വിവേകത്തോടെ അകലം പാലിക്കേണ്ട ആറുതരം ആളുകൾ

അറിഞ്ഞോ അറിയാതെയോ വിഷക്കൂടുകളായ ആളുകളുമായി ഇടപഴകേണ്ട സാഹചര്യം എല്ലാ മനുഷ്യർക്കും ഉണ്ടാവാം. യാതൊരു തെറ്റും ചെയ്തിട്ടില്ലെങ്കിലും നമ്മെ കുറ്റബോധത്തിലാക്കുകയും അതുവഴി മുതലെടുക്കുകയും ചെയ്യുന്നവർ. അത്തരക്കാർ ആരൊക്കെയെന്ന് നമുക്ക് അറിയാമെങ്കിലും അവരുടെ ഉള്ളിലെ വിഷം പലപ്പോഴും നാം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. ഇത്തരത്തിൽ വിഷമയമായ വ്യക്തിത്വങ്ങളുള്ള ആറു തരം ആളുകളെ പരിചയപ്പെടാം.

1. അസൂയക്കാർ

എപ്പോഴും കുറ്റം കണ്ടുപിടിക്കുന്നവരാണ് ഇത്തരക്കാർ. തങ്ങളുടെ വാക്കുകൾ കൊണ്ടും നെഗറ്റീവ് ചിന്തകൾ കൊണ്ടും കേൾവിക്കാരനെ കടുത്ത നിരാശയിലാക്കും ഇക്കൂട്ടർ. മാത്രമല്ല, ഇവർ ഒരിക്കലും സന്തോഷവാന്മാരായിരിക്കില്ല. മറ്റുള്ളവരുടെ ഉയര്‍ച്ച തടയാനുള്ള ശ്രമത്തിലായിരിക്കും അവരെപ്പോഴും. ഇത്തരക്കാരിൽ നിന്ന് പരമാവധി ഒഴിഞ്ഞു നിൽക്കുന്നതാണ് നല്ലത്.

2. അധികാരം ഭാവിക്കുന്നവർ

എപ്പോഴും മറ്റുള്ളവരെ അടക്കി ഭരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവർ. മറ്റുള്ളവരുടെമേൽ അധികാരവും നിയന്ത്രണവും എപ്പോഴും നിലനിർത്തുക എന്നതാണ് ഇക്കൂട്ടരുടെ ജീവിതലക്ഷ്യം. സ്വന്തം മേലധികാരി ആണെങ്കിൽപ്പോലും ഇത്തരക്കാരെ സഹിക്കാൻ ആളുകൾക്ക് ബുദ്ധിമുട്ടാണ്. എന്നാൽ, ജോലിസ്ഥലങ്ങളിലും മറ്റും ഇത്തരത്തിൽ ചൂഷണം നടത്തുന്നവർക്കെതിരെ നിയമനടപടി എടുക്കാൻ സാധിക്കും. അതുകൊണ്ട് ഇത്തരം അനുഭവങ്ങൾ ഉണ്ടായാൽ നിയമപരമായി നേരിടാൻ മടിക്കരുത്.

3. കൗശലക്കാരൻ

പിടിക്കപ്പെടാത്ത രീതിയിൽ എന്ത് സൂത്രപ്പണി വേണമെങ്കിലും കാണിക്കാൻ കഴിവുള്ളവരാണ് ഇക്കൂട്ടർ. സൗഹൃദം നടിച്ച് നമ്മെ പ്രീതിപ്പെടുത്തും; ചിലപ്പോഴൊക്കെ സഹതാപവും നേടിയെടുക്കും. അതുകൊണ്ട് ഇവരുടെ കള്ളത്തരം പിടിക്കപ്പെടാൻ കാലതാമസമെടുക്കും. നമ്മുടെ ചെറിയൊരു പ്രശ്നം ഇത്തരക്കാരുടെ ഇടപെടലിലൂടെ വലുതായി മാറാനും സാധ്യതയുണ്ട്.

4. അശുഭചിന്തകൻ

എല്ലാത്തിലും നെഗറ്റീവ് കണ്ടെത്തുന്നതാണ് ഇക്കൂട്ടരുടെ ഹോബി. എല്ലാത്തിലും ആശങ്കപ്പെടുകയും എല്ലാം എളുപ്പത്തിൽ കൈവിട്ടു കളയുകയും ചെയ്യും. മറ്റുള്ളവരുടെ ശുഭപ്രതീക്ഷയും ഇവർ കെടുത്തിക്കളയും.

5. കഠിനഹൃദയർ

മറ്റുള്ളവരെ എത്ര വേദനിപ്പിച്ചാലും ദ്രോഹിച്ചാലും യാതൊരു കുറ്റബോധവുമില്ലാതെ മുന്നോട്ടു പോകുന്നവരാണ് ഇക്കൂട്ടർ. ‘ലക്ഷ്യമാണ്; മാർഗ്ഗമല്ല പ്രധാനം’ എന്നു ചിന്തിക്കുന്നവർ. ‘സോറി’ എന്നൊരു വാക്ക് പറയാൻ മടിക്കുന്നവർ. ഇക്കൂട്ടരുടെ നേരെ സദാ ജാഗരൂകത പാലിക്കണം.

6. ഞരമ്പ് രോഗികൾ

എപ്പോഴും ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നതിനായി അസ്വസ്ഥതപ്പെട്ട് ഓരോന്ന് കാണിച്ചുകൂട്ടുന്നവരാണ് ഇവർ. മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാതാവുമ്പോൾ പല സാഹസത്തിനും മുതിരും. കുട്ടിക്കാലത്തേറ്റ മുറിവുകളാണ് ഇതിനു കാരണം.