സുനാമിയെ തടഞ്ഞുനിർത്തിയ ദിവ്യകാരുണ്യ അദ്ഭുതം

തീരത്തേക്ക് ആഞ്ഞടിച്ച കൂറ്റൻ സുനാമി തിരമാലകളെ ദിവ്യകാരുണ്യം തടഞ്ഞുനിർത്തിയ സംഭവം ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു വിശ്വാസ സാക്ഷ്യമാണ്. കൊളംബിയയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂകമ്പവും അതിനെത്തുടർന്നുണ്ടായ സുനാമിയും ടുമാകോ എന്ന കൊച്ചു ദ്വീപിനെ വിഴുങ്ങാൻ ആഞ്ഞടിച്ചപ്പോഴാണ് ആകാശത്തെയും ഭൂമിയെയും വിറപ്പിച്ച ആ അദ്ഭുതം സംഭവിച്ചത്.

​ആഞ്ഞടിച്ച മഹാമാരി

​1906 ജനുവരി 31- ന് രാവിലെ കൊളംബിയയിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമുണ്ടായി. ഇതിന് പിന്നാലെ ടുമാകോ ദ്വീപിന്റെ തീരത്തുനിന്നും കടൽ വൻതോതിൽ പിന്നോട്ട് മാറി. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ ഒരു കൂറ്റൻ ജലമതിൽ തങ്ങളെ ലക്ഷ്യമാക്കി വരുന്നുണ്ടെന്ന് മനസ്സിലാക്കിയ ജനങ്ങൾ ഭയചകിതരായി പള്ളിയിലേക്ക് ഓടിയെത്തി.

​കടലിനെ ശാസിച്ച ദിവ്യകാരുണ്യം

​അവിടുത്തെ വൈദികരായ ബ്രദർ ജെറാർഡോ ലാരോണ്ടോയും ബ്രദർ ജൂലിയൻ മൊറേനോയും ജനങ്ങൾക്ക് ധൈര്യം പകർന്നു. അവർ തിരുവോസ്തിയുമായി ജനങ്ങളെയും കൂട്ടി കടൽത്തീരത്തേക്ക് നടന്നു. ​മരണപ്പാച്ചിലുമായി വന്ന സുനാമി തിരമാലകൾക്ക് മുന്നിൽ പ്രാർഥനാപൂർവം നിന്നുകൊണ്ട് ബ്രദർ ജെറാർഡോ ദിവ്യകാരുണ്യം ഉയർത്തി കുരിശടയാളം വരച്ചു. ആ നിമിഷം ആഞ്ഞടിച്ചുവന്ന ആ കൂറ്റൻ ജലമതിൽ പെട്ടെന്ന് തകരുകയും ജനങ്ങളുടെ അരയ്‌ക്കൊപ്പം മാത്രമുള്ള സാധാരണ വെള്ളമായി മാറി ശാന്തമാവുകയും ചെയ്തു.

​ഈ അദ്ഭുതം കണ്ട് വികാരാധീനനായ ബ്രദർ ജൂലിയൻ ‘അദ്ഭുതം അദ്ഭുതം’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ട് ജനങ്ങൾ പള്ളിയിലേക്ക് ഘോഷയാത്രയായി നീങ്ങുകയും വിശുദ്ധ കുർബാന പൂർത്തിയാക്കുകയും ചെയ്തു.

​വിസ്മരിക്കാത്ത നന്ദി

​വർഷങ്ങൾ കഴിഞ്ഞിട്ടും ടുമാകോയിലെ ജനങ്ങൾ ഈ ഓർമ്മ നിലനിർത്തുന്നു. എല്ലാ വർഷവും ജനുവരി 31- ന് അവർ ഈ അദ്ഭുതത്തിന്റെ ഓർമ്മ പുതുക്കാൻ ഒത്തുകൂടുന്നു. 1979 – ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഈ ദ്വീപ് സന്ദർശിച്ചിരുന്നു. പ്രകൃതിശക്തികളെപ്പോലും കീഴ്‌പ്പെടുത്താൻ ദിവ്യകാരുണ്യ നാഥന് സാധിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവായി ഈ സംഭവം ഇന്നും ജ്വലിച്ചുനിൽക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.