുദ്ധൻ നൽകുന്ന അപ്പം ആ കരടി സ്നേഹത്തോടെ സ്വീകരിക്കുമായിരുന്നു. വനത്തിലെ ഈ വലിയ മൃഗം അദ്ദേഹത്തോട് കാണിച്ചിരുന്ന സൗഹൃദവും വിശ്വാസവും അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറെ ശ്രദ്ധേയമായ സംഭവമായി മാറി.
7. വിശുദ്ധ ജെറാസിമസ്
പലസ്തീനിലെ മരുഭൂമിയിൽ സന്യാസജീവിതം നയിച്ചിരുന്ന വിശുദ്ധ ജെറാസിമസിന്റെ ജീവിതത്തിലും ഒരു സിംഹത്തിന് പ്രത്യേക സ്ഥാനമുണ്ട്. ഒരിക്കൽ കാലിൽ മുള്ള് കയറി വേദനിച്ചുകൊണ്ടിരുന്ന ഒരു സിംഹത്തെ അദ്ദേഹം കാണുകയും അതിന്റെ മുറിവ് സ്നേഹത്തോടെ പരിചരിക്കുകയും ചെയ്തു. അതിനുശേഷം ആ സിംഹം വിശുദ്ധന്റെ വിശ്വസ്ത കൂട്ടുകാരനായി മാറി. വിശുദ്ധൻ മരിച്ചപ്പോൾ അദ്ദേഹത്തോടുള്ള സ്നേഹവും ദുഃഖവും കാരണം സിംഹവും കല്ലറയ്ക്കരികിൽ കിടന്ന് മരിച്ചുവെന്നാണ് വിശ്വാസം.
8. പാദുവായിലെ വി. അന്തോണിസ്
റിമിനിയിൽ ആളുകൾ തന്റെ പ്രസംഗം കേൾക്കാൻ തയ്യാറാകാതിരുന്നപ്പോൾ വിശുദ്ധ അന്തോണിസ് കടൽക്കരയിലേക്ക് പോയി മത്സ്യങ്ങളോട് ദൈവവചനം പ്രസംഗിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാനെന്നപോലെ നൂറുകണക്കിന് മത്സ്യങ്ങൾ വെള്ളത്തിൽനിന്ന് തല ഉയർത്തി നിശ്ശബ്ദമായി നിന്നുവെന്നാണ് പറയപ്പെടുന്നത്. ഈ അത്ഭുതകരമായ കാഴ്ച കണ്ട പലരുടെയും മനസ്സ് മാറുകയും അവർ വിശുദ്ധന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുകയും ചെയ്തു.
വിശുദ്ധരുടെ ജീവിതകഥകൾ നമ്മെ ഓർമിപ്പിക്കുന്നത് ഒരു മനോഹരമായ സത്യമാണ്: മൃഗങ്ങളും പക്ഷികളും ഉൾപ്പെടെ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും ദൈവത്തിന്റെ സൃഷ്ടികളാണ്. അവയോട് സ്നേഹവും കരുണയും കാണിക്കുമ്പോൾ ദൈവത്തിന്റെ സൃഷ്ടിയോടുള്ള നമ്മുടെ ആദരവാണ് പ്രകടമാകുന്നത്. മനുഷ്യനോടു മാത്രമല്ല, നമുക്ക് ചുറ്റുമുള്ള ഓരോ ജീവിയോടും കരുണയോടെ പെരുമാറാൻ കഴിയട്ടെ. കാരണം, കരുണ നിറഞ്ഞ ഒരു ഹൃദയത്തിന് ദൈവത്തിന്റെ സൃഷ്ടികളോട് ഭാഷയുടെ അതിരുകളില്ലാതെ സ്നേഹത്തോടെ സംസാരിക്കാനാകും.
വിവർത്തനം: ഡിൻസി തോമസ്




