ബൈക്കിൽ യാത്ര ചെയ്തിരുന്ന മെത്രാനച്ചൻ! ഇനി അസിസ്റ്റന്റ് വികാരി!

ഫാ. സാജു ജോര്‍ജ്ജ് കോടമുള്ളില്‍

ഇന്നലെ വൈകുന്നേരം വെറുതെ വാട്സ് ആപ്പ് സന്ദേശങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് ധർമ്മപുരി CRI ഗ്രൂപ്പിൽ ഇട്ടിരിക്കുന്ന വാർത്ത ശ്രദ്ധയിൽ പെട്ടത്. “സേലം രൂപതാധ്യക്ഷനായ ബിഷപ്പ് സിംഗരായർ അവർകൾ ആരോഗ്യപരമായ കാരണങ്ങളാൽ മാർപാപ്പായുടെ പ്രത്യേക അനുമതിയോടെ രൂപതാധ്യക്ഷ സ്ഥാനം ഒഴിഞ്ഞു.” ഈ വാർത്ത വായിച്ചു കഴിഞ്ഞപ്പോൾ സിംഗരായർ ബിഷപ്പിനെ ഞാൻ ആദ്യമായി കണ്ടത് ഓർമ്മ വന്നു.

2008 ൽ സേവ്യർ കടിയംകുറ്റി അച്ചന്റെ പൗരോഹിത്യത്തിന്റെ സുവർണ്ണ ജൂബിലിയിൽ പങ്കെടുക്കുവാൻ സേലം രൂപതയുടെ കീഴിലുള്ള പുങ്കവാടി പള്ളിയിലേക്ക് ഞാനും പോയിരുന്നു. പുങ്കവാടിയിലെ വിൻസെൻഷ്യൻ ആശ്രമത്തിലെ അംഗമായിരുന്നു സേവ്യറച്ചൻ. വൈകുന്നേരം 6.30ന് ആയിരുന്നു ദിവ്യബലി. വൈകുന്നേരം ഏകദേശം 5.30 ആയപ്പോൾ ആശ്രമത്തിൽ നിന്ന് കുറച്ചു സാധനങ്ങളുമായി ഞാൻ പള്ളിയിലേക്ക്‌ നടക്കുകയായിരുന്നു. അപ്പോൾ ഒരു കാർ വന്നു നിന്നു. അതിന്റെ ചില്ലുതാഴ്ത്തിയിട്ട് ഒരച്ചൻ എന്നോട് പറഞ്ഞു “വണ്ടിയിൽ ഏറുങ്കേ” ഞാൻ അൽപം മടിച്ചു കാരണം പളളിയിലേക്ക് കുറച്ചു ദൂരമേ ഉള്ളൂ. അപ്പോൾ വീണ്ടും അച്ചൻ പറഞ്ഞു “ഇടം ഇരുക്ക് ഏറിക്കോങ്കേ.” ഞാൻ വണ്ടിയിൽ കയറി ഇരുന്നു. മുമ്പിലേക്ക് നോക്കിയപ്പോൾ കഴുത്തിൽ ബിഷപ്പുമാരുടേത് പോലുള്ള മാലയിട്ട മദ്ധ്യവയസു കഴിഞ്ഞ ഒരച്ചനാണ് വണ്ടിയോടിക്കുന്നത്.

വണ്ടി പള്ളിമുറ്റത്ത് ചെന്നു നിന്നു. ഞാൻ പുറത്തിറങ്ങി. ഡ്രൈവർ സീറ്റിൽ നിന്നിറങ്ങിയ ആളേക്കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി. കാരണം കഴുത്തിൽ ബിഷപ്പിന്റേതു പോലത്തെ മാല മാത്രമല്ല അരയിൽ കെട്ടുമുണ്ട്. അദ്ദേഹം വന്നതു കണ്ട് വികാരിയച്ചനായ ജോർജ് പൂനാട്ടച്ചനും ജൂബിലി ആഘോഷിക്കുന്ന സേവ്യറച്ചനും ഇടവകാംഗങ്ങളും ഓടി വന്നു. അതു കണ്ടപ്പോഴാണ് ഇതാണ് സേലം ബിഷപ്പ് എന്ന് എനിക്കു മനസ്സിലായത്.

തന്റെ മുന്നിൽ വന്ന എല്ലാ ഇടവകാംഗങ്ങൾക്കും ഷെയ്ക്ക് ഹാൻഡ്‌ ചെയ്യുന്ന ബിഷപ്പ് വീണ്ടും എനിക്കാശ്ചര്യമായി. ഇടവകയിലെ ജനങ്ങളുടെ കൈ പിടിച്ച് പേരുകൾ വിളിച്ച് ഒരു സ്നേഹിതനെന്ന പോലെ സംസാരിക്കുന്ന ബിഷപ്പിനെ കണ്ടപ്പോൾ എന്റെ അതിശയത്തിനതിരില്ലാതായി. അതിനിടെ പ്രായമായ ഒരു മനുഷ്യൻ ബിഷപ്പിന്റെ കൈ പിടിച്ച് കുറച്ചു മാറിനിന്ന് സംസാരിച്ചു. ഇതെല്ലാം വലിയ ആശ്ചര്യത്തോടെയാണ് ഞാൻ വീക്ഷിച്ചത്. വിശുദ്ധ കുർബ്ബാനക്കിടെ സേവ്യറച്ചനും ബിഷപ്പും തമ്മിലുള്ള ആത്മീയ ബന്ധത്തെക്കുറിച്ച് അദ്ദേഹം പങ്കുവെച്ച് ഹൃദയ സ്പർശിയായ ബൈബിൾ സന്ദേശം നൽകി.

വിശുദ്ധ ബലിക്ക് ശേഷം ആശ്രമത്തിൽ ഭക്ഷണം കഴിക്കാൻ വന്നപ്പോൾ മറ്റ് അച്ചന്മാരേപ്പോലെ സ്റ്റീൽ പാത്രത്തിൽ ഇഡ്ഡലിയും, ചപ്പാത്തിയും കറിയുമെടുത്ത് ഞങ്ങളുടെ ഒപ്പം ഇരുന്ന് ഭക്ഷണം കഴിച്ച് പാത്രം കഴുകി കമിഴ്ത്തിവച്ചിട്ടുപോയ ബിഷപ്പ് സിംഗരായരെക്കുറിച്ചായിരുന്നു മടക്കയാത്രയിൽ ഞങ്ങൾ സംസാരിച്ചത്.

പിന്നീട് പലപ്പോഴും പല അവസരത്തിലും അദ്ദേഹത്തെക്കുറിച്ച് നേരിട്ടറിയാനും പഠിക്കാനും ഈ സംഭവം കാരണമായി. നല്ല കാരിസം ഉള്ള ഒരു പ്രഭാഷകനാണദ്ദേഹം. വചന പ്രഘോഷണം ജീവിതചര്യയാക്കിയ വ്യക്തി. വചനാധിഷ്ഠമായി നല്ല തീപ്പൊരി പ്രഭാഷണമാണ് അദ്ദേഹത്തിന്റേത്. ഒപ്പം ആഴമേറിയതും.

പിന്നീടൊരിക്കൽ പുങ്കവാടി ആശ്രമത്തിൽ ചെന്നപ്പോൾ ബിഷപ്പ് ആശ്രമത്തിൽ നിന്ന് പാന്റ്സും ഷർട്ടും ധരിച്ച്  ഒരു കയ്യിൽ ഹെൽമെറ്റും മറുകയ്യിൽ ഒരു ബാഗുമായി ഇറങ്ങി വരുന്നു. പാസ്റ്ററൽ വിസിറ്റ് കഴിഞ്ഞ് പോകുകയാണ് എന്നറിഞ്ഞു. അദ്ദേഹം ബൈക്കിൽ കയറിപ്പോയി. ഏകദേശം 62 കിലോമീറ്റർ ദൂരെയാണ് രൂപതാ ആസ്ഥാനം എന്നറിയാവുന്ന ഞാൻ സ്തബ്ധനായി നിന്നുപോയി. ഇന്ത്യയിൽ ഇതുപോലെ ഒരു ബിഷപ്പോ? ഞാൻ എന്നോടു തന്നെ ചോദിച്ചു.

അദ്ദേഹം പോയതിനു ശേഷമാണ് വികാരി പൂനാട്ടച്ചൻ ബിഷപ്പിനേക്കുറിച്ചുള്ള വിസ്മയ കാര്യങ്ങൾ വിവരിച്ചത്. അദ്ദേഹം ഇടവക സന്ദർശനത്തിന് വരുന്നത് മിക്കവാറും തനിച്ചായിരിക്കും. വന്നാൽ ഇടവകയിലെ എല്ലാ വീടുകളും സന്ദർശിക്കും. മിക്കവാറും തനിച്ചാണ് വീടുകൾ സന്ദർശിക്കുക. അവർക്കു വേണ്ടി പ്രാർത്ഥിക്കും, പ്രശ്നങ്ങൾ കേൾക്കും. എല്ലാ ഇടവകകളിലേയും എല്ലാ കുടുംബങ്ങളെയും പിതാവിനറിയാം.  കാരണം രണ്ടു വർഷത്തിലൊരിക്കലെങ്കിലും പിതാവ് എല്ലാ വീടുകളും സന്ദർശിക്കുന്നുണ്ട്. ഇതെല്ലാം കേട്ട് വിശ്വസിക്കാനാവാതെ ഞാൻ ഇരുന്നു പോയി.

4 വർഷങ്ങൾക്ക് മുമ്പ് പുങ്കവാടി ഇടവക പള്ളി പുതുക്കിപണിതു കൊണ്ടിരുന്നപ്പോൾ മാസത്തിലൊരിക്കൽ പണിയുടെ പുരോഗതി നേരിൽ കാണാൻ ബൈക്കിൽ വന്നെത്തുമായിരുന്ന സിംഗരായർ ബിഷപ്പിനേപ്പറ്റി വികാരിയായിരുന്ന തോമസ് പാലക്കാട്ടച്ചനും പങ്കുവെച്ചിട്ടുണ്ട്. ആ നല്ല ഇടയനാണ് 09/03/2020 രൂപതാദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. രൂപതാദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞ അദ്ദേഹം ഇനി കാർപ്പൂർ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്യും.

സേലം രൂപതക്ക് സ്നേഹനിധിയായ ആ നല്ലിടയനെ ഒരിക്കലും മറക്കാനാവില്ല തീർച്ച. അദ്ദേഹത്തിന്റെ വിശ്രമജീവിതം സമാധാനപൂർണ്ണവും ദൈവാനുഗ്രഹം നിറഞ്ഞതുമാകാൻ നമുക്കും പ്രാർത്ഥിക്കാം. തുടർന്നും വചന ശുശ്രൂഷ മുന്നോട്ടു കൊണ്ടു പോകാൻ ആരോഗ്യം നൽകി ദൈവം വഴി നടത്തുമാറാകട്ടെ.

ഫാ. സാജു ജോർജ്ജ് കോടമുള്ളിൽ വി.സി