
ദൈവഹിതത്തിന് പരിപൂര്‍ണ്ണമായി സമര്‍പ്പിക്കുക എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. നമ്മുടെ ഇഷ്ടങ്ങളെ ദൈവത്തിനു സമര്‍പ്പിക്കുക; ദൈവത്തിന് ഇഷ്ടമാണെങ്കിൽ നമ്മുടെ ഇഷ്ടങ്ങള്‍ പൂര്‍ത്തിയാകട്ടെ എന്നും നമ്മള്‍ പഠിച്ചിട്ടുണ്ട്. ഗേത്‌സമേനിലെ യേശുവിന്റെ പ്രാര്‍ഥന, “എന്റെ ഹിതമല്ല; നിന്റെ ഹിതം നിറവേറട്ടെ” എന്നായിരുന്നല്ലോ.
ഏതാണ്ട് ഇതിനോട് സമാനമായൊരു പ്രാര്‍ഥനയാണ് നമ്മള്‍ ഇന്ന് ധ്യാനിക്കുന്നത്. കുഷ്ഠരോഗിയായ ഒരുവന്‍ യേശുവിനോട് പറയുകയാണ്: “കര്‍ത്താവേ, അങ്ങേയ്ക്ക് മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും” എന്ന്. അയാള്‍ക്ക് നൂറ് ശതമാനം ഉറപ്പാണ്, യേശുവിന് സൗഖ്യം നല്‍കാന്‍ കഴിയുമെന്ന്. പക്ഷേ, യേശു മനസ്സാകണം. സൗഖ്യം ലഭിക്കണം എന്ന എന്റെ മനസ്സ്, സൗഖ്യം നല്‍കാന്‍ കഴിവുള്ള യേശുവിന്റെ മനസ്സിനോട് ചേര്‍ത്തുവയ്ക്കണം. അയാള്‍ അത് ചെയ്യുകയാണ്; അയാള്‍ക്ക് സൗഖ്യം ലഭിക്കുകയാണ്. യേശുവിന്റെ മനസ്സിനോട് നമ്മുടെ മനസ്സ് ചേര്‍ക്കുന്നതാണ് പ്രാര്‍ഥന എന്ന തിരിച്ചറിവിലേക്ക് നമ്മള്‍ കടന്നുവരിക.
ഫാ. ജി. കടൂപ്പാറയില്‍ MCBS




