ഞായർ പ്രസംഗം: പള്ളിക്കൂദാശാക്കാലം രണ്ടാം ഞായർ നവംബർ 12, മത്തായി 12: 1-13 ബലിയല്ല; കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്

ബ്ര. ഡെന്നീസ് പുതിയാപറമ്പില്‍ MCBS

മിശിഹായില്‍ സ്‌നേഹം നിറഞ്ഞവരേ,

ഈശോ തന്റെ പ്രിയമണവാട്ടിയായ തിരുസഭയെ അന്ത്യവിധിക്കുശേഷം പിതാവായ ദൈവത്തിന് സമര്‍പ്പിക്കുന്നതിനെ ധ്യാനിക്കുന്ന പള്ളിക്കൂദാശക്കാലത്തിലൂടെയാണല്ലോ നാം നീങ്ങുന്നത്. പള്ളിക്കൂദാശക്കാലം രണ്ടാം ആഴ്ചയിലേക്ക് നാം ഇന്ന് പ്രവേശിക്കുമ്പോള്‍ നമ്മുടെ വിചിന്തനത്തിനും പ്രാര്‍ഥനയ്ക്കും ജീവിതനവീകരണത്തിനുമായി തിരുസഭാമാതാവ് നല്‍കുന്ന സുവിശേഷഭാഗം വി. മത്തായിയുടെ സുവിശേഷം 12-ാം അധ്യായം ഒന്നുമുതല്‍ 13 വരെയുള്ള തിരുവചനങ്ങളാണ്. ഈ സുവിശേഷഭാഗത്തിലെ പ്രധാനവിഷയം സാബത്താചരണമാണ്; സാബത്തിനെക്കുറിച്ചുള്ള ഒരു തര്‍ക്കവും സാബത്തില്‍ ഈശോ നല്‍കുന്ന രോഗശാന്തിയും. ഈ രണ്ടു സംഭവങ്ങളുടെ ആകത്തുക എന്ന നിലയ്ക്ക് ഈശോ അടിവരയിട്ട് നമ്മെ പഠിപ്പിക്കുകയാണ്, ബലിയല്ല; കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സാബത്തിന്റെപേരില്‍ മനുഷ്യത്വരഹിതമായ നിയമങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പിക്കുന്നതിനെ ചോദ്യംചെയ്യുന്ന ഈശോ അവയെ കാരുണ്യംകൊണ്ട് മറികടക്കുകയാണ്. വി. ലൂക്കായുടെ സുവിശേഷം 6: 36 തിരുവചനം, “നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍.”

ഇന്നത്തെ എല്ലാ വായനകളും കാരുണ്യത്തിന്റെ ഇതേ സന്ദേശമാണ് നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. ആദ്യവായന പുറപ്പാട് പുസ്തകം 40-ാം അധ്യായം ഒന്നുമുതല്‍ 16 വരെയുള്ള തിരുവചനങ്ങളില്‍, കൂടാരപ്രതിഷ്ഠയുടെ നിയമങ്ങള്‍ ദൈവം തരുന്നു. കൂടാരപ്രതിഷ്ഠയുടെ നിയമങ്ങളില്‍മാത്രം ഒതുങ്ങിനില്‍ക്കാതെ കൂടാരത്തില്‍ ശുശ്രൂഷ നിര്‍വഹിക്കാന്‍ അഹറോനും പുത്രന്മാര്‍ക്കും ദൈവം തന്റെ മഹാകാരുണ്യത്തിന്റെ അച്ചാരമായി പൗരോഹിത്യം നല്‍കുന്നത് നാം വായിക്കുന്നു. രണ്ടാം വായനയില്‍ 1 രാജാ. 8-ാം അധ്യായം 22 മുതല്‍ 29 വരെയുള്ള വാക്യങ്ങളില്‍, വാഗ്ദാനപേടകം ദൈവാലയത്തിലെത്തുമ്പോള്‍ ദൈവത്തിന്റെ അനന്തകാരുണ്യത്തിന് നന്ദിയര്‍പ്പിക്കുന്ന സോളമന്‍ രാജാവിനെ നാം കാണുന്നു.

ഇന്നത്തെ ലേഖനം, ക്രിസ്തുവിനെ പുതിയനിയമത്തിലെ മധ്യസ്ഥനായി ചൂണ്ടിക്കാണിച്ചുകൊണ്ട് ദൈവകരുണയ്ക്ക് പുതിയ അര്‍ഥവും മാനവും നല്‍കുന്നു.
ഇന്നത്തെ സുവിശേഷത്തിലെ ആദ്യസംഭവത്തില്‍, ഒരു സാബത്തുദിവസം യേശുവും ശിഷ്യരും ഒരു ഗോതമ്പുവയലിലൂടെ കടന്നുപോവുകയായിരുന്നു. വിശക്കുന്ന ശിഷ്യര്‍ കതിരുകള്‍ പറിച്ചുതിന്നുന്നു. ഇതുകണ്ട ഫരിസേയര്‍ സാബത്ത് ലംഘിച്ചതിന് ശിഷ്യരെ കുറ്റപ്പെടുത്തുമ്പോള്‍ സാബത്തിന്റെ യഥാര്‍ഥ അര്‍ഥം പറഞ്ഞുകൊണ്ട് ഈശോ തന്റെ കാരുണ്യത്തിന്റെ പുതിയപാഠം അവര്‍ക്ക് പറഞ്ഞുകൊടുക്കുകയാണ്. പഴയനിയമജനതയെ സംബന്ധിച്ചിടത്തോളം സാബത്താചരണം അവരുടെ ജീവിതത്തിന്റെ തന്നെ അടിസ്ഥാനമായിരുന്നു. പുറ. 35: 2-ല്‍ നാം ഇപ്രകാരം വായിക്കുന്നു: “ആറുദിവസം ജോലിചെയ്യുക. ഏഴാം ദിവസം നിങ്ങള്‍ക്ക് വിശുദ്ധദിനമായിരിക്കണം. അന്ന് ജോലിചെയ്യുന്ന ഏവനും വധിക്കപ്പെടണം.” ഇങ്ങനെ ദൈവം നല്‍കിയ സാബത്താചരണത്തെ ഈശോ അപ്പാടെ നിഷേധിക്കുകയല്ല, മറിച്ച് സാബത്തിന്റെ യഥാര്‍ഥ അര്‍ഥത്തിലേക്ക് അവരെ ക്ഷണിക്കുകയാണ്.

ഇവിടെ അര്‍ഥവത്താണ്. ഈശോയും ശിഷ്യരും നടന്നുപോകുന്ന വയല്‍ ലോകത്തെ സൂചിപ്പിക്കുന്നു. വിശപ്പ്, രക്ഷയ്ക്കായുള്ള മനുഷ്യന്റെ ആന്തരികവിശപ്പിന്റെ പ്രതീകമായി നിലകൊള്ളുന്നു. സാബത്തചരണം ഇതിന് പ്രതിവിധിയാകുന്നില്ല. എന്നാല്‍ ഈശോയുടെ കാരുണ്യം അവരുടെ ആന്തരികവിശപ്പിന് ആത്മീയഭോജനമായി മാറുന്നു. ഇന്നത്തെ സുവിശേഷത്തിലെ രണ്ടാമത്തെ സംഭവം ആദ്യസംഭവവുമായി നമുക്ക് ചേര്‍ത്തുവായിക്കാന്‍ സാധിക്കും. ആദ്യസംഭവത്തില്‍ ഈശോ സാബത്തിന് കരുണയുടെ പുതിയ മാനം നല്‍കുമ്പോള്‍ രണ്ടാമത്തെ സംഭവത്തില്‍ അതേ കരുണയെ ഒരു രോഗശാന്തിയായി പ്രവര്‍ത്തിപഥത്തിലെത്തിക്കുകയാണ് അവിടുന്ന്. വി. ഫ്രാന്‍സിസ് ഡി സാലസ് ഇപ്രകാരം പറഞ്ഞിരിക്കുന്നു: “നിയമങ്ങള്‍ വലിയ കാര്യങ്ങള്‍ ചെയ്യുന്നു. എങ്കിലും കരുണ അതിലും വലിയ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു.”

ശ്രീബുദ്ധന്‍ തന്റെ ശിഷ്യന്‍ അനന്തനോടു പറയുന്ന ഒരു കഥ ഇപ്രകാരമാണ്: ആസ്തികന്‍ എന്ന വ്യാപാരി മഹാഗ്രന്ഥങ്ങളുടെ തൂക്കം അളക്കാന്‍ ഒരുമ്പെട്ടു. ത്രാസിന്റെ ഒരുതട്ടില്‍ വേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളും കയറ്റിവച്ചു. മറുതട്ടില്‍ ചുക്ക്, തക്കോലം തുടങ്ങിയ നാണ്യവിളകളും വച്ചു. എന്നാല്‍ മഹാഗ്രന്ഥങ്ങളിരുന്ന തട്ട് താണിരുന്നു. ആസ്തികന്‍ വീണ്ടും സ്വന്തം വീടും പറമ്പും വിറ്റ് സ്വര്‍ണക്കട്ടികളാക്കി കൊണ്ടുവന്നു വച്ച് തൂക്കിനോക്കി. അപ്പോഴും മഹാഗ്രന്ഥങ്ങളുടെ തട്ട് താണുതന്നെ ഇരുന്നു. ഇനിയും എന്തു ചെയ്യും എന്നുചിന്തിച്ച നിമിഷത്തില്‍ വ്യാപാരിയുടെ അടുത്തുനിന്നിരുന്ന ഒരു ശൂദ്രന്‍ പറഞ്ഞു: ‘യജമാനനേ, ഇടത്തെ തട്ടില്‍ അടിയന്‍ കയറിയിരിക്കട്ടെ?’ തട്ടില്‍നിന്നും സമ്പത്ത് മുഴുവന്‍ മാറ്റി ശൂദ്രന്‍ അവിടെ കയറിയിരുന്നു. വേദങ്ങളുടെ തട്ട് പതിയെ മേല്‍പ്പോട്ട് ഉയര്‍ന്നു. ശൂദ്രന്‍ ഇരുന്നു തട്ട് ഭാരംകൊണ്ട് താണു. അവന്‍ ആസ്തികനെ നോക്കി ഇപ്രകാരം പറഞ്ഞു: ‘യജമാനനേ, എനിക്ക് അക്ഷരജ്ഞാനമില്ല, എങ്കിലും ഞാന്‍ പറയട്ടെ. ഈ മഹാഗ്രന്ഥങ്ങള്‍ ജീവനറ്റുപോയവയാണ്. ചിരിക്കാന്‍, സ്‌നേഹിക്കാന്‍, ചിന്തിക്കാന്‍, സംസാരിക്കാന്‍, ഇവയ്ക്ക് കഴിയില്ല. മനുഷ്യന്‍ ഇവയേക്കാള്‍ എത്ര വിലപ്പെട്ടവനാണ്.'” നിയമങ്ങള്‍ മുറുകെപ്പിടിച്ച് മനുഷ്യനെ മനസ്സിലാക്കാതെ ജീവിക്കുകയല്ല വേണ്ടത്, മറിച്ച് ഇവയെ അവഗണിക്കാതെ അവനോട് കാരുണ്യം കാണിക്കുന്നതാണ് ഉചിതം.

ഒന്നുചിന്തിച്ചാല്‍ എത്രമാത്രം ശരിയാണ് ഒരു മനുഷ്യന്‍ ഈ ലോകത്തിലേക്ക് കടന്നുവരുന്നതുമുതല്‍ ഈ ലോകത്തില്‍നിന്ന് കടന്നുപോകുന്നതുവരെ നിയമങ്ങള്‍ ഒരുപരിധിവരെ എത്രമാത്രം കാരുണ്യത്തെ തളച്ചിടുന്നു. ഈശോയുടെ കാരുണ്യത്തില്‍ ചാലിച്ച മനുഷ്യദര്‍ശനം ഇതാണ് – “മനുഷ്യനാണ് ഏറ്റവും വലിയവന്‍. സാബത്ത് നിയമങ്ങള്‍പോലും അതിനുവേണ്ടിയുള്ളതാണ്.”

ഇന്നത്തെ സുവിശേഷം കാരുണ്യത്തിന്റെ രണ്ട് സന്ദേശങ്ങളാണ് നമുക്ക് നല്‍കുന്നത്. ഒന്നാമതായി ദൈവത്തിന്റെ അതിരറ്റ കരുണയില്‍ ശരണപ്പെടാന്‍ ഈശോ നമ്മെ ക്ഷണിക്കുന്നു. ദൈവകാരുണ്യത്തിന്റെ പ്രവാചകയായ വി. ഫൗസ്റ്റിനാ തന്റെ ഡയറിയില്‍ ഇപ്രകാരം കുറിക്കുന്നു: “ലോകത്തിലെ ഏറ്റവും വലിയ പാപിക്കാണ് ദൈവത്തിന്റെ കരുണ സ്വന്തമാക്കാന്‍ ഏറ്റവും കൂടുതല്‍ അവകാശം. നാം എത്രയും പാപികളായിരിക്കട്ടെ; നമ്മെ വിശുദ്ധീകരിക്കാന്‍ ദൈവകരുണയ്ക്കു സാധിക്കും.” കാരുണ്യം വറ്റിപ്പോയ ഈ ലോകത്തില്‍ ദൈവകാരുണ്യത്തിന്റെ വെളിച്ചം നമ്മുടെ ജീവിതങ്ങളിലേക്ക് ഇന്ന് കടന്നുവരുന്നത് പരിശുദ്ധ കുര്‍ബാനയിലൂടെയും കൂദാശകളിലൂടെയുമാണ്. പരിശുദ്ധ കുര്‍ബാനയിലും കുമ്പസാരത്തിലും അടിസ്ഥാനപ്പെടുത്തിയ ഒരു ജീവിതം നയിക്കാന്‍ നമുക്ക് പരിശ്രമിക്കാം.

രണ്ടാമത്തെ സന്ദേശം നമ്മുടെ ജീവിതത്തില്‍ നാം സ്വന്തമാക്കിയ ഈ കരുണ നമ്മുടെ സഹോദരങ്ങളിലേക്കും നല്‍കാന്‍ നമുക്കു സാധിക്കണം എന്നുള്ളതാണ്. ഈശോ വചനത്തില്‍ ഇപ്രകാരം നമ്മെ ഓര്‍മ്മിപ്പി ക്കുന്നു: “ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍.” ചിലപ്പോള്‍ നമ്മുടെ ഒരു വാക്കായിരിക്കാം, നോട്ടമായിരിക്കാം, അല്ലെങ്കില്‍ ഒരു മനോഭാവവമായിരിക്കാം നമ്മുടെ സഹോദരങ്ങളുടെ ജീവിതത്തില്‍ കാരുണ്യമായി മാറുന്നത്. നിയമങ്ങള്‍ക്കപ്പുറം നമ്മുടെ സഹോദരങ്ങളുടെ ജീവിതങ്ങളിലേക്ക് കാരുണ്യവുമായി കടന്നുചെല്ലാന്‍ നമുക്ക് പരിശ്രമിക്കാം.

ഓരോ ബലിയര്‍പ്പണവും കാരുണ്യത്തിന്റെ ആഘോഷമാണ്. അതുകൊണ്ടാണ് പരിശുദ്ധ കുര്‍ബാനയെ ദിവ്യകാരുണ്യം എന്ന് നാം വിളിക്കുന്നത്. ഈ പരിശുദ്ധ കുര്‍ബാനയില്‍ നമുക്ക് ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം. കര്‍ത്താവേ, അങ്ങയുടെ നിലയ്ക്കാത്ത കാരുണ്യത്തിന്റെ ഒരു ഉപകരണമായി എന്നെ മാറ്റേണമേ.

ബ്ര. ഡെന്നീസ് പുതിയാപറമ്പില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.