
നമ്മുടെ മനസ്സുകള്‍ വളരെ അകലേക്ക് പോവുകയും ആഗ്രഹങ്ങള്‍ കടിഞ്ഞാണില്ലാതെ കുതിരയെപ്പോലെ പായുകയും ചെയ്യുമ്പോള്‍, അടുത്തുള്ള സൗഭാഗ്യത്തെ ആസ്വദിക്കാനാകുന്നില്ല. “ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെയുണ്ട്” (21), എന്ന് ഈശോ പറയുമ്പോള്‍ എല്ലാവരിലും ദൈവരാജ്യ സാധ്യത സൃഷ്ടിച്ചിട്ടുണ്ട് എന്നർഥം. ‘അങ്ങയുടെ രാജ്യം വരേണമേ’ എന്ന് പ്രാർഥിക്കാന്‍ പഠിപ്പിച്ച ക്രിസ്തു, അയല്‍ക്കാരനെ സ്‌നേഹിക്കുന്നതിലൂടെ അത് കണ്ടെത്താന്‍ കഴിയുമെന്ന് ഉറപ്പുതരുന്നു.
നമ്മില്‍ നിക്ഷേപിച്ച സ്‌നേഹം പാഴാക്കിക്കളയരുതെന്ന ഓര്‍മ്മപ്പെടുത്തലാണ് നമ്മുടെ ഇടയില്‍ സ്വര്‍ഗരാജ്യം ഉണ്ടെന്ന് പറയുന്നതിലൂടെ നിര്‍വഹിക്കുന്നത്. സ്‌നേഹം കൊണ്ടേ സ്വര്‍ഗം പണിയാനാകൂ. അന്യോന്യം സ്നേഹിച്ചുനോക്കുക, ദൈവരാജ്യം സമീപത്തു തന്നെ ഉണ്ടായിരിക്കുമെന്നറിയാന്‍ അധിക നേരമൊന്നും വേണ്ടിവരില്ല അപ്പോള്‍.
ഫാ. ജി. കടൂപ്പാറയില്‍ MCBS





