ക്രിസ്മസ് കഥ

അപ്പാപ്പന്റെ കൂടെ ആദ്യമായി പുൽക്കൂട് കാണാൻ പോയതായിരുന്നു അഞ്ച് വയസുകാരൻ.

“എന്തുകൊണ്ടാണ് ഈശോപ്പ കാലിത്തൊഴുത്തിൽ ജനിച്ചത്?”
കുഞ്ഞ് അപ്പാപ്പനോടു ചോദിച്ചു.

“അതിന് രണ്ട് കാരണങ്ങളുണ്ട്.”

അപ്പാപ്പൻ തുടർന്നു. “ഒന്നാമത്തേത്, മനുഷ്യൻ വസിക്കുന്നിടത്ത് അവന് ആരും
ഇടം കൊടുത്തില്ല. യൗസേപ്പിതാവും മാതാവും വാതിലുകൾ പലതും മുട്ടിയെങ്കിലും ആരും അവരെ ആ രാത്രി സ്വീകരിച്ചില്ല. രണ്ടാമത്തെ കാരണം, അവൻ ഏറ്റവും എളിയവനും ഏവർക്കും സമീപസ്ഥനും ആകാൻ തീരുമാനിച്ചു. അതുകൊണ്ട് ആർക്കും കടന്നുചെല്ലാവുന്ന, എല്ലാവർക്കും കാണാവുന്ന കാലിത്തൊഴുത്ത് അവൻ തിരഞ്ഞെടുത്തു.”

“അപ്പാപ്പ, എന്നാലും മനുഷ്യർ എന്തൊരു ദുഷ്ടരാ അല്ലേ? ഉണ്ണീശോയ്ക്ക് ഇടം കൊടുക്കാതെ മറ്റാർക്കാണ് അവർ ഇടം കൊടുക്കുന്നത്?”

“മോനേ, ഇന്നും മനുഷ്യർ അങ്ങനെ തന്നെയാണ്. അവർക്ക് ദൈവത്തേക്കാൾ
പ്രിയം മറ്റു പലതിനെയുമാണ്. ഈ രാത്രിയിലും അവസരങ്ങൾ ഏറെയുണ്ടായിട്ടും ദിവ്യബലിക്കു പോകാതെ ആഘോഷങ്ങൾക്കു പിറകെ പോകുന്നവർ അനേകരുണ്ട്. എന്നാലും ദൈവം അവരെ ആരെയും കൈവിടുന്നില്ല. അവർക്കു വേണ്ടിക്കൂടിയാണ് അവിടുന്ന് മനുഷ്യനായ് ജനിച്ചത്.”

വിശുദ്ധ കുർബാനക്കു ശേഷം ഉണ്ണീശോയെ ചുംബിച്ചപ്പോൾ ആ കുരുന്ന് ഇങ്ങനെ പറഞ്ഞു: “എന്റെ ഉണ്ണീശോയേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്നെ മറക്കാതിരിക്കാൻ കൃപ നൽകണമെ.”

ക്രിസ്മസിന്റെ ഈ ദിവസത്തിൽ മനസിൽ തെളിഞ്ഞുവന്ന ഒരു കൊച്ചുകഥ കുറിച്ചെന്നു മാത്രം. നമ്മുടെ ജീവിതത്തിൽ കുറവുകൾ ഏറെയുണ്ടെങ്കിലും വീണ്ടും നിപതിക്കുന്ന പാപക്കുഴികൾ ഉണ്ടെങ്കിലും അസ്വസ്ഥതകളും ആകുലതകളും നിറയുന്നുണ്ടെങ്കിലും നമ്മെ ചേർത്തുപിടിക്കാൻ ദൈവമുണ്ട് എന്ന  ഓർമ്മപ്പെടുത്തലാണ് കാലിത്തൊഴുത്തിൽ പിറന്നവൻ നൽകുന്നത്. പൂൽക്കൂട്ടിലെ ശിശു ഒരു സാധാരണ ശിശുവല്ല; ദൈവപുത്രനാണ് – നമ്മുടെ രക്ഷകൻ. അവന് അറിയാത്തതായും അവൻ അറിയാത്തതായും നമ്മുടെ ജീവിതത്തിൽ ഒന്നുമില്ല. ഈ ഉറപ്പോടെ നമുക്കും പുൽക്കൂട്ടിലേക്ക് യാത്ര തിരിക്കാം.

അതെ, മാലാഖയുടെ സന്ദേശം ഇന്നും കാതുകളിൽ മുഴങ്ങുന്നുണ്ട്: “ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ – കര്‍ത്താവായ ക്രിസ്‌തു ഇന്ന് ജനിച്ചിരിക്കുന്നു” (ലൂക്കാ 2:11).

ഏവർക്കും ക്രിസ്മസ് മംഗളങ്ങൾ

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.