മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപനം ഒക്‌ടോബർ 13-ന്

വിശ്വാസികളുടെ പ്രാർത്ഥനാനിർഭരമായ കാത്തിരിപ്പുകൾ സഫലം. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപനം ഒക്‌ടോബർ 13-ന്. ഫ്രാൻസിസ് പാപ്പയുടെ അധ്യക്ഷതയിൽ ഇന്നലെ വത്തിക്കാനിൽ സമ്മേളിച്ച കർദ്ദിനാൾ സംഘത്തിന്റെ കൺസിസ്റ്ററിയിലാണ് തീയതി  പ്രഖ്യാപിച്ചത്.

ഭാരതസഭയിൽ നിന്നുള്ള ആറാമത്തെ വിശുദ്ധയായിരിക്കും മദർ മറിയം ത്രേസ്യ. കർദ്ദിനാൾ ഹെൻട്രി ന്യൂമാൻ ഉൾപ്പെടെ മറ്റ് നാല് വാഴ്ത്തപ്പെട്ടവരുടെയും വിശുദ്ധപദവി പ്രഖ്യാപനവും ഒക്‌ടോബർ 13-ന് നടക്കും. കേരളത്തിലെ തിരുക്കുടുംബ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ.

1876-ൽ തൃശൂർ ജില്ലയിലെ പുത്തൻചിറയിലായിരുന്നു ജനനം. 1926-ൽ കുഴിക്കാട്ടുശേരിയിൽ മരണമടയുകയും ചെയ്തു. വാഴ്ത്തപ്പെട്ട കർദ്ദിനാൾ ന്യൂമാൻ, ആഗോളതലത്തിൽ അറിയപ്പെട്ട പ്രഭാഷകനും ആത്മീയാചാര്യനും ദൈവശാസ്ത്ര പണ്ഡിതനും കവിയുമാണ്.ആംഗ്ലിക്കൻ സഭയിൽ നിന്നും കത്തോലിക്കാ സഭയിലേയ്ക്ക് എത്തിയ ഇദ്ദേഹത്തിന്റെ ജീവിതം ഇംഗ്ലണ്ടിന്റെ മതചരിത്രത്തിൽ ഏറെ പ്രധാനപ്പെട്ടതാണ്.

ഫിലിപ്പ് നേരിയുടെ നാമത്തിലുള്ള ഇംഗ്ലണ്ടിലെ ഓറട്ടറിയുടെ സ്ഥാപകനായിട്ടും അദ്ദേഹം അറിയപ്പെടാറുണ്ട്. 1801-ൽ ലണ്ടനിൽ ജനിച്ച അദ്ദേഹം 1890-ൽ എഡ്ജ്ബാസ്റ്റണിലാണ് അന്തരിച്ചത്.

കോൺഗ്രിഗേഷൻ ഓഫ് ദി മിഷനറി സിസ്റ്റേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഓഫ് ദി മദർ ഓഫ് ഗോഡ് സ്ഥാപക ഡൽസ് ലോപേസ്, സ്വിറ്റ്സർലണ്ടിൽ നിന്നുള്ള ഫ്രാൻസിസ് അസീസ്സിയുടെ മൂന്നാം സഭാംഗമായ മാർഗിരിറ്റ ബേയ്സ്, സെൻറ് കാമ്മില്ലസിന്റെ മക്കൾ എന്ന സന്യസ്ഥ സമൂഹത്തിന്റെ സ്ഥാപക ജിയൂസെപ്പിന വന്നിനി എന്നിവരാണ് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെടുന്ന മറ്റുള്ളവർ.