സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം നാലാം ബുധൻ (സ്ലീവാ രണ്ടാം ബുധൻ) സെപ്റ്റംബർ 27 മത്തായി 21: 18-22 വിശ്വാസത്തോടെ പ്രാർഥിക്കുക 

മൂന്നു സന്ദേശങ്ങളാണ് പ്രധാനമായും ഈ വചനഭാഗത്ത് നാം കാണുന്നത്. ഒന്ന്, ബാഹ്യമായി എല്ലാം ഉണ്ടെന്നുനടിക്കുകയും എന്നാൽ ആന്തരികമായി ഫലംപുറപ്പെടുവിക്കാതിരിക്കുകയും ചെയ്യുന്ന വ്യക്തികൾ വിധിക്കു വിധേയരാകുമെന്ന സന്ദേശം. അന്നത്തെ ജറുസലേം ദേവാലയം, യഹൂദാ മതനേതൃത്വം ഇവയെ ഒക്കെയാണ് അത്തിമരംകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ അത് എന്നിലേക്കും നിന്നിലേക്കും വിരൽചൂണ്ടിയേക്കാം.

രണ്ടാമത്തെ സന്ദേശം, യേശു പറഞ്ഞതിന്റെ – ചെയ്തതിന്റെ യഥാർഥ അർഥം മനസ്സിലാക്കാതെ അത്തിമരം ഉണങ്ങിയത് എങ്ങനെ എന്നുചോദിക്കുന്ന ശിഷ്യന്മാരെപ്പോലെ നമ്മൾ ആകാതിരിക്കുക എന്നതാണ്. ദൈവവചനത്തിന്റെയും ജീവിതാനുഭവങ്ങളുടെയും യഥാർഥ അർഥം മനസ്സിലാക്കാൻ കഴിയാത്തവരാണോ നമ്മൾ എന്ന് ധ്യാനിക്കണം. മൂന്നാമത്തേത്, വിശ്വാസത്തോടെ തുടർച്ചയായി പ്രാർഥിക്കണം എന്ന സന്ദേശമാണ്. അസാധ്യമായത് സാധ്യമാക്കാൻ അതുവഴിയേ സാധിക്കൂ. “നിങ്ങള്‍ വിശ്വസിക്കുകയും സംശയിക്കാതിരിക്കുകയും ചെയ്താല്‍ അത്തിവൃക്ഷത്തോടു ഞാന്‍ ചെയ്തതുമാത്രമല്ല നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുക; ഈ മലയോട് ഇവിടെനിന്നുമാറി കടലില്‍ചെന്നുവീഴുക എന്ന് നിങ്ങള്‍ പറഞ്ഞാല്‍ അതും സംഭവിക്കും” എന്ന ഈശോയുടെ വചനം നമുക്ക് ശക്തി നൽകട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.