ഞായർ പ്രസംഗം, പിറവിക്കാലം ഒന്നാം ഞായർ ഡിസംബർ 25 ലൂക്കാ 2: 1-20 പുല്‍ക്കൂട്

“സമ്പത്തില്‍ ദരിദ്രനും ഹൃദയം കൊണ്ട് സമ്പന്നനുമായ ക്രിസ്തു ഇന്ന് നിന്നില്‍ ജന്മമെടുത്തിരിക്കുന്നു.”

ഉണ്ണീശോയാല്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരേ,

ഇന്ന് ഡിസംബര്‍ 25. വിണ്ണിലെ ദൈവം മണ്ണിലേക്കിറങ്ങി യൂദയായിലെ കൊച്ചുപട്ടണമായ ബേത്‌ലെഹേമിലെ ഒരു കാലിത്തൊഴുത്തില്‍ മഞ്ഞു പെയ്യുന്ന, മനം കുളിര്‍ക്കുന്ന ഒരു ദിവസം മനുഷ്യമക്കളുടെ നിലവിളിക്കുള്ള ഉത്തരമായി പിറന്നുവീണതിന്റെ ഓര്‍മ്മദിനം നാം ആഘോഷിക്കുകയാണ്. ക്രിസ്തുമസ് എന്ന മഹോത്സവത്തിന്റെ നാളിലാണ് നാം. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദൂതുമായി ദൈവദൂതന്മാര്‍ ഭൂമിയിലേക്ക് ഇറങ്ങിവന്ന ദിനം. ഏവര്‍ക്കും ഈ പുണ്യദിനത്തിന്റെ ആശംസകള്‍ ഏറെ സ്‌നേഹപൂര്‍വ്വം നേര്‍ന്നുകൊള്ളുന്നു.

ഇന്നത്തെ വായനയില്‍ വി. ലൂക്കായുടെ സുവിശേഷം 2-ാം അധ്യായം 1 മുതല്‍ 20 വരെയുള്ള വാക്യങ്ങളില്‍ ഈശോയുടെ ജനനത്തെക്കുറിച്ചാണ് നാം വായിച്ചുകേട്ടത്. ഇതിലെ 7-ാം വാക്യം നമ്മുടെ ഓരോരുത്തരുടെയും മനസിന് വേദന നല്‍കുകയും നമ്മെ വിഷമിപ്പിക്കുകയും അതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്.

‘എന്തെന്നാല്‍ സത്രത്തില്‍ അവര്‍ക്ക് ഇടം ലഭിച്ചില്ല.’ 2022 വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ പൂര്‍വ്വീകര്‍ ലോകരക്ഷകനായ ക്രിസ്തുവിന് ജനിക്കാനായി അവരുടെ ഭവനങ്ങളില്‍ സ്ഥലം കൊടുത്തില്ല. യൗസേപ്പിതാവ് വീടായ വീടെല്ലാം കയറിയിറങ്ങിയെങ്കിലും ആരും ദൈവപുത്രന്റെ വരവിനെ സ്വീകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഇന്ന് നാം ചെയ്യുന്നതോ, അവനു പിറക്കാന്‍ നമ്മുടെ ഹൃദയത്തില്‍ ഒരിടം കൊടുക്കുന്നില്ലായെന്ന സത്യമാണ്. വീടുകളിലും പള്ളികളിലുമൊക്കെ പുല്‍ക്കൂടുകള്‍ ഒരുക്കുമ്പോള്‍ നാം സ്വയം പരിശോധിക്കേണ്ട ഒരു കാര്യമുണ്ട്. ആയിരം പുല്‍ക്കൂടുകള്‍ നാം പണിതാലും നമ്മുടെ ഹൃദയമാകുന്ന പുല്‍ക്കൂട്ടില്‍ ഉണ്ണി വന്നുപിറക്കുന്നുണ്ടോ എന്ന്.

ഒരിക്കല്‍ കൊച്ചുമകന്‍ വല്യമ്മച്ചിയോടു ചോദിച്ചു: ‘വല്യമ്മച്ചീ, ഈ ഉണ്ണീശോയ്ക്ക് എന്നും ജനിച്ചാല്‍ നമുക്ക് എന്നും ക്രിസ്തുമസ് ആഘോഷിക്കാമായിരുന്നു. പുല്‍ക്കൂടും നക്ഷത്രങ്ങളും മാലബള്‍ബുകളും പടക്കങ്ങളുമൊക്കെയായി എന്തൊരു ആഘോഷമായിരിക്കും.’ അപ്പോള്‍ വല്യമ്മച്ചി അവനെ വാരിപ്പുണര്‍ന്നുകൊണ്ട് അവനോടു പറഞ്ഞു: ‘മോനേ, ഈ കാണുന്നതെല്ലാം കൊച്ചുകുട്ടിയായ നിന്നെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും നിമിഷങ്ങളായിരിക്കാം. എന്നാല്‍ വളര്‍ന്നുവരുമ്പോള്‍ നീ ഓര്‍ക്കണം, ഇന്ന് ഈ പുല്‍ക്കൂട്ടില്‍ ജനിച്ച ക്രിസ്തു എന്നും നിന്റെ ഹൃദയത്തില്‍ ജന്മമെടുക്കുന്നുണ്ട്. അത് തിരിച്ചറിയുമ്പോള്‍ നിന്റെ ജീവിതം അസാധാരണമായ ആനന്ദത്താല്‍ നിറയും. അല്ലാതെ, നിന്നെ തേടിയെത്തിയ ക്രിസ്തുവിനെ ആഘോഷങ്ങളിലൂടെ നഷ്ടമാക്കുന്നതാകരുത് നിന്റെ ഓരോ ക്രിസ്തുമസും.’

പ്രിയമുള്ളവരേ, ആ വല്യമ്മച്ചി പറഞ്ഞ വാക്കുകള്‍ സത്യമാണ്. തന്റെ സര്‍വ്വാധികാരങ്ങളും സമ്പത്തും വിണ്ണുമൊക്കെ വിട്ട് മണ്ണിലെ ഒരു കാലിത്തൊഴുത്തില്‍ പിറന്ന ഉണ്ണീശോയെ സ്വജീവിതത്തില്‍ നാം ആവിഷ്ക്കരിക്കുമ്പോള്‍ നമ്മുടെ ഹൃദയം സന്തോഷത്താല്‍ നിറയും. മനസില്‍ ആനന്ദത്തിന്റെ കുളിര്‍മഴ പെയ്തിറങ്ങും. ആഘോഷങ്ങള്‍ എന്തുമാകട്ടെ, ക്രിസ്തു എന്റെ ഹൃദയത്തില്‍ ജനിക്കുകയും എന്നോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്നുവെന്ന് നാം തിരിച്ചറിഞ്ഞില്ലെങ്കില്‍ നമ്മുടെയൊക്കെ ക്രിസ്തുമസ് സങ്കടത്തിന്റെയും വിഷമങ്ങളുടെയും കനല്‍ നിറച്ച ഒരു ദിവസമായി മാറും. വിണ്ണിലെ തന്റെ ആഡംബരജീവിതവും രാജകീയപദവിയുമൊക്കെ ഉപേക്ഷിച്ച് മണ്ണിലേക്ക് ഇറങ്ങിവന്ന്, ജനിക്കാന്‍ സത്രത്തില്‍ ഒരിടവും ലഭിക്കാതെ കാലിത്തൊഴുത്തില്‍ പിറന്ന ക്രിസ്തു ഇന്ന് നമ്മുടെ ഹൃദയത്തിലും പിറക്കാന്‍ ആഗ്രഹിച്ച് നമ്മുടെ ഹൃദയവാതില്‍ക്കല്‍ വന്നുമുട്ടുമ്പോള്‍ അന്ന് അവന്റെ മുമ്പില്‍ എല്ലാ ഭവനങ്ങളും കൊട്ടിയടച്ചതുപോലെ ഇന്ന് നമ്മുടെ ഹൃദയവും മനസുമൊക്കെ അവന്റെ മുമ്പില്‍ അടയ്ക്കപ്പെടുകയാണോ? ക്രിസ്തു ജനിക്കേണ്ട നമ്മുടെ ഹൃദയങ്ങളില്‍ ആര്‍ക്കാണ് നാം ജന്മം കൊടുത്തിരിക്കുന്നത്? ഈ ലോകത്തിന്റേതായ എല്ലാവിധ ചപ്പുചവറുകളും തിന്മകളും നമ്മുടെ ഹൃദയത്തില്‍ നാം കുന്നുകൂട്ടിയിരിക്കുകയാണോ?

ഇന്ന് മറ്റുള്ളവരേക്കാള്‍ ഒന്നാമനാകാന്‍ കുറേ സമ്പത്തൊക്കെ വാരിക്കൂട്ടാനായി ഹൃദയം സജ്ജമാക്കി അതിനായി മത്സരിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും മുമ്പില്‍ സമ്പത്തില്‍ ദരിദ്രനും ഹൃദയം കൊണ്ട് സമ്പന്നനുമായ ക്രിസ്തുവിന്റെ ജനനം ഒരു പാഠമായിരിക്കട്ടെ. ക്രിസ്തുവിന് പിറക്കാന്‍ നമ്മുടെ ഹൃദയങ്ങളില്‍ ഇടം കൊടുക്കുന്നില്ലെങ്കില്‍ ഈ ക്രിസ്തുമസ് കൊണ്ട് നാം നമ്മെയും മറ്റുള്ളവരെയും കബളിപ്പിക്കുകയാണ്. കാരണം, ക്രിസ്തു നമ്മുടെ ഹൃദയങ്ങളില്‍ ജനിച്ചിട്ടില്ലാതിരിക്കെ അവന്‍ ജനിച്ചു എന്നുപറഞ്ഞ് നാം നുണ പറയുന്നു. ക്രിസ്തു നമ്മില്‍ ജനിച്ചിട്ടില്ലെങ്കില്‍ എങ്ങനെ മറ്റുള്ളവര്‍ക്ക് ഇന്ന് ക്രിസ്തുമസാണ്, ഇത് എന്റെ ക്രിസ്തുവാണ്, ഞാന്‍ ക്രിസ്ത്യാനിയാണ് എന്നൊക്കെ പറഞ്ഞ് പരിചയപ്പെടുത്താന്‍ സാധിക്കുക?

സ്‌നേഹമുള്ളവരേ, ക്രിസ്തു പലവിധത്തില്‍ നമ്മില്‍ ജനിക്കുന്നുണ്ട്. മാമ്മോദീസായിലൂടെയും സ്ഥൈര്യലേപനത്തിലൂടെയും അനുദിനം അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയിലൂടെയും നമ്മെ വിശുദ്ധീകരിക്കുന്ന കുമ്പസാരത്തിലൂടെയും ക്രിസ്തു നമ്മില്‍ ജനിക്കുന്നുണ്ട്. പക്ഷേ, നാം ചെയ്യേണ്ട കാര്യമിതാണ്, ക്രിസ്തുവിന് ജനിക്കാന്‍ തക്കവണ്ണം നമ്മുടെ ഹൃദയം ഒരുക്കുക. അ ങ്ങനെ നമ്മുടെ ഹൃദയം ഒരുക്കിക്കഴിയുമ്പോള്‍ ക്രിസ്തു ഏതു ദൗത്യവുമായി 2022 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ഭൂമിയില്‍ പിറന്നോ അതേ ദൗത്യം തന്നെ വിശപ്പിന്റെ വിളിയില്‍ അപ്പമാകാനും, വേദനിക്കുന്നവന്റെ മുമ്പില്‍ ആശ്വാസമാകാനും, മര്‍ദ്ദിതരുടെ വിലങ്ങുകളില്‍ സാന്ത്വനമാകാനും, അന്ധരുടെ വഴികളില്‍ പ്രകാശമാകാനുമൊക്കെ നമുക്ക് സാധിക്കും. അങ്ങനെ വരുമ്പോള്‍ ഉണ്ണീശോയെ കണ്ട് തൃപ്തിയടഞ്ഞ ആട്ടിടയരേക്കാള്‍ ഭാഗ്യവാന്മാരാണ് നമ്മള്‍. കാരണം, അവിടുത്തെ നമ്മുടെ ഹൃദയങ്ങളില്‍ സ്വീകരിക്കാനും അവനോടൊത്ത് വസിക്കാനും നമുക്ക് കഴിയും.

പ്രിയമുളളവരേ, ദൈവം മനുഷ്യനായതിന്റെ വലിയ ആഘോഷമായ ക്രിസ്തുമസ് കൊണ്ടാടുമ്പോള്‍ നാം ഓര്‍ക്കണം, നല്ലൊരു ഹൃദയത്തിന് ഉടമകളായാല്‍ മാത്രമേ ക്രിസ്തുമസ് നമ്മിലും നമ്മുടെ കുടുംബങ്ങളിലുമൊക്കെ സംഭവിക്കുകയുള്ളൂ. അതുകൊണ്ട് നമ്മുടെ ഹൃദയത്തിലും കുടുംബത്തിലുമൊക്കെ ഉണ്ണിയേശുവിന്റെ സാന്നിധ്യം ഉറപ്പിക്കേണ്ട ഉത്തരവാദിത്വം നമുക്കോരോരുത്തര്‍ക്കുമാണ്. ഉണ്ണീശോ നമ്മുടെ ഹൃദയത്തില്‍ വന്നുകഴിയുമ്പോള്‍ നാം അവനോടൊത്ത് നമ്മുടെ ക്രിസ്തുമസ് ഇന്ന് ആഘോഷിക്കും. ഇല്ലെങ്കില്‍ വേറെയൊരു ക്രിസ്തുമസിനു വേണ്ടി നാം ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.

ഒരിക്കല്‍ ഒരു ചെറുപ്പക്കാരന്‍ ബസില്‍ യാത്ര ചെയ്യുകയാണ്. ബസ് നിറയെ ആളുകളും. ഈ യുവാവ് സ്വസ്ഥമായി ഒരു സീറ്റില്‍ ഇരിക്കുകയാണ്. അവന്റെ മുമ്പിലായി ആശുപത്രിപ്പടിക്കല്‍ നിന്നും കയറിയ കൈ പ്ലാസ്റ്ററിട്ട ഒരു കുട്ടിയും ഇരിപ്പുണ്ട്. അപ്പോള്‍ കാല് വയ്യാത്ത ഒരു ചേട്ടത്തി അവരുടെ സമീപത്തേക്ക് കയറി വന്നു. ഈ യുവാവ് പണ്ട് മുതിര്‍ന്നവരെ കണ്ടാല്‍ സീറ്റ് ഒഴിഞ്ഞുകൊടുത്തു കൊണ്ടിരുന്നതാണ്. എന്നാലിപ്പോള്‍ അയാള്‍ തന്റെ മനസ് കഠിനമാക്കി ആ കാലു വയ്യാത്ത ചേട്ടത്തിയെ കണ്ടില്ലാന്നു നടിച്ച് പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു. എന്നാല്‍ കൈ പ്ലാസ്റ്ററിട്ട ആ കുട്ടി സീറ്റ് ഒഴിഞ്ഞുകൊടുത്തു. ആ കുട്ടിയുടെ പ്രവര്‍ത്തി കണ്ട് അവന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. കാരണം, പണ്ട് കുട്ടിയായിരുന്നപ്പോള്‍ താനും ഒരുപാടു പേര്‍ക്കു വേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുത്തതാണ്. എന്നാല്‍ ഇപ്പോള്‍ തന്റെ കഠിനഹൃദയത്തെ ഇളക്കുവാനായി ഒരു കുട്ടി തന്നെ വേണ്ടിവന്നു. വി. ലൂക്കായുടെ സുവിശേഷം 2-ാം അധ്യായം 7-ാം വാക്യത്തില്‍ അവര്‍ക്ക് സത്രത്തില്‍ ഇടം ലഭിച്ചില്ല എന്നു പറയുമ്പോഴും നാം മനസിലാക്കേണ്ട ഒരു കാര്യമുണ്ട്, ഉണ്ണിയേശുവിന് ജനിക്കാന്‍ ഇടമില്ലാതിരുന്നത് സത്രത്തിലല്ല, നമ്മുടെ ഓരോരുത്തരുടെയും കഠിനഹൃദയങ്ങളിലാണ്.

ഉണ്ണിയേശുവിനെ വരവേല്‍ക്കാനായി ഇക്കഴിഞ്ഞ ദിവസമൊക്കെയും നോമ്പും പ്രാര്‍ത്ഥനയും ഉപവാസവുമൊക്കെയായി ക്രിസ്തുവിന്റെ ജനനത്തിനായി ഒരുങ്ങിയിട്ട് ഉണ്ണീശോ ഇല്ലാത്ത പുല്‍ക്കൂടുകള്‍ പോലെ ആകരുത് നമ്മുടെ ഓരോരുത്തരുടെയും ഹൃദയവും. അവനെ നഷ്ടപ്പെടാതെ ഹൃദയത്തില്‍ സ്വീകരിക്കുന്നതിനായി സര്‍വ്വശക്തനായ ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവിനും എന്നേക്കും, ആമ്മേന്‍.

ബ്ര. ജോണ്‍സണ്‍ പുളിങ്ങാപ്പള്ളില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.