കുഞ്ഞുമക്കൾക്ക് ദൈവവുമായി സൗഹൃദം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു എളുപ്പമാർഗമിതാ

നമ്മളുടെ കുട്ടികൾ അവരുടെ സ്വന്തം ഇഷ്ടപ്രകാരം പ്രാർഥിക്കുന്നതും ദൈവത്തോടൊപ്പം സമയം ചെലവഴിക്കുന്നതും കാണുന്നതിനേക്കാൾ വലിയൊരു സന്തോഷം വേറെയുണ്ടാവില്ല. എന്നാൽ ഈ വിധത്തിൽ ഒരു ആത്മീയതയിലേക്ക് കുട്ടികൾ തനിയെ എത്തുകയില്ല. അതിന് മാതാപിതാക്കളുടെ സ്ഥായിയായ പരിശ്രമവും പിന്തുണയും ആവശ്യമാണ്. കുഞ്ഞുമക്കളെ പ്രാർഥിക്കാൻ ഇഷ്ടപ്പെടുന്നവരായി മാറ്റാൻ മാതാപിതാക്കളെ സഹായിക്കുന്ന ഏതാനും കുറുക്കുവഴികൾ ഇതാ…

1. ഗാനരൂപത്തിൽ പ്രാർഥിക്കാൻ പഠിപ്പിക്കാം

ദൈവവുമായുള്ള കുട്ടികളുടെ സൗഹൃദം വളർത്തിയെടുക്കാൻ വീട്ടിൽ ചെയ്യാവുന്ന ഒരു ചെറിയ കാര്യം, പ്രാർഥനാഗാനങ്ങളും ഭക്തിഗാനങ്ങളും പഠിക്കുകയും പാടുകയും ചെയ്യുക എന്നതാണ്. പള്ളിയിൽ കേൾക്കുന്ന സ്തുതിഗീതങ്ങളും ആരാധനാനങ്ങളും വീട്ടിലും ആവർത്തിക്കാം. സന്ധ്യാപ്രാർത്ഥനയിലും മറ്റും ഒരു ഭക്തിഗാനമെങ്കിലും ഉൾപ്പെടുത്തുന്നതും ആ ഗാനം ഏതാണെന്ന്  തിരഞ്ഞെടുക്കാൻ കുട്ടികളെ അനുവദിക്കുന്നതും വളരെ നല്ല കാര്യം തന്നെ.

2. നന്ദി പറയാൻ പഠിപ്പിക്കാം

പ്രാർഥിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് നന്ദി പ്രകാശിപ്പിക്കുക എന്നത്. എല്ലാ ദിവസവും ദൈവത്തിന് നന്ദിപറയാൻ പഠിക്കുന്നത്, ദൈവത്തിന്റെ എണ്ണമില്ലാത്ത അനുഗ്രഹങ്ങളും അനന്തമായ കരുണയും ശ്രദ്ധിക്കാൻ നമ്മെ സഹായിക്കുക മാത്രമല്ല, അത് നമ്മെ കൂടുതൽ സന്തോഷിപ്പിക്കുകയും ചെയ്യുന്നു.

ഓർത്തിരിക്കാൻ എളുപ്പമുള്ളതും നമ്മുടേതായ രീതിയിൽ വാക്കുകൾ കൂട്ടിച്ചേർക്കാനും ഈണത്തിൽ പാടാനും സാധിക്കുന്ന ചെറിയ ഗാനങ്ങൾ മനഃപ്പാഠമാക്കുന്നത് കാര്യങ്ങൾ കൂടുതൽ എളുപ്പത്തിലാക്കും. എല്ലാ രാത്രിയിലും ഉറങ്ങുന്നതിനുമുമ്പ് ഈ ഗാനം പാടാവുന്നതാണ്. ആ ദിവസത്തിൽ സംഭവിച്ച, നന്ദി പറയേണ്ട എന്തെങ്കിലുമുണ്ടെങ്കിൽ പാട്ടിൽ ചേർക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാം. ദൈവവുമായുള്ള സൗഹൃദം കെട്ടിപ്പടുക്കാൻ ഒരു ഗാനം തന്നെ വേണമെന്നില്ല. കുട്ടികൾ ഇഷ്ട്ടപ്പെടുന്ന എന്തുമാവാം. അത് ദൈവവുമായുള്ള കുട്ടികളുടെ ബന്ധം ഊട്ടിയുറപ്പിക്കുന്ന ഒരു മാധ്യമം മാത്രമാണ്.

3. ബെഡ്റൂമുകൾ രൂപക്കൂടുകളായി മാറട്ടെ

കുട്ടികളുടെ ബെഡ്റൂമിന്റെ ഒരു ഭാഗം രൂപക്കൂടായി കാത്തുസൂക്ഷിക്കുന്നതിൽ ഒരു തെറ്റുമില്ല. പ്രാർഥന മാത്രമല്ല, മുറിയിലെ വിശുദ്ധന്മാരുടെ രൂപങ്ങളും കുരിശും അവരെ ദൈവബോധത്തിലേക്ക് അടുപ്പിക്കുക തന്നെ ചെയ്യും. ഒപ്പം, പ്രഭാതത്തിൽ തങ്ങളുടെ മുന്നിലിരിക്കുന്ന ക്രിസ്തുരൂപം കുട്ടികളിൽ ദൈവികചിന്ത നിറയ്ക്കുന്നതിനും പോസിറ്റിവായി നിൽക്കുന്നതിനും കാരണമാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.