സീറോ മലങ്കര ഫെബ്രുവരി 11 യോഹ. 2: 1-11 (കൊത്തിനെ ഞായർ) പുത്രന്റെ സമയവും അമ്മയുടെ കരുതലും

സുവിശേഷഭാഗത്തിലെ വിവരണം മുഴുവൻ പടർന്നൊഴുകന്ന ചിന്ത, സമയം എന്ന ദൈവശാസ്ത്രബോധത്തിന്റേതാണ്. യോഹന്നാന്റെ ചിന്തയിൽ ‘സമയം’ കാലപ്രവാഹത്തിന്റെ ഘടികാരചലനമല്ല; ജീവിതപ്രവാഹത്തിന്റെ കയങ്ങളും ചുഴികളുമാണ്. അതായത്, ഒരാൾ തന്റെ ജീവതത്തിൽ കടന്നുപോകേണ്ട പീഠാനുഭവങ്ങളും മരണതുല്യമായ വേദനയുമാണത്. കാനായിലെ വിവാഹവീട്ടിൽ ഗൃഹനാഥനും കടന്നുപോകുന്നത് ഈ ‘സമയ’ത്തിലൂടെയാണ്. വിരുന്നു വിളമ്പേണ്ട ഗൃഹനാഥന് ഒരു കണക്കുകൂട്ടലുണ്ട് – അതിഥികളുടെ എണ്ണം, ഒരുക്കേണ്ട വിഭവങ്ങൾ… പക്ഷേ, ഈ വീട്ടിൽ അപ്രതീക്ഷിതമായി എത്തുന്ന അതിഥി, ഘോഷങ്ങളുടെ നിറം കൊടുത്താവുന്ന അപമാനഭീതിയാണ്. കാരണം വിരുന്നിന്റെ പാതിവഴിയിൽ വീഞ്ഞിന്റെ ഭരണി കാലിയാവുന്നു. സമൂഹത്തിന്റെ മുമ്പിൽ അവമതിക്കപ്പെടുന്ന ഈ ആതിഥേയന്റെ സംഘർഷങ്ങളാണ് അവൻ കടന്നുപോകേണ്ട സമയം. പക്ഷേ, ആ വീട്ടിലെ പരിശുദ്ധ അമ്മയുടെ കരുതൽ അവന്റെ കടന്നുപോകലിനെ ആയാസരഹിതമാക്കുന്നുണ്ട്.

ഈ സമയത്തിന്റെ ഘടികാരം ഇഴയുന്നത് മനുഷ്യപുത്രന്റെ ബലിവഴിയിലൂടെയാണ്. ഈ ബലിമണിക്കൂറിന് അവനെ ഒരുക്കുന്നത് അവന്റെ അമ്മയാണ്; കാനായിലെ വിവാഹവീട്ടിൽ വച്ച്, ‘മോനേ, അവർക്ക് വീഞ്ഞില്ലല്ലോ’ എന്ന അമ്മയുടെ ആശങ്കയ്ക്ക് ‘എന്റെ സമയം ഇനിയും ആയിട്ടില്ലല്ലോ’ എന്നാണ് ക്രിസ്തുവിന്റെ പ്രതികരണം. പക്ഷേ, അമ്മ അവനെ ഒരുക്കുകയാണ്. ‘നിങ്ങൾ അവൻ പറയുന്നതുപോലെ ചെയ്യുവിൻ’ എന്ന മാതൃമൊഴികൾക്ക് കടലോളം ആഴവുണ്ട്.

യേശുവിനെ അത്ഭുതം പ്രവത്തിക്കാൻ നിർബന്ധിക്കുകയാണ് പരിശുദ്ധ അമ്മ. ഈ അത്ഭുതം പ്രവർത്തിച്ചാൽ അവൻ ദൈവപുത്രനാണെന്ന് ലോകം അറിയും. ദൈവപുത്രന്റെ വെളിപ്പെടുത്തലാണ് മഹത്വീകരണം. മഹത്വീകരണത്തിന്റെ മറുവശം ദൈവപുത്രൻ കടന്നുപോകേണ്ട കുരിശിന്റെ വഴികളും തിക്താനുഭവങ്ങളുമാണ്. അതുകൊണ്ട്, അത്ഭുതം പ്രവർത്തിക്കുക എന്നാൽ തന്റെ പിഡാനുഭവങ്ങളിലേക്കു കടക്കുക എന്നതാണ് അർഥധ്വനി എന്ന് അമ്മയ്ക്കും പുത്രനും അറിയാം. അതാണ് കാല്‍വരിയിലേക്കു നീളുന്ന സമയത്തെപ്പറ്റി പുത്രന്റെ വേദന – ‘എന്റെ സമയം ഇനിയും ആയിട്ടില്ലല്ലോ.’ പക്ഷേ, അമ്മയുടെ സ്നേഹപൂർണ്ണമായ വാക്ക് പുത്രനെ അവന്റെ നിയോഗത്തിലേക്കു പറഞ്ഞയയ്ക്കുകയാണ്. ഒരമ്മയുടെ കരുതലിന്റെ ബാക്കിപത്രമാണിത്.

സ്നേഹമുള്ളവരൊക്കെ തന്റെ പ്രിയപ്പെട്ടവരെ വരുംവഴികളിലെ കഠിനയാതനകളിലേക്ക് മനസ്സ് ഒരുക്കാൻ സഹായിക്കുന്നുണ്ട്. ഈ സ്നേഹപൂർണ്ണമായ സാന്നിധ്യങ്ങളാണ് ഓരോരുത്തർക്കും അവരുടെ സമയം കടന്നുപോകാൻ കൂട്ടായുള്ളത്. പരിശുദ്ധ അമ്മയ്ക്കുമുണ്ടായിരുന്നു അങ്ങനെ ഒരാൾ – ശിമയോൻ എന്ന വൃദ്ധൻ. നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ കടക്കും എന്നു പ്രവചിച്ചത്. സ്വന്തം കുഞ്ഞിനെ കുരിശേറ്റുന്നതിന് സാക്ഷിയാവുക, പിന്നെ ആ മൃതദേഹം ഏറ്റുവാങ്ങി മടിയിൽ കിടത്തുക, എന്നിട്ടും വിറയ്ക്കാതെയും വിതുമ്പാതെയും തന്റെ സമയത്തിലൂടെ കടന്നുപോകാൻ അമ്മയെ ഒരുക്കിയ ശിമയോൻ എന്ന സാത്വികതേജസ്സ്. പരിശുദ്ധ അമ്മയുടെ കൈപിടിച്ച് ജീവിതപ്രവാഹത്തിന്റെ ചുഴികളിൽനിന്നു കരകയറാം.

ഫാ. സനു സാം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.