“എന്നെ കൊന്നോളൂ. പക്ഷേ, എന്റെ കൂടെയുള്ളവരെ കുമ്പസാരിപ്പിക്കാൻ അനുവദിക്കണം”: മരണത്തോളം കൂദാശകളെ സ്നേഹിച്ച ഒരു വൈദികൻ

യുദ്ധത്തെക്കുറിച്ചുള്ള ചിത്രങ്ങളും വാർത്തകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി പരക്കം പായുന്ന ആളുകൾ. ഈ അവസരത്തിൽ സ്വന്തം ജീവൻ നഷ്ടപ്പെടുന്ന വേളയിലും കൂടെയുള്ളവരെ കുമ്പസാരിപ്പിക്കാൻ അനുവദിക്കണമെന്ന് പറഞ്ഞുകൊണ്ട് മരണം വരിച്ച ഒരു വൈദികനെക്കുറിച്ച് അറിയാം.

സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ രക്തസാക്ഷിയായ ഫാ. കെയ്റ്റാനോ ഗിമെനെസ് മാർട്ടിനെസ്. നല്ലവനും വിവേകിയുമായ ഈ വൈദികനെ ഫെബ്രുവരി 26 -ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. സ്പാനിഷ് ആഭ്യന്തരയുദ്ധ കാലത്ത് (1936-1939) കമ്മ്യൂണിസ്റ്റ് വിഭാഗം നടത്തിയ മതപീഡനത്തിൽ നിരവധി പേർ രക്തസാക്ഷികളായി. അവരിലൊരാളാണ് ഫാ. കെയ്റ്റാനോ.

ഭക്തനും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തിരുന്നയാളും ജ്ഞാനിയും എളിമയും വിവേകവുമുള്ള കർത്താവിന്റെ ശുശ്രൂഷകനുമായിരുന്നു അദ്ദേഹം. വിശുദ്ധ കുർബാനയോട് നല്ല ഭക്തിയുള്ള വ്യക്തിയും നീണ്ട സമയം ദിവ്യകാരുണ്യ ആരാധനയിൽ ചിലവഴിക്കുകയും ചെയ്യുക എന്നത് അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു.

1936 ജൂലൈ 23 -ന്, ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഒരു ട്രക്കിൽ അവിടെ നിന്നും പലായനം ചെയ്യാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. പക്ഷേ, തന്റെ ഇടവകയിൽ തുടരാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. എന്നാൽ, തന്റെ പള്ളി കത്തിനശിച്ചതിനെ തുടർന്ന് ഒരു ഡോക്ടറുടെ സുഹൃത്തിന്റെ വീട്ടിൽ ഒളിക്കേണ്ടി വന്നു. ഒടുവിൽ അക്രമികൾ അദ്ദേഹത്തെ കണ്ടെത്തി.

മൂന്നു ദിവസത്തേക്ക് തടവിലാക്കിയ അദ്ദേഹത്തെ മറ്റ് ആറു പേരോടൊപ്പം ഗ്രാനഡയിലെ ലോജ പട്ടണത്തിലെ സെമിത്തേരിയിലേക്കു കൊണ്ടുപോയി. അവിടെ വച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. അവിടെ, മരണത്തെ മുഖാഭിമുഖം കണ്ട് നിൽക്കുമ്പോൾ തന്റെ ആരാച്ചാർമാരോട് തന്നെ അവസാനം കൊല്ലണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കാരണം, മരിക്കുന്നതിനു മുൻപ് തന്റെ കൂടെയുള്ളവരെ കുമ്പസാരിപ്പിക്കാനായിരുന്നു അത്. അതിനാൽ മരണത്തിന് തൊട്ടു മുമ്പ് തന്റെ കൂടെയുള്ള ഓരോരുത്തർക്കും പാപമോചനം നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു. മരിക്കുമ്പോൾ 69 വയസായിരുന്നു അദ്ദേഹത്തിന്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.