ഞായർ പ്രസംഗം, നോമ്പുകാലം ഒന്നാം ഞായർ ഫെബ്രുവരി 27, പ്രലോഭനങ്ങളെ അതിജീവിക്കാന്‍

ബ്ര. ലിനു മഞ്ഞനാല്‍ MCBS

മിശിഹായില്‍ സ്‌നേഹം നിറഞ്ഞവരേ,

മിശിഹായുടെ മനുഷ്യാവതാരം – സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള കടന്നുവരവും പരസ്യജീവിതത്തിന്റെ അവസാനഘട്ടത്തിലെ പീഢാസഹന മരണോത്ഥാന സംഭവങ്ങള്‍ – സ്വര്‍ഗത്തിലേക്കുള്ള അവിടുത്തെ കടന്നുപോകലും ആയിരുന്നു. ഈ പെസഹാരഹസ്യത്തിന്റെ ആഘോഷത്തിന് ഒരുക്കമായുള്ള പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും പശ്ചാത്താപത്തിന്റെയും വലിയ നോമ്പിലേക്ക് നമ്മള്‍ പ്രവേശിക്കുകയാണ്.

ഇന്നത്തെ സുവിശേഷ വായനയായ വി. ലൂക്കായുടെ സുവിശേഷം നാലാം അദ്ധ്യായം ഒന്നു മുതല്‍ 13 വരെയുള്ള തിരുവചനങ്ങളില്‍ നാം ഇപ്രകാരം കാണുന്നു: ഈശോതമ്പുരാന്‍ നാല്‍പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ മരുഭൂമിയില്‍ പിശാചിനാല്‍ പരീക്ഷിക്കപ്പെടുകയും എന്നാല്‍ പിശാചിന്റെ തന്ത്രങ്ങളെ അതിജീവിച്ചുകൊണ്ട് താന്‍ ദൈവപുത്രനാണ്എന്ന് അവിടുന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു. പ്രിയപ്പെട്ടവരേ, ഇത് ഇസ്രായേല്‍ ജനവും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് കൂടുതല്‍ മനസിലാക്കാം.

ആദ്യത്തെ പ്രലോഭനം മൂന്നാം വാക്യത്തില്‍ കാണുന്നതു പോലെ, കല്ല് അപ്പമാക്കാനുള്ള പ്രലോഭനം. നാല്‍പതു ദിവസത്തെ ഉപവാസം യേശുവിന് വിശപ്പുണ്ടാക്കി. അപ്പോള്‍ പിശാച് പറയുകയാണ് കല്ല് അപ്പമാക്കി ഭക്ഷിക്കുക. യേശുവിന് വിശന്നതു പോലെ ഇസ്രായേല്‍ ജനത്തിനും വിശക്കുന്നുണ്ട്. അവര്‍ ദൈവമുമ്പാകെ നിലവിളിക്കുന്നുണ്ട്. വീണ്ടും അവരുടെ ചിന്താഗതി വ്യക്തമാകുന്ന സംഭവം പുറപ്പാട് പുസ്തകം 16-ാം അദ്ധ്യായം മൂന്നാം തിരുവചനത്തില്‍ കാണുന്നുണ്ട്.

ഈജിപ്തില്‍ ഇറച്ചിപ്പാത്രത്തിനരികില്‍ മതിയാവോളം അപ്പം തിന്നുകൊണ്ടിരുന്നപ്പോള്‍, കര്‍ത്താവിന്റെ കരത്താല്‍ കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു. എന്നാല്‍ സമൂഹം മുഴുവനെയും പട്ടിണിക്കിട്ട് കൊല്ലാനായി ഞങ്ങളെ ഈ മരുഭൂമിയിലേക്ക് നിങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. വി. അംബ്രോസ് ഇപ്രകാരം വ്യക്തമാക്കുന്നു: “ആദം ആഹാരം വഴിയാണ് വശീകരിക്കപ്പെട്ടത്.” അതുപോലെ തന്നെ അലക്‌സാണ്ട്രിയായിലെ വി. സിറിള്‍ ഇപ്രകാരം പറയുന്നു: “ഭക്ഷണം വഴി ആദത്തില്‍ നമ്മള്‍ പരാജിതരായി. വര്‍ജ്ജനം വഴി മിശിഹായില്‍ നമ്മള്‍ വിജയം നേടി.”

ഇസ്രായേല്‍ ജനത്തിന് ദൈവം ആവോളം മന്ന നല്‍കി അനുഗ്രഹിച്ചു. എന്നാല്‍ മോശ പറഞ്ഞുകൊടുക്കുന്നുണ്ട്, “മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല; കര്‍ത്താവിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന വചനം കൊണ്ടു കൂടിയാണ് ജീവിക്കുന്നത്.” ഇന്നത്തെ ഒന്നാമത്തെ വായനയായ പുറപ്പാട് പുസ്തകം 24-ാം അദ്ധ്യായം 12 മുതല്‍ 18 വരെയുള്ള വാക്യങ്ങളില്‍, ഉടമ്പടി വ്യവസ്ഥകളായ നിയമങ്ങളും കല്‍പനകളും ദൈവത്തില്‍ നിന്ന് സ്വീകരിക്കുന്നതിന്റെ ഒരുക്കമായി മോശ നാല്‍പതു രാവും നാല്‍പതു പകലുമാണ് ദൈവത്തോടൊത്ത് ദിവസങ്ങള്‍ ചെലവഴിച്ചത്.

രണ്ടാമത്, പിശാച് യേശുവിനെ ഒരു വലിയ മലയിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ നിന്ന് സകല രാജ്യങ്ങളും ക്ഷണനേരം കൊണ്ട് കാണിച്ചുകൊടുക്കുന്നു. വീണ്ടും പിശാച് പറയുകയാണ്, “ഇവയുടെ മേല്‍ എല്ലാ അധികാരവും മഹത്വവും നിനക്ക് ഞാന്‍ തരാം. ഇതെല്ലാം എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു. എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് ഞാന്‍ അതു കൊടുക്കുന്നു. നീ എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിന്റേതാകും.” യേശു മറുപടി പറഞ്ഞു: “നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം. അവനെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു.” പിശാചിനെ ആരാധിച്ചാല്‍ സകല അധികാരവും കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ ഈശോ പറഞ്ഞു: “ദൈവത്തെ മാത്രമേ ആരാധിക്കാവൂ. കര്‍ത്താവിന്റെ വചനം പറഞ്ഞുകൊണ്ട് ദൈവപുത്രസ്ഥാനത്ത് യേശു ഉറച്ചുനിന്നപ്പോള്‍ ഇസ്രായേല്‍ ജനം ദൈവത്തിന്റെ കല്‍പന മറന്ന് കാളക്കുട്ടിയെ ആരാധിക്കുന്നു. അതുവഴി ദൈവപുത്രസ്ഥാനം നഷ്ടപ്പെടുത്തുകയാണ് അവര്‍ ചെയ്തത്.”

പ്രിയപ്പെട്ടവരേ, കര്‍ത്താവിനോട് ചേര്‍ന്നു നില്‍ക്കുകയും അവിടുന്നില്‍ ആശ്രയിക്കുകയും ചെയ്താല്‍ നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ നാം വിജ്ഞാനികളാകുമെന്ന് രണ്ടാമത്തെ വായനയിലൂടെ പ്രഭാഷകന്‍ നമ്മെ അനുസ്മരിപ്പിക്കുന്നു.

മൂന്നാമത്തെ പരീക്ഷണം ദേവാലയഗോപുരത്തിന്റെ ശൃംഖത്തില്‍ നിന്ന് താഴേക്കു ചാടുക എന്നതായിരുന്നു. പിശാച് പറയുകയാണ്, “നിനക്ക് ഒരു ആപത്തും വരാതെ ദൂതന്മാര്‍ താങ്ങിക്കൊള്ളും.” ഈശോ പറഞ്ഞു: “നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്നും പറയപ്പെട്ടിരിക്കുന്നു.” പ്രിയപ്പെട്ടവരേ, നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്ന് പറഞ്ഞുകൊണ്ട് ആ പരീക്ഷയെയും പ്രലോഭനത്തെയും ഈശോ അതിജീവിക്കുന്നു. മനുഷ്യരായ നമ്മുടെ മാംസത്തിലും രക്തത്തിലും അവിടുന്ന് ഭാഗഭാക്കായത്, മനുഷ്യന്റെ അനുഭവങ്ങളില്‍ പങ്കുചേര്‍ന്നുകൊണ്ട് നമ്മെ രക്ഷിക്കാനായിരുന്നു. മനുഷ്യവര്‍ഗ്ഗത്തിന്റെ മേല്‍ അധികാരം പുലര്‍ത്തിയിരുന്ന പിശാചിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് അവിടുന്ന് ഈ രക്ഷ സാധിച്ചത് എന്ന് ഇന്നത്തെ ലേഖന വായനയിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

നമ്മുടെ ജീവിതത്തില്‍ പരീക്ഷണങ്ങളുണ്ടാവാം, പ്രലോഭനങ്ങളുണ്ടാവാം. ഭക്ഷണത്തിന്റെ, സമ്പത്തിന്റെ, സ്ഥാനമാനങ്ങളുടെയൊക്കെ പ്രലോഭനങ്ങള്‍ ജീവിതത്തിലുണ്ടാകാം. എന്നാല്‍ അതിനെ അതിജീവിക്കാന്‍ നമുക്ക് സാധിക്കും. 13-ാം വാക്യത്തില്‍ നാം ഇപ്രകാരം കാണുന്നു: “പിശാച് പരീക്ഷണങ്ങളെല്ലാം അവസാനിപ്പിച്ച് നിശ്ചിതകാലത്തേക്ക് അവനെ വിട്ടുപോയി.” അതായത്, തുടരെത്തുടരെ ഈശോയ്ക്ക് ഈ പരീക്ഷണങ്ങളുണ്ടായിരുന്നു. യേശു അതിനെയെല്ലാം അതിജീവിച്ചു. നമ്മുടെയൊക്കെ ജീവിതത്തിലും പിശാചിന്റെ പരീക്ഷണങ്ങളുണ്ടാവാം. അതിനെയെല്ലാം വചനത്തിന്റെയും പ്രാര്‍ത്ഥനകളുടെയും കൂദാശകളുടെയും ശക്തിയാല്‍ അതിജീവിക്കാന്‍ സാധിക്കണം. യാക്കോബിന്റെ ലേഖനം നാലാം അദ്ധ്യായം ഏഴും എട്ടും വാക്യത്തില്‍ നാം ഇപ്രകാരം വായിക്കുന്നു: “ആകയാല്‍, ദൈവത്തിനു വിധേയരാകുവിന്‍. പിശാചിനെ ചെറുത്തു നില്‍ക്കുവിന്‍. അപ്പോള്‍ അവന്‍ നിങ്ങളില്‍ നിന്ന് ഓടിയകന്നുകൊള്ളും.”

എട്ടാം വാക്യം, ദൈവത്തോട് ചേര്‍ന്നുനില്‍ക്കുവിന്‍. അവന്‍ നിങ്ങളോടും ചേര്‍ന്നുനില്‍ക്കും. പ്രിയപ്പെട്ടവരേ, പിശാചിനെ ചെറുത്തു തോല്‍പ്പിക്കാനുള്ള ശക്തി നമുക്ക് യാചിക്കാം. ദൈവം നമ്മെ ബലപ്പെടുത്തും. ഇസ്രായേല്‍ ജനത്തെപ്പോലെ നാം പരാജയപ്പെട്ടു പോകാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. അതോടൊപ്പം കുരിശിന്റെ വഴി നടത്തിയും പ്രാര്‍ത്ഥിച്ചും കൂദാശകളില്‍ പങ്കുകൊണ്ടും നല്ല കുമ്പസാരം നടത്തിയും പ്രായശ്ചിത്തങ്ങള്‍ ചെയ്തും ത്യാഗപ്രവര്‍ത്തികള്‍ വഴിയും പാവങ്ങളെ സഹായിച്ചും ഈ നോമ്പുകാലം നമുക്ക് ആത്മീയ ഉണര്‍വ്വിനുള്ള അവസരമാക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ലിനു മഞ്ഞനാല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.