സഭാകോടതി വക്കീലന്മാരുടെ നിയമനവും സേവനവും

ഫാ. ജോസ് ചിറമേല്‍

കത്തോലിക്കാ മതവിശ്വാസിയായ എന്റെ വിവാഹം സിവിള്‍കോടതിവഴി വേര്‍പെടുത്തികിട്ടിയിട്ടുണ്ട്. ഇപ്പോള്‍ വിവാഹം വേര്‍പെടുത്തുവാന്‍ സഭാ കോടതിയെ സമീപിച്ചിരിക്കുകയാണ്. സഭാകോടതിയില്‍ എന്നെ സഹായിക്കാന്‍ ഒരു വക്കീലിനെ നിയമിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ വിവാഹകേസുകളില്‍ വക്കീലിന്റെ ആവശ്യമില്ലെന്ന് സഭാകോടതി അദ്ധ്യക്ഷന്‍ എന്നോട് പറഞ്ഞു. ഇക്കാര്യത്തില്‍ എന്നെ സഹായിക്കാമോ?
ജോര്‍ജ്ജ് തോമസ്, പാല

വിവാഹബന്ധം വേര്‍പെടുത്തി കിട്ടാനുള്ള നടപടി ക്രമങ്ങള്‍ സര്‍ക്കാരും സിവിള്‍കോടതികളും വളരെ ഉദാരമാക്കിയിട്ടുണ്ട്. ഇതിന്റെ പരിണത ഫലമെന്നോണം സിവിള്‍കോടതികള്‍ വഴി വിവാഹബന്ധം വേര്‍പെടുത്തുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നു. മറ്റ് മതസ്ഥരുടെയിടയിലെന്നപോലെ കത്തോലിക്കരുടെയിടയിലും ഈ വര്‍ദ്ധനവ് ദൃശ്യമാണ്.

രണ്ടാമതൊരു വിവാഹം

കത്തോലിക്കരെ സംബന്ധിച്ചിടത്തോളം രണ്ടാമതൊരു വിവാഹം ദൈവാലയത്തില്‍ വച്ച് നടത്തണമെങ്കില്‍ സിവിള്‍കോടതിയും സഭാകോടതിയും നിലവിലുള്ള വിവാഹബന്ധം വേര്‍പെടുത്തേണ്ടതായുണ്ട്. തന്മൂലം, സഭാകോടതികളിലും വിവാഹബന്ധം വേര്‍പെടുത്തികിട്ടുന്നതിനുള്ള അപേക്ഷകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. സഭാകോടതികളുടെ ജോലിഭാരവും അവിടെ ജോലിചെയ്യുന്നവരുടെ, പ്രത്യേകിച്ച് വക്കീലന്മാരുടെ കുറവും വിവാഹക്കേസുകള്‍ കൈ കാര്യം ചെയ്യുന്നതില്‍ കാലതാമസം ഉണ്ടാക്കുന്നുണ്ട്.

സഭാകോടതികളില്‍ വക്കീലന്മാരുടെ നിയമനവും അവരുടെ സേവനവും
സഭാകോടതികളില്‍ വക്കീലന്മാരുടെ സേവനവും അവരെ നിയമിക്കാനുള്ള കക്ഷികളുടെ അവകാശങ്ങളെപ്പറ്റിയുമാണല്ലോ ചോദ്യകര്‍ത്താവിന്റെ സംശയം. സിവിള്‍ കേസുകളില്‍ ഇപ്രകാരമൊരു സംശയത്തിന് ഇടമില്ലല്ലോ. കേസിലെ ഏത് കക്ഷിക്കും കോടതി നടപടികളില്‍ തന്നെ പ്രതിനിധീകരിച്ച് കേസ് നടത്തുവാന്‍ വക്കീലന്മാരെ നിയമിക്കുന്നതിനുള്ള അവകാശത്തെക്കുറിച്ച് ആര്‍ക്കും സംശയമില്ല. ഇത് നിയമത്തിനും നടപടിക്രമങ്ങള്‍ക്കും അനുസൃതമായിരിക്കണമെന്ന് മാത്രം. എന്നാല്‍ സഭാകോടതികളില്‍ വക്കീലന്മാരുടെ നിയമനത്തിനും സേവനത്തിനും അജപാലനപരമായ ഒരു മാനം കൂടിയുണ്ട്. ഇക്കാര്യത്തില്‍ അവരുടെ സേവനം പ്രധാനപ്പെട്ട ഒന്നാണ്. രൂപതാ കോടതികളില്‍ ജോലി ചെയ്യുന്ന വക്കീലന്മാര്‍ രൂപതാ മെത്രാനാല്‍ (CCEO. C.1141;CIC.C.1483) അംഗീകരിക്കപ്പെട്ടവരായിരിക്കണം.

വക്കീലന്മാരുടെ ചുമതലകള്‍

കേസ്സിലെ ബന്ധപ്പെട്ട കക്ഷിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ സഹായിക്കുന്ന വ്യക്തിയാണ് വക്കീല്‍. കേസ് സംബന്ധിച്ച കാര്യങ്ങളില്‍ കക്ഷിക്ക് നിയമോപദേശവും തെളിവുകളെ സംബന്ധിച്ച വിവരങ്ങളും മറ്റും നല്‍കുന്നതിന് പുറമേ കേസിലെ കക്ഷി കളുടേയും സാക്ഷികളുടേയും വിദഗ്ദരുടേയും വിസ്താര വേളയില്‍ സന്നിഹിതനായിരിക്കാനും വക്കീലിന് നിയമപരമായി അവകാശമുണ്ട് (CCEO. C.1242;CIC.C. 1561). കൂടാതെ കേസ് സംബന്ധമായ ഫയല്‍ പരിശോ ധിക്കാനും വക്കീലിന് നിയമപരമായ അവകാശമുണ്ട് (CIC. C. 1678/1;2). സഭാകോടതി നടപടിക്രമം സംബന്ധിച്ച കാനന്‍ നിയമ പരിജ്ഞാനം, നടപടിക്രമങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്നിവ നല്‍കി കേസ്സിലെ ബന്ധപ്പെട്ട കക്ഷിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ വക്കീലിന് ചുമതലയുണ്ട്.

വക്കീലിനുണ്ടായിരിക്കേണ്ട യോഗ്യതകള്‍

സഭാകോടതിയിലെ വക്കീലിന് ഉണ്ടായിരിക്കേണ്ട യോഗ്യതകളേയും ഗുണവിശേഷങ്ങളെപ്പറ്റിയും സഭാ നിയമത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. അതനുസരിച്ച് വക്കീലന്മാര്‍ പ്രായപൂര്‍ത്തിയായവരും സല്‍പ്പേരുള്ള വരുമായിരിക്കണം. കോടതി നേരിട്ട് ആര്‍ക്ക് കീഴ്‌പ്പെട്ടിരിക്കുന്നുവോ ആ അധികാരി മറിച്ച് അനുവദിക്കാത്തപക്ഷം വക്കീല്‍ കത്തോലിക്കനായിരിക്കേണ്ടതുണ്ട്. കൂടാതെ ഡോക്ടര്‍ ബിരുദമോ കാനന്‍ നിയമത്തില്‍ വൈദഗ്ദ്യമോ ഉള്ള വ്യക്തിയും മേല്‍പ്പറഞ്ഞ അധികാരിയാല്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ആളുമായിരിക്കണം (CCEO.C.1141;CIC.C.1483). ഓരോ രൂപതാകോടതിയിലും സാധിക്കുന്നിടത്തോളം വക്കീലന്മാരെ നിയമിക്കേണ്ടതാണെന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് (CCEO.C.1148;CIC.C. 1490). കക്ഷികളെ സഹായിക്കാനായി സ്ഥിരം വക്കീലന്മാരെ നിയമിക്കുന്നതാണ് അഭികാമ്യമായ രീതി. നീതി തേടുന്നവര്‍ക്ക് യാതൊരു കാരണവശാലും നീതി നിഷേധിക്കാന്‍ പാടില്ലായെന്നും കോടതിയില്‍ അവരുടെ അവകാശങ്ങള്‍ അഭംഗുരം സംരക്ഷിക്കപ്പെടണമെന്നുമുള്ള സഭയുടെ കാഴ്ചപ്പാടാണ് ഇവിടെ വ്യക്തമാക്കപ്പെടുന്നത്.

ജഡ്ജിമാര്‍ക്കും യോഗ്യതകള്‍

സഭാകോടതികളില്‍ ജോലി ചെയ്യുന്ന ജഡ്ജിമാര്‍ക്ക് കാനന്‍ നിയമത്തില്‍ ഡോക്ടര്‍ ബിരുദമോ മാസ്റ്റര്‍ ബിരുദമോ ഉള്ളവരായിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട് (CCEO. C.1087/3; CIC.C.1421/3). എന്നാല്‍ വക്കീലന്മാര്‍ക്ക് ഇപ്രകാരം ഡോക്ടര്‍ ബിരുദമോ മാസ്റ്റര്‍ ബിരുദമോ വേണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നില്ല. ഈ ബിരുദങ്ങള്‍ തീര്‍ത്തും ആവശ്യമായ ഒന്നല്ല. വിവാഹക്കേസുകളില്‍ വക്കീലിന്റെ ജോലി സാങ്കേതികവും അതോടൊപ്പം അജപാലനപരവുമാണ്.

സഭയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

1993 ജൂലൈ 13ന് കത്തോലിക്കാസഭയുടെ സമുന്നത കോടതിയായ ”അപ്പസ്‌തോലിക് സിഗ്‌നത്തുര” (Apostolic Signatura) നല്‍കിയ നിര്‍ദ്ദേശത്തില്‍, സഭ അംഗീകരിക്കാത്ത വിവാഹബന്ധത്തില്‍ ജീവിക്കുന്ന വ്യക്തികളെ സഭാകോടതിയില്‍ വിവാഹബന്ധം വേര്‍ പെടുത്തുന്നതിനുള്ള കേസുകളില്‍ ഏതെങ്കിലും കക്ഷിയുടെ വക്കീലായി നിയമിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സഭാകോടതിയിലെ വക്കീലന്മാരെ സംബന്ധിച്ച് വിശദമായ നിര്‍ദ്ദേശങ്ങള്‍ ഈ അടുത്ത കാലത്ത് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ പുറത്തിറക്കിയ “Dignitas Connubii’’ എന്ന മാര്‍ഗ്ഗരേഖയില്‍ കാണാം. ഇതിലെ 101 മുതല്‍ 112 വരെയുള്ള നമ്പരുകള്‍ (Articles സഭാകോടതിയില്‍ വിവാഹക്കേ സുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ വക്കീലന്മാരെ നിയമിക്കേണ്ടതു സംബന്ധിച്ചകാര്യങ്ങളാണ്. 101-ാം നമ്പര്‍ അനുശാസിക്കുന്നതിനനുസരിച്ച് വിവാഹക്കേസിലെ ഓരോ കക്ഷിക്കും തങ്ങളുടെ അവകാശങ്ങള്‍ കോടതിയില്‍ സംരക്ഷിക്കുന്നതിന് സഹായിക്കാന്‍ വിദഗ്ദരായ വ്യക്തികളെ നിശ്ചയിച്ച് നല്‍കേണ്ട താണ്. പ്രത്യേകിച്ച് ബുദ്ധിമുട്ടേറിയ കേസുകളില്‍ ഇപ്രകാരമുള്ള വിദഗ്ദരുടെ സേവനം വളരെ പ്രധാനപ്പെട്ടതാണ്. ഇതില്‍ നിന്നും കേസിലെ കക്ഷികള്‍ക്ക് അവരുടെ അവകാശങ്ങള്‍ കോടതിയില്‍ സ്വയം സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യമില്ലെന്ന് വരുന്നില്ല. സഭാ കോടതികളിലെ മിക്കവാറും വിവാഹക്കേസുകളില്‍ കക്ഷികള്‍ തന്നെയാണ് അവരവരുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നത്.

വക്കീലന്മാരുടെ ലിസ്റ്റ് കോടതികളില്‍ സൂക്ഷിക്കണം

കക്ഷികള്‍ക്ക് തന്നെ കേസുകള്‍ നടത്തുവാന്‍ സ്വാതന്ത്ര്യവും അവകാശവും ഉണ്ടെങ്കിലും, കക്ഷികള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് വക്കീലന്മാരുടെ സഹായം ഉറപ്പ് വരുത്തുന്നതിനായി ഓരോ മെത്രാനും തന്റെ രൂപതാകോടതയില്‍ വക്കീലന്മാരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി സൂക്ഷിക്കേണ്ടതുണ്ട്. മുകളില്‍ സൂചിപ്പിച്ച മാര്‍ഗ്ഗരേഖയിലെ 112-ാം ആര്‍ട്ടിക്കിളില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ഇതനുസരിച്ച് കക്ഷികള്‍ക്ക് അവര വരുടെ താല്‍പര്യപ്രകാരം വക്കീലന്മാരെ നിയമിക്കാന്‍ കഴിയും. ക്രിമിനല്‍ കേസുകളിലും മൈനറന്മാരായിട്ടുള്ളവരുടെ കാര്യത്തിലും വക്കീലിന്റെ സേവനം നിര്‍ബന്ധമായും ആവശ്യമാണെന്ന് നിയമം അനുശാസിക്കുന്നുണ്ട്. ഇത്തരം കേസുകളില്‍ എതിര്‍കക്ഷി വക്കീലിനെ നിശ്ചയിക്കുന്നില്ലെങ്കില്‍ കോടതി തന്നെ ഒരു വക്കീലിനെ എതിര്‍കക്ഷിയുടെ അവകാശങ്ങള്‍ കോടതിയില്‍ സംരക്ഷിക്കുന്നതിനുവേണ്ടി നിശ്ചയിച്ചു നല്‍കണം. നിശ്ചയിക്കപ്പെടുന്ന വക്കീല്‍ തന്റെ അധികാരപത്രം (Mandate) കോടതിയില്‍ ഹാജരാക്കുകയും വേണം.

വക്കീലന്മാരെ പുറത്താക്കാനും അധികാരമുണ്ട്.

ഗൗരവമായ കാരണങ്ങളുണ്ടെങ്കില്‍ വക്കീലന്മാരെ കോടതി നടപടികളില്‍ നിന്ന് പുറത്താക്കാനും ഉദ്യോഗത്തില്‍ നിന്ന് സസ്‌പെന്‍ഡുചെയ്യാനും കോടതിക്ക് അധികാരമുണ്ട്. കക്ഷി ആവശ്യപ്പെടുന്നതനുസരിച്ച് നിയമിതനാകുന്ന വക്കീല്‍ തക്ക കാരണം കൂടാതെ, കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കെ കക്ഷിനല്‍കിയിട്ടുള്ള അധികാരപത്രം (Mandate) നിരസിക്കുവാന്‍ പാടുള്ളതല്ല. അതുപോലെതന്നെ കേസ് ജയിക്കുന്നതിനു വേണ്ടി കൈക്കൂലി കൊടുക്കുന്നതില്‍ നിന്നും, അമിത വരുമാനം ലഭിക്കുന്നതിനോ തര്‍ക്ക വസ്തുവിന്റെ വിഹിതം കൈക്കലാക്കുന്നതിനോ വേണ്ടി ജയിക്കുന്ന കക്ഷിയുമായി ഒത്തു തീര്‍പ്പിലെത്തുന്നതില്‍ നിന്നും വക്കീലന്മാര്‍ വിലക്കപ്പെട്ടിരിക്കുന്നു. പാരിതോഷികങ്ങളോ വാഗ്ദാനങ്ങളോ മറ്റ് എന്തെങ്കിലും കാരണമോ മൂലം തങ്ങളുടെ ദൗത്യത്തോട് അവിശ്വസ്തത കാണിക്കുന്ന വക്കീലന്മാരേയും ഉദ്യോഗനിര്‍വ്വഹണത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാവുന്നതാണ് (CCEO.C.1147; CIC.C.1489). തങ്ങളെ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ യോഗ്യരല്ലാത്തവരുടേയും, സല്‍പ്പേര് നഷ്ടപ്പെട്ടവരുടേയും അധികാരം ദുര്‍വിനിയോഗം ചെയ്യുന്നവരുടേയുംമേല്‍ നടപടിയെടുക്കാനും അവരെ രൂപതാകോടതിയില്‍ വക്കീലായി ജോലി ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കാനും രൂപതാദ്ധ്യക്ഷന് കഴിയും (Article 111).

വക്കീലന്മാരുടെ സേവനം മുറിവുണക്കല്‍ ശുശ്രൂഷ

വിവാഹബന്ധം വേര്‍പിരിഞ്ഞതിലുള്ള ദുഃഖവും ഭാരവും പേറി സഭാകോടതികളെ സമീപിക്കുന്ന ദമ്പതിമാര്‍ക്ക് വക്കീലന്മാരുടെ സഹായം മുറിവുണക്കാന്‍ പോന്ന ഒരു ശുശ്രൂഷ (Healing ministry) ആയി അനുഭവപ്പെടണം. കോടതിനടപടികളുടെ വിവിധഘട്ടങ്ങളില്‍ കക്ഷിയെ സഹായിക്കുക, ഓരോ ഘട്ടത്തിന്റെയും പ്രാധാന്യത്തെപ്പറ്റി ബോധവാനാക്കുക, കോടതിയില്‍ സമര്‍പ്പിക്കേണ്ട പെറ്റീഷന്‍ തയ്യാറാക്കാന്‍ സഹായിക്കുക, ഏത് കോടതിയിലാണ് പെറ്റീഷന്‍ കൊടുക്കേണ്ടതെന്ന് ഉപദേശിക്കുക, കേസിലെ കക്ഷിയുടെ ആരോപണങ്ങളെ സാധൂകരിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സഹായിക്കുക, ആവശ്യമായ സഹായികളുടെ പട്ടിക തയ്യാറാക്കുക എന്നിവയിലെല്ലാം കക്ഷിയെ സഹായിക്കാന്‍ വക്കീലിന് സാധിക്കും. നിലവിലുള്ള വിവാഹത്തിലെ പങ്കാളിയുമായുണ്ടായ പ്രശ്‌നങ്ങള്‍ പുനര്‍വിവാഹത്തില്‍ ഉണ്ടാകാതിരിക്കാനും നല്ലൊരു കുടുംബജീവിതം നയിക്കാന്‍ കക്ഷിയെ സഹായിക്കാനും വക്കീലിന് സാധിക്കും.

വക്കീലീന്റെ ജോലി നിയമോപദേശം നല്‍കുക മാത്രമല്ല

സഭാകോടതിയിലെ വിവാഹക്കേസുകളില്‍ വക്കീലിന്റെ ജോലി കോടതി നടപടികളുടെ വിവിധ ഘട്ടങ്ങളില്‍ കക്ഷികള്‍ക്ക് നിയമോപദേശം നല്‍കുക മാത്രമല്ല. അവരുടെ ജോലി പൊതുവായ ഉപദേശകന്റെ ജോലിയോട് താരതമ്യം ചെയ്യാവുന്നതാണ്. അതു കൊണ്ട് ഈ വക്കീലന്മാര്‍ കാനന്‍ നിയമത്തില്‍ ബിരു ദമുള്ളവരായിരിക്കണമെന്ന് നിര്‍ബന്ധമില്ല. സഭാകോടതി നടപടിക്രമങ്ങളുമായി പരിചയവും, കക്ഷികളുടെ പ്രശ്‌നങ്ങളില്‍ അവരെ സഹായിക്കാനും സാന്ത്വനപ്പെടുത്താനുമുള്ള കഴിവും ഉള്ളവരായിരുന്നാല്‍ മതി. സഭാനിയമത്തില്‍ പ്രാവീണ്യം നേടിയ അല്‍മായ വക്കീലന്മാര്‍ ഇല്ലാത്തതിനാല്‍ സഭാകോടതികളില്‍ കക്ഷികള്‍ക്ക് അവരുടെ സഹായം പലപ്പോഴും ലഭിക്കാതെ പോകുന്നു. വിവാഹബന്ധം വേര്‍പെടുത്തണ മെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കേസുകളുടെ എണ്ണവും വര്‍ദ്ധിച്ചു വരുന്നു. ഈ സാഹചര്യത്തില്‍ ഓരോ രൂപതയും കൂടുതല്‍ അല്‍മായരെ ഇക്കാര്യത്തില്‍ പരിശീലിപ്പിക്കേണ്ടതുണ്ട്.

ചോദ്യകര്‍ത്താവ് ആഗ്രഹിക്കുന്നത് സഭാകോടതിയില്‍ തന്നെ സഹായിക്കാന്‍ ഒരു വക്കീലിനെ നിയമിക്കണമെന്നാണ്. വിവാഹക്കേസുകളില്‍ വക്കീലിന്റെ ആവശ്യമില്ലെന്നുള്ള സഭാകോടതി അദ്ധ്യക്ഷന്റെ നിരീക്ഷണം മേല്‍പ്രസ്താവിച്ച വസ്തുതകളുടെ വെളിച്ചത്തില്‍ നിലനില്‍ക്കുന്നതല്ല. വക്കീല്‍ വേണമെന്നുള്ള കക്ഷിയുടെ ആഗ്രഹത്തിന് കോടതി പ്രതി ബന്ധം സൃഷ്ടിക്കുവാന്‍ പാടില്ല. വക്കീലിന്റെ സേവനം കക്ഷിക്ക് മാത്രമല്ല കോടതിക്കും സഹായകമായിരിക്കും.

ഫാ. ജോസ് ചിറമേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.