സീറോ മലങ്കര സെപ്റ്റംബർ 11 ലൂക്കാ 21: 34-38 ജാഗരൂകരായിരിക്കുവിൻ

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

യേശുവിന്റെ രണ്ടാമത്തെ വരവിനെക്കുറിച്ചു പ്രതിപാദിക്കുന്ന വേദഭാഗങ്ങളിലൊന്നാണ് ഇന്നത്തെ വിചിന്തനവിഷയം. എപ്പോഴും ഒരുക്കത്തോടു കൂടി ആയിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ക്രിസ്തീയവിശ്വസികളെ ഓർമ്മിപ്പിക്കുകയാണ് ഈ പ്രബോധനത്തിന്റെ ലക്ഷ്യം. മനുഷ്യമനസ്സിനെ ദുർബലമാക്കുന്ന സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നീ മൂന്ന് തിന്മകളിൽ നിന്നും ഒഴിഞ്ഞിരിക്കുന്നതിന് യേശു തന്റെ അനുയായികളെ ഉപദേശിക്കുന്നു. കാരണം, ഈ വഴികളിലൂടെ സഞ്ചരിക്കാൻ താല്‍പര്യപെടുന്നവർ നിത്യജീവനിൽ വിശ്വാസമില്ലാത്ത ലോകസൗഭാഗ്യം തേടുന്ന ഭൗതികരായ മനുഷ്യരാണ്. യേശുവിന്റെ രണ്ടാമത്തെ വരവ് ഇനിയും സംഭവിച്ചിട്ടില്ലാത്തതിനാൽ ഈ പ്രബോധനം യേശുവിന്റെ ശ്രോതാക്കൾക്കെന്നതുപോലെ നമുക്കും ബാധകമാണ്.

“പറൂസിയ”, “എപ്പിഫാനിയ” എന്നീ രണ്ടു പദങ്ങളാണ് യേശുവിന്റെ രണ്ടാമത്തെ വരവിനെ കാണിക്കുന്നതിനായി പുതിയ നിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത്. “പറൂസിയ” (παρουσία) ചക്രവർത്തിയുടെയോ, രാജാക്കന്മാരുടെയോ ആഘോഷമായ ഔദ്യോഗികവരവിനെ കാണിക്കുന്നു. അവരെ സ്വീകരിക്കുന്നതിനായി പ്രാദേശിക ഭരണകൂടം നേരത്തെ തന്നെ വലിയ ഒരുക്കങ്ങൾ നടത്തിയിരുന്നു. “എപ്പിഫാനിയ” (ἐπιφάνεια) എന്നത് “ദിവ്യവെളിപാട്‌” എന്ന അർത്ഥത്തിൽ കൂടുതലായും ദേവീ-ദേവന്മാരുടെ പ്രത്യക്ഷപ്പെടലുമായി ബന്ധപ്പെട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. അത് സംഭവിക്കുന്നവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. പുതിയനിയമത്തിൽ യേശുവിന്റെ ജനനവുമായും ഉയർപ്പിനു ശേഷമുള്ള പ്രത്യക്ഷപ്പെടലുമായും ബന്ധപ്പെട്ട് ഈ വാക്ക് ഉപയോഗിക്കുന്നെങ്കിലും പ്രധാനമായും രണ്ടാമത്തെ വരവിനെ സൂചിപ്പിക്കുന്ന വാക്കാണിത്. എന്നാൽ ഇന്ന് നാം ഈ വാക്ക് യേശുവിന്റെ മാമ്മോദീസായെ സൂചിപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നത്.

തങ്ങളുടെ വ്യക്തിപരമായ വ്യാഖ്യാനങ്ങൾ കൊണ്ട് പലരും ക്രിസ്തീയവിശ്വാസികളെ വഴിതെറ്റിക്കുന്ന ഒരു പ്രബോധനമേഖലയാണ് ക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് എന്നുള്ളത്. സഭയുടെ മതബോധനഗ്രന്ഥം ഇപ്രകാരം പറയുന്നു: “മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും വിധിക്കാനായി മഹത്വത്തോടെ ക്രിസ്തു വരുമ്പോൾ അവിടുന്ന് മനുഷ്യഹൃദയത്തിലുള്ള രഹസ്യങ്ങൾ വെളിപ്പെടുത്തുകയും ദൈവകൃപയെ സ്വീകരിച്ചതിന്റെയോ, നിരാകാരച്ചതിന്റെയോ വെളിച്ചത്തിൽ ഓരോരുത്തർക്കും തങ്ങളുടെ പ്രതിഫലം നൽകുകയും ചെയ്യും” (CCC 682). കർത്താവിന്റെ രണ്ടാമത്തെ വരവിൽ നിത്യരക്ഷയാണോ, നിത്യശിക്ഷയാണോ ലഭിക്കാൻ പോകുന്നത് എന്നത് നമ്മുടെ പ്രവൃത്തികളെ അടിസ്ഥാനപ്പെടുത്തിയിരിക്കും. “മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും വിധിക്കാനായി കർത്താവ് വീണ്ടും മഹത്വത്തോടെ വരുമെന്ന്” വിശ്വാസപ്രമാണത്തിൽ നാം ഏറ്റുചൊല്ലുന്നു. നമ്മെ സംബന്ധിച്ച് യേശു എപ്പോൾ വരും എന്നതിനെക്കുറിച്ച് ചിന്തിച്ച് സമയം കളയുന്നതിനേക്കാൾ ജീവിതത്തിൽ എപ്പോഴും ഒരുക്കത്തോടു കൂടി ആയിരിക്കുക എന്നതാണ് പ്രധാനം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.