
കോട്ടയം: വെള്ളപ്പൊക്ക കെടുതികളില്‍ ദുരിതമനുഭവിച്ച അനേകായിരങ്ങള്‍ക്ക് അടിയന്തിര സഹായമെത്തിച്ചതിന് തുടര്‍ച്ചയായി തുടര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ഭാരതകത്തോലിക്കാ മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്ത്യ. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം, കേരളത്തിലെ രൂപതകളിലെ വിവിധ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികള്‍ എന്നിവയുമായി സഹകരിച്ചാണ് കാരിത്താസ് ഇന്ത്യ തുടര്‍ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നടപ്പിലാക്കുന്നത്.
പ്രളയക്കെടുതിക്കിരയായ 39,159 കുടുംബങ്ങള്‍ക്ക് 2.5 കോടി രൂപയുടെ ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും അടിയന്തിര സഹായമായി ഇതിനോടകം എത്തിക്കാനായി. പ്രളയക്കെടുതിയില്‍ വീര്‍പ്പുമുട്ടുന്ന കുട്ടനാട്ടില്‍ മാത്രം 25,838 കുടുംബങ്ങള്‍ക്കായി രണ്ടുകോടിയിലധികം രൂപയുടെ സഹായം ലഭ്യമാക്കി. ചങ്ങനാശ്ശേരി രൂപത സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ചാസ്സ്, കോട്ടയം രൂപതാ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കെ.എസ്.എസ്.എസ്, വിജയപുരം രൂപതാ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വി.എസ്.എസ്.എസ്, മാവേലിക്കാര രൂപതാ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ചേതന എന്നീ രൂപതാ സാമൂഹ്യ സേവന വിഭാഗങ്ങളാണ് കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
കേരള കത്തോലിക്ക സഭയിലെ മാനന്തവാടി, പാലക്കാട്, തലശ്ശേരി, ഇരിങ്ങാലക്കുട, കോതമംഗലം, ഇടുക്കി, കാഞ്ഞിരപ്പള്ളി, പാല, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം മലങ്കര രൂപത എന്നീ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങള്‍ അന്‍പതിലക്ഷത്തിലധികം രൂപതയുടെ സഹായ ഹസ്തം ചാസ്സ് വഴി കുട്ടനാട്ടിലെത്തിക്കുകയുണ്ടായി.
തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 15 മെഡിക്കല്‍ ക്യാമ്പുകളില്‍ മൂവായിരത്തോളം ആളുകള്‍ പങ്കെടുക്കുകയും വൈദ്യസഹായം തേടുകയും ചെയ്തു. അടുത്ത ഘട്ടമായി 30 മെഡിക്കല്‍ ക്യാമ്പുകള്‍ കൂടി സംഘടിപ്പിക്കുവാനുള്ള ക്രമീകരണങ്ങള്‍ ആസൂത്രണം ചെയ്തു വരുന്നു.
കുട്ടനാട്ടിലെ മഴക്കെടുതികളും ദുരിതങ്ങളും അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്ന തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപയുടെ പദ്ധതിയാണ് കാരിത്താസ് ഇന്ത്യ രൂപം നല്‍കിയിരിക്കുന്നതെന്ന് കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി, സീറോ മലബാര്‍ സഭ സോഷ്യല്‍ അപ്പസ്‌തോലേറ്റ് ചീഫ് കോര്‍ഡിനേറ്റര്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.




