സീറോ മലങ്കര ജൂൺ 22 മത്തായി 6: 19-21 യഥാർഥ നിക്ഷേപം

സമ്പത്തും അധികാരങ്ങളും മിക്കപ്പോഴും ലോകത്തിൽ ജീവിതവിജയത്തിന്റെ അളവുകോലായി ചിത്രീകരിക്കപ്പെടുന്നു. അതിനാൽത്തന്നെ അനേകർ ഇതിന്റെ മായാവലയങ്ങളിൽപെട്ട് ഇതൊക്കെ നേടിയെടുക്കുന്നതിനായി വൃഥാ സമയം ചിലവഴിക്കുന്നു. അളവറ്റ സമ്പത്തിന്റെ ഉടമയായിരുന്ന വിജ്ഞാനിയായ സോളമൻ രാജാവ്, തനിക്ക് ദാരിദ്ര്യമോ, സമൃദ്ധിയോ തരരുതെന്ന് ദൈവത്തോട് പ്രാർഥിക്കുന്നു. അതിന്റെ കാരണം, “ഞാൻ സമൃദ്ധിയിൽ അങ്ങയെ അവഗണിക്കുകയും കർത്താവ് ആരെന്ന് ചോദിക്കുകയും ചെയ്തേക്കാം; ദാരിദ്ര്യം കൊണ്ട് മോഷ്ടിച്ച് ദൈവനാമത്തെ നിന്ദിക്കുകയും ചെയ്തേക്കാം” (സുഭാ. 30:9). ദൈവതിരുമുൻപിൽ നാം വിലയിരുത്തപ്പെടുന്നത് ഭൗതികമായി നമുക്കെന്തെല്ലാം ഉണ്ടായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല, നമുക്ക് ദൈവം നൽകിയ കൃപകളും വരങ്ങളും എങ്ങനെ നാം വളർത്തുകയും പങ്കുവയ്ക്കുകയും ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലാണ്.

ഭൂമിയിലെ സമ്പത്തിന്റെ മൂന്ന് തരത്തിലുള്ള നാശത്തെക്കുറിച്ച് യേശു ഇന്നത്തെ സുവിശേഷത്തിൽ പറയുന്നു. തുരുമ്പെടുത്തു പോകുന്നത് ഇരുമ്പ് പോലുള്ള ലോഹങ്ങളാണ്. കനകത്തിന്റെ മോഹവലയത്തിൽപെട്ട് ജീവിതം ഹോമിക്കുന്ന അനേകരുടെ കഥ അനുദിനമെന്നോണം നാം കേൾക്കാറുണ്ട്. യവന പുരാണകഥയിൽ, മിഡാസ് എന്ന രാജാവ് തൊടുന്നതെല്ലാം സ്വർണ്ണമാകണമെന്ന് പ്രാർഥിച്ച് ദൈവത്തിൽ നിന്നും വരം സമ്പാദിക്കുന്നു. അതിരറ്റ ആനന്ദത്തോടെ ഓടിനടന്ന് എല്ലാം പൊന്നാക്കി മാറ്റിയ മിഡാസിന് തന്റെ ഒരേയൊരു മകളും കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും സ്വർണ്ണമായപ്പോൾ അനുഗ്രഹം ശാപമായി മാറുന്നു. കീടങ്ങൾ നശിപ്പിക്കുന്നത് വസ്ത്രങ്ങളും തടി ഉപകരണങ്ങളുമൊക്കെയാണ്. അതായത്, ധരിക്കുന്ന വസ്ത്രവും വസിക്കുന്ന ഭവനവും അധികകാലം കഴിയുന്നതിനു മുൻപേ ചിതലെടുത്തു പോകും. മൂന്നാമതായി കള്ളന്മാർ തുരന്നു മോഷ്ടിക്കുന്നത് പണമാണ്. ഉപയോഗിക്കുമ്പോൾ മാത്രം മൂല്യമുള്ള ഒരു ഉപാധി മാത്രമാണ് പണം. ഇവയിലെല്ലാം എത്രമാത്രം നിക്ഷേപം നടത്തിയാലും നിത്യജീവൻ വാങ്ങാൻ കിട്ടില്ല.

ഇനിയും ഒരാളുടെ നിക്ഷേപം കൃത്യമായി എവിടെയാണെന്ന് നമുക്കറിയാൻ സാധിക്കുമെന്ന് യേശു പറയുന്നു. ഹൃദയം കൊണ്ടുവച്ചിരിക്കുന്നിടത്താണ് നമ്മുടെ നിക്ഷേപം. യഹൂദചിന്തയിൽ, സ്നേഹത്തിന്റെ ആസ്ഥാനമായ ഹൃദയത്തിൽ നിന്നാണ് മനുഷ്യന്റെ വികാരങ്ങളും വിചാരങ്ങളും പ്രവൃത്തികളുമൊക്കെ ഉദ്ഭവിക്കുന്നത്. ഭൂമിയിൽ ആയിരിക്കുമ്പോൾ സ്വർഗത്തിൽ നിക്ഷേപം നടത്താനുള്ള ധാരാളം പദ്ധതികൾ ദൈവം പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നും തിരികെത്തരാൻ സാധിക്കാത്ത പാവങ്ങളിൽ നിക്ഷേപം നടത്തുക; പലിശ സഹിതം ദൈവം പ്രതിഫലം നൽകും. ആരും നോക്കാനില്ലാത്ത അവശർക്കും അനാഥർക്കും ആലംബമരുളുക; സ്വർഗരാജ്യപ്രവേശനത്തിനുള്ള ഭാഗ്യക്കുറി അടിച്ചെന്ന് കരുതിക്കൊള്ളുക. വിശുദ്ധന്മാർ തങ്ങളുടെ സുകൃതങ്ങൾ വഴി നിത്യജീവൻ നേടിയെടുത്തവരാണ്. നമ്മുടെ ഹൃദയവും ഇപ്പോൾത്തന്നെ നമുക്ക് ദൈവസന്നിധിയിൽ കൊണ്ടുവയ്ക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.