
ഫോട്ടോഗ്രാഫി എല്ലാവർക്കും ഒരു പാഷനാണ് ഇന്ന്. ഒരുകാലത്ത് ആളുകൾ അതൊരു തൊഴിൽമേഖലയായിമാത്രം കണ്ടിരുന്നെങ്കിലും ഇപ്പോൾ പലർക്കും ഫോട്ടോയെടുക്കുന്നത് ഒരു അഭിനിവേശമാണ്. എടുക്കുന്ന ചിത്രങ്ങൾ ജീവൻതുളുമ്പുന്നതും അങ്ങേയറ്റം മനോഹരവുമായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതുകൊണ്ടുതന്നെ പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്കും അല്ലാത്തവർക്കുമെല്ലാം മാധ്യസ്ഥം വഹിക്കാനായി കത്തോലിക്കാ സഭയിൽ ഫോട്ടോഗ്രാഫിക്ക് ഒരു സ്വർഗീയ മധ്യസ്ഥയുണ്ട്. ക്രിസ്‌തുവിന്റെ മുഖം ഒരു തുണിക്കഷണത്തിൽ പകർത്തിയ ഒരു സ്ത്രീയാണ് ആ വിശുദ്ധ. സംശയിക്കേണ്ട, കുരിശിന്റെ വഴിയിൽ നാം കാണുന്ന വെറോനിക്കാ പുണ്യവതി തന്നെ.
കുരിശിന്റെ വഴിയിലെ ആറാം സ്ഥലത്തുവന്ന് ഈശോയുടെ മുഖം തൂവാലകൊണ്ട് ഒപ്പിയെടുത്ത വെറോനിക്കാ പുണ്യവതി എങ്ങനെ ഫോട്ടോഗ്രഫിയുടെ മധ്യസ്ഥയായെന്നു കൂടുതൽ വിശദീകരണം ആവശ്യമില്ലല്ലോ. വിശുദ്ധലിഖിതത്തിൽ കൂടുതൽ വിവരണങ്ങളൊന്നുംതന്നെ വെറോനിക്കയുടെ പേരിലില്ലെങ്കിലും ഈശോയുടെ വസ്ത്രത്തിന്റെ വിളുമ്പിൽ സ്പർശിച്ചു സൗഖ്യംനേടിയ രക്തസ്രാവക്കാരി സ്ത്രീയാണ് വെറോനിക്കായെന്നും ചില പഠനങ്ങൾ പറയുന്നുണ്ട്. ഒന്നാം നൂറ്റാണ്ടിൽ ജറുസലേമിൽ ജീവിച്ചിരുന്ന വിധവയായ ഈ സ്ത്രീ തന്റെ തലമുണ്ട് കൊണ്ട് യേശുവിന്റെ രക്തത്തിൽ കുതിർന്ന മുഖം തുടയ്ക്കുകയും അതിൽ അത്ഭുതകരമായി ക്രിസ്തുവിന്റെ മുഖം പതിയുകയും ചെയ്തു.
വെറോനിക്കായുടെ ഈ, തൂവാല ഇപ്പോൾ റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഈ തൂവാലയിൽനിന്നും സൂചനകൾ ഉൾക്കൊണ്ടാണ് പിന്നീട് ചിത്രകാരന്മാർ യേശുവിന്റെ മുഖം വരച്ചെടുത്തത്.