സീറോ മലങ്കര ജനുവരി 10 യോഹ. 3: 31-36 സാക്ഷ്യം

സ്നാപകൻ ക്രിസ്തുവിനെക്കുറിച്ചു നൽകുന്ന സാക്ഷ്യത്തിന്റെ തുടർച്ചയാണ്‌ ഇന്നത്തെ സുവിശേഷം. ക്രിസ്തു സ്വർഗത്തിൽനിന്നു വരുന്നവനാണ്‌; എല്ലാവർക്കും ഉപരിയാണ്‌. സ്വർഗീയകാര്യങ്ങൾ സംസാരിക്കുന്ന ക്രിസ്തുവിന്റെ സാക്ഷ്യം സ്വീകരിക്കാൻ ആർക്കും സാധിക്കുന്നില്ല. സാധിക്കുന്നവനോ ദൈവം സത്യവാനാണ് എന്നതിന്‌ മുദ്രവയ്ക്കുന്നു.

ക്രിസ്തുവിനെ സ്വീകരിക്കുന്നവർ സത്യദൈവത്തിന്റെ പുത്രീപുത്രന്മാരായി മാറുകയാണ്‌. പുത്രനിൽ വിശ്വസിക്കുക എന്നതാണ്‌ നിത്യജീവൻ ലഭിക്കുന്നതിനുള്ള ഉപാധി. ഭൗമിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്‌ ഇക്കാലഘട്ടത്തിന്റെ ഒരു ദുരന്തമാണ്‌. തത്ഫലമായി അവഗണിക്കപ്പെടുന്നത്‌ സ്വർഗീയകാര്യങ്ങളാണ്‌. യഥാർഥത്തിൽ നാം ആദ്യം അന്വേഷിക്കേണ്ടത്‌ ‘അവിടുത്തെ രാജ്യവും നീതിയുമാണ്‌.’ അപ്പോൾ ഭൗമിക കാര്യങ്ങൾ അത്ഭുതകരമായി ക്രമീകരിക്കപ്പെടുന്നതുകാണാം.

ക്രിസ്തു ദൈവത്താൽ അയയ്ക്കപ്പെട്ടവനാണ്‌. അവൻ സംസാരിക്കുന്നത്‌ ദൈവത്തിന്റെ വാക്കുകളാണ്‌. അളവറ്റ രീതിയിൽ ആത്മാവിനെ പ്രദാനംചെയ്യുന്ന ദൈവം ക്രിസ്തുവിനെ സ്വീകരിക്കാൻ, അവന്റെ വാക്കുകൾ ഉൾക്കൊള്ളാൻ നമ്മുടെ ഹൃദയങ്ങളെ ആത്മാവിനാൽ നിറയ്ക്കട്ടെ.

ഫാ. വർഗീസ്‌ പന്തിരായിത്തടത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.