ജൂലൈ 01 – വിശുദ്ധ എപ്പാര്‍ക്കിയൂസ് (സൈബാര്‍ഡ്)

ആറാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലായിരുന്നു സൈബാര്‍ഡിന്റെ ജനനം. പ്രായപൂര്‍ത്തിയായപ്പോള്‍ മാതാപിതാക്കളുടെ വിലക്കുകള്‍ അവഗണിച്ച് ഡോര്‍ഡോണിലെ ഒരു സന്യാസ സഭയില്‍ അംഗമായി ചേര്‍ന്നു. അധിക കാലം കഴിയുന്നതിനു മുമ്പ് ഏകാന്തജീവിതം നയിക്കുന്നതിനായി ആശ്രമം വിട്ട് ആന്‍ഗോളിനു സമീപത്ത് ഒരു വനഭൂമിയിലേക്ക് താമസം മാറ്റി. അനന്തരം സഭാധികാരികളുടെ നിര്‍ദ്ദേശമനുസരിച്ച് വൈദികനായി. അധികം വൈകാതെ അദ്ദേഹത്തിന് ധാരാളം ശിഷ്യന്മാര്‍ ഉണ്ടായി. അവര്‍ കായികാദ്ധ്വാനം ചെയ്യുന്നതിന് അദ്ദേഹം സമ്മതിച്ചില്ല. സദാ ധ്യാനലീനരായി കഴിയുകയെന്നാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്.

അവര്‍ ജീവിതാവശ്യങ്ങള്‍ക്കു വേണ്ടി ഞെരുങ്ങിയ സന്ദര്‍ഭങ്ങളില്‍ ‘വിശ്വാസം വിശപ്പിനു കീഴടങ്ങുകയില്ല’ എന്ന ഈറാനിമ്മോസിന്റെ വാക്കുകള്‍ ഉന്നയിക്കുക പതിവായിരുന്നു. എങ്കിലും വിശ്വാസികളുടെ സഹായം ധാരാളമായി ലഭിച്ചിരുന്നതുകൊണ്ട് എപ്പാര്‍ക്കിയൂസിനും ശിഷ്യന്മാര്‍ക്കും അധികം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിവന്നില്ല.

വിചിന്തനം: ”ദൈവാനുഗ്രഹമില്ലാത്തപ്പോള്‍ നീ എത്ര ഹീനനും ദരിദ്രനുമാണെന്ന് ദൈവാനുഗ്രഹമുള്ളപ്പോള്‍ ചിന്തിക്കുക.”

ഫാ. ജെ. കൊച്ചുവീട്ടില്‍