സൈബർ വിചാരണ നേരിടുന്ന അലോഹ

ഫാ. ബിബിൻ മഠത്തിൽ

കൗമാരക്കാരോട് മറ്റുള്ളവർ എങ്ങനെ പെരുമാറണമെന്ന് കഴിഞ്ഞ ആഴ്ച ക്ളാസ് എടുത്തവരാണ് ഈ വിചാരണക്കാരിൽ ഭൂരിഭാഗവും എന്നതാണ് കൗതുകകരമായ വസ്തുത. ഫാ. ബിബിൻ മഠത്തിൽ എഴുതുന്നു.   

തന്റേതായ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അലോഹ ബെന്നി എന്ന കൗമാരക്കാരി സൈബർ വിചാരണ നേരിടുകയാണ്‌. കൗമാരക്കാരോട് മറ്റുള്ളവർ എങ്ങനെ പെരുമാറണമെന്ന് കഴിഞ്ഞ ആഴ്ച ക്ളാസ് എടുത്തവരാണ് ഈ വിചാരണക്കാരിൽ ഭൂരിഭാഗവും എന്നതാണ് കൗതുകകരമായ വസ്തുത. മറ്റൊരു വിചിത്രമായ സംഗതി കൂടയുണ്ട്, മക്കളായാലും സ്വതന്ത്രവ്യക്തിത്വങ്ങളാണെന്നു വാദിച്ച ചിലരൊക്കെ അലോഹയുടെ അഭിപ്രായപ്രകടനത്തിന് അവളുടെ അപ്പനെ വരെ ചീത്ത വിളിക്കുന്നുണ്ട്.

അഭിപ്രായസ്വാതന്ത്രം അവരുടെ മാത്രം അവകാശമാണെന്നും തങ്ങളുടെ അഭിപ്രായത്തോട് യോജിക്കാത്തവരെല്ലാം അധമന്മാരാണെന്നും ഒക്കെയാണ് ഇക്കൂട്ടർ വിചാരിച്ചുവച്ചിരിക്കുന്നത്. ആ വിരുദ്ധാഭിപ്രായം പറയുന്നത് മാമ്മോദീസാവെള്ളം തലയിൽ വീണ ആരെങ്കിലുമാണെങ്കിൽ പിന്നെ ‘ക്രിസംഘി’ എന്നാണ് പരിചയപ്പെടുത്താറ്. ചില മാ.ക്രികളും (മാർക്സിസ്റ്റ് ക്രിസ്ത്യാനികളും) കോ.ക്രികളും (കോൺഗ്രസ് ക്രിസ്ത്യാനികളും) ഒക്കെയാണ് ഇത്തരത്തിലെ ചാപ്പകുത്തലുകൾക്ക് മുമ്പിൽ നിൽക്കുന്നത്. ‘ക്രിസംഘി’ എന്നുവിളിച്ചാൽ രോമമാണ് എന്നു കരുതിയായൽ തീരാവുന്ന പ്രശ്നമേ ഈ മാക്രികളും കോക്രികൾമൊക്കെ ഉണ്ടാകുന്നുള്ളൂ എന്നതാണ്  വാസ്തവം.

സുഹൃത്തേ, നോക്കൂ, സ്വന്തം സമുദായത്തെ സ്നേഹിച്ചാൽ ഒരുവൻ ക്രിസംഘി ആകുമെങ്കിൽ, ഞാനും ഒരു ക്രിസംഘിയാണ്. ഇടതുപക്ഷവും വലതുപക്ഷവും മത്സരിച്ചു പ്രീണിപ്പിക്കാൻ എൻ്റേത് വോട്ടുബാങ്കുള്ള ഒരു സമുദായമല്ലായെന്ന് അറിയാം. അത്തരം വോട്ടുബാങ്കുള്ളവരുടെ കാലിൽ നിങ്ങൾ വീഴുന്നുണ്ടെന്നും അറിയാം. എന്തായാലും ആ ഗതികേട് ഇല്ലാത്തതുകൊണ്ട് നിങ്ങളുടെ അജണ്ടകൾക്ക് നിന്നുതരാൻ താത്പര്യമില്ല. ഒരു അലോഹയെ സൈബർ വിചാരണ ചെയ്താൽ ഈ പ്രതിരോധം അങ്ങ് തീരുമെന്ന് ആരും കരുതണ്ട. ആക്രമിക്കാനാണു ഭാവമെങ്കിൽ പ്രതിരോധിക്കാനും ആളു കാണും എന്ന കാര്യം ഓർത്തിരുന്നോളൂ. അതിപ്പോ സഭയെ ആയാലും സമുദായത്തെ ആയാലും സഭാമക്കളെ ആയാലും.

ഫാ. ബിബിൻ മഠത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.