ഞായർ പ്രസംഗം, മംഗളവാർത്താക്കാലം നാലാം ഞായർ ഡിസംബർ 18, ദൈവത്തോട് ചേരാന്‍

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞ മാതാപിതാക്കളേ, പ്രിയ സഹോദരങ്ങളേ,

മംഗളവാര്‍ത്താക്കാലത്തിന്റെ നാലാം ആഴ്ചയില്‍ തിരുസഭ പുതിയ ആരംഭങ്ങളെക്കുറിച്ചാണ് നമ്മെ പഠിപ്പിക്കുന്നത്. ഇസഹാക്കും റബേക്കയും തങ്ങളുടെ വിവാഹത്തിലൂടെ പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതും, സാമുവേലിന്റെ ജനനത്തോടെ നിരാശയുടെ ഇരുള്‍ മൂടിയിരുന്ന ഹന്നായുടെ ജീവിതത്തിലേക്ക് പ്രത്യാശയുടെ പുതുകിരണം കടന്നുവരുന്നതും നാം കാണുന്നു. ലേഖനഭാഗത്ത് പാപത്തിന്റെ നിദ്രാലസ്യത്തില്‍ നിന്ന് നിത്യസത്യവും പ്രകാശവുമായ ക്രിസ്തുവിലേക്കുള്ള കടന്നുവരവിനെക്കുറിച്ചാണ് വി. പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നത്.

ഇന്നത്തെ സുവിശേഷത്തില്‍ നാം കണ്ടുമുട്ടുന്നത്, ജീവിതത്തില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുവാന്‍ നിസ്സഹായനായി നില്‍ക്കുന്ന യൗസേപ്പിനെ സഹായിക്കുന്ന ദൈവത്തെയാണ്. തച്ചനായ യൗസേപ്പില്‍ നിന്ന് യൗസേപ്പിതാവിലേക്കുള്ള രൂപാന്തരീകരണമാണ് യൗസേപ്പിന്റെ ജീവിതത്തിലെ പുതിയ ആരംഭം എന്നു പറയുന്നത്. എങ്ങനെയാണ് ഈ മാറ്റം യൗസേപ്പിന്റെ ജീവിതത്തില്‍ സംഭവിച്ചത് എന്നതാണ് ഇന്നത്തെ വചനഭാഗത്തിലെ ചോദ്യവും വെല്ലുവിളിയും. യൗസേപ്പിന്റെ ജീവിതത്തിലെ പുതിയ ആരംഭത്തെക്കുറിച്ച് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതകളില്‍ നിന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കും.

യൗസേപ്പ് പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നു. മറിയവുമൊത്തുള്ള ഒരു കുടുംബജീവിതം സ്വപ്നം കണ്ടിരുന്ന അദ്ദേഹത്തിന്റെ അരികിലേക്ക് വെല്ലുവിളി നിറഞ്ഞ ജീവിതദൗത്യം കടന്നുവന്നപ്പോള്‍, സ്വന്തം ബുദ്ധിയില്‍ ആശ്രയിക്കാതെ ദൈവത്തില്‍ ആശ്രയിക്കാന്‍തക്ക വിവേകവും ജ്ഞാനവും യൗസേപ്പിനുണ്ടായിരുന്നു. ഈ ജ്ഞാനവും വിവേകവും അദ്ദേഹത്തിനു ലഭിച്ചത് അദ്ദേഹത്തിന്റെ ആഴമേറിയ ആത്മീയതയില്‍ നിന്നാണ്.

മരിയ വാള്‍ തോല്‍ത്തയുടെ ‘ദൈവമനുഷ്യന്റെ സ്‌നേഹഗീത’യില്‍ തിരുക്കുടുംബത്തിന്റെ പ്രാര്‍ത്ഥനാരൂപത്തെക്കുറിച്ച് ഇങ്ങനെ കുറിക്കുന്നുണ്ട്: ‘ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും ഞങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് മുന്‍ഗണന കൊടുത്തിരുന്നു. ക്ഷീണം, തിരക്ക്, ജോലി, ആകുലതകള്‍ എന്നിവയൊന്നും ഞങ്ങളുടെ പ്രാര്‍ത്ഥനയെ തടസപ്പെടുത്തിയിരുന്നില്ല. നേരെ മറിച്ച്, അവയെല്ലാം പ്രാര്‍ത്ഥനയെ സഹായിക്കുകയാണ് ചെയ്തിട്ടുള്ളത്.’ പ്രാര്‍ത്ഥനയുടെ മനുഷ്യനായ യൗസേപ്പ് സ്വര്‍ഗത്തിലേക്ക് കണ്ണുകളുയര്‍ത്തിയപ്പോള്‍ സ്വര്‍ഗം അവനെ സഹായിക്കാനായി ഇറങ്ങിവന്നു. നമ്മുടെ അനുദിന ജീവിതാവസ്ഥകളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഒരുപക്ഷേ, നമ്മുടെ ആകുലതകളിലും പ്രയാസങ്ങളിലും തിരക്കുകളിലുമെല്ലാം നാം ആദ്യം അടയ്ക്കുന്നത് പ്രാര്‍ത്ഥനയുടെ വാതിലുകളായിരിക്കും. പ്രാര്‍ത്ഥനയുടെ വാതിലുകളടച്ച് പരാതികളുടെ വാതിലുകള്‍ തുറക്കുന്നവരായ നമ്മോട് യൗസേപ്പ് പിതാവിന്റെ ജീവിതത്തെ മുന്‍നിര്‍ത്തി ഫ്രാന്‍സിസ് മാര്‍പാപ്പ പാത്രിസ് കോര്‍ദയിലൂടെ പറയുന്നു: ദൈവത്തില്‍ അചഞ്ചലമായി വിശ്വസിച്ചാല്‍ നമ്മുടെ ബലഹീനതകളിലൂടെയും ദൗര്‍ബല്യങ്ങളിലൂടെയും ദൈവത്തിന്റെ പദ്ധതി നടപ്പിലാക്കുമെന്ന് യൗസേപ്പ് നമ്മെ പഠിപ്പിക്കുന്നു. ജീവിതത്തിന്റെ പരീക്ഷണങ്ങള്‍ക്കിടയില്‍ ദൈവം കാണിക്കുന്ന വഴിയെ നടക്കാന്‍ ഒട്ടും മടിക്കേണ്ടതില്ലെന്ന് യൗസേപ്പ് ഓര്‍മ്മിപ്പിക്കുന്നു. പലപ്പോഴും ജീവിതാവസ്ഥകളുടെ നിയന്ത്രണത്തിനായി നാം ആഗ്രഹിക്കും. പക്ഷേ, ജീവിതത്തിന്റെ സമഗ്രചിത്രം ദര്‍ശിക്കാനാവുക ദൈവത്തിനാണ്. മനുഷ്യയുക്തി അനുസരിച്ച് വെല്ലുവിളി നിറഞ്ഞ ഒരു പദ്ധതി ദൈവം യൗസേപ്പിനായി ഒരുക്കിവച്ചപ്പോള്‍ പരാതികള്‍ പറയാതെ, മറുചോദ്യം ഉന്നയിക്കാതെ അവയെ ഏറ്റെടുക്കാന്‍ യൗസേപ്പ് സന്നദ്ധനായി എന്ന് സുവിശേഷം പഠിപ്പിക്കുന്നുണ്ട്.

ഉപാധികളില്ലാതെ ദൈവികപദ്ധതികളോട് സഹകരിച്ചു എന്നാണ് യൗസേപ്പിതാവിന്റെ വ്യക്തിത്വത്തിന്റെ അടുത്ത പ്രത്യേകത. ദൈവത്തോടുള്ള അനുസരണാശീലമായിരുന്നു തന്റെ പ്രതിസന്ധിയെ മറികടക്കാനും മറിയത്തെ സംരക്ഷിക്കാനും യൗസേപ്പിനെ സഹായിച്ചത് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പഠിപ്പിക്കുന്നു. തന്റെ ഭൗമികപിതാവിനെ ചൂണ്ടി ക്രിസ്തു നമ്മോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്: എന്റെ യൗസേപ്പിതാവിനെപ്പോലെ മനുഷ്യബുദ്ധിക്ക് അപ്രാപ്യമായ ദൈവികപദ്ധതികളോട് മറുചോദ്യങ്ങള്‍ ഉന്നയിക്കാതെ അവയ്ക്ക് ആമ്മേന്‍ പറയാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? അപ്രകാരം ചെയ്യാന്‍ നാം തയ്യാറായാല്‍ നമ്മുടെ തീരുമാനങ്ങള്‍ക്കുമേല്‍ ദൈവം പ്രകാശം ചൊരിയും. കാരണം യൗസേപ്പ് എല്ലാം സ്പഷ്ടമാക്കുന്ന ഒരു പാതയല്ല, മറിച്ച് എല്ലാം സ്വീകരിക്കുന്ന ഒരു പാതയാണ് നമുക്ക് കാണിച്ചുതന്നത്. സ്വന്തം ഇഷ്ടങ്ങളും തീരുമാനങ്ങളും മാറ്റിവച്ച് ദൈവത്തിന്റെ പദ്ധതികള്‍ക്ക് ആമ്മേന്‍ പറഞ്ഞപ്പോള്‍ യൗസേപ്പിന്റെ ജീവിതത്തില്‍ പുതിയ ആരംഭങ്ങള്‍ കുറിക്കപ്പെടുന്നത് നാം കാണുന്നു.

യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരു കഥ ഇപ്രകാരമാണ്: മറിയത്തിന്റെ നാവില്‍ നിന്ന് അവിശ്വസനീയമായ ആ വാര്‍ത്ത കേട്ട് തരിച്ചുനിന്ന് യൗസേപ്പ് അവളോട് യാതൊന്നും പറയാതെ ആ വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയാണ്. പകല്‍ മുഴുവന്‍ അയാള്‍ റബ്ബിമാരുടെ അടുത്തും ഗ്രന്ഥപുരകളിലുമായി ചെലവഴിച്ചു. കിരാതമായ കല്ലേറില്‍ നിന്നും മറിയത്തെ രക്ഷിക്കാന്‍ എന്തെങ്കിലും വഴികളുണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നു ആ നീതിമാന്‍. പക്ഷേ, നിയമവും ഗുരുക്കന്മാരും ഒരേ സ്വരത്തില്‍ അയാളോടു പറഞ്ഞു: അവളെ കല്ലെറിയുക! ദൈവമേ, ഒരു വഴി കാണിക്കേണമേ എന്ന നെടുവീര്‍പ്പോടെ തിരികെ വീട്ടിലെത്തി ഉറങ്ങാന്‍ കിടന്ന യൗസേപ്പിന് ഒരു ദര്‍ശനം ഉണ്ടാവുകയാണ്. കോമളനായ ഒരു ശിശു യൗസേപ്പിനെയും മറിയത്തെയും സ്വര്‍ഗത്തിന്റെ പടിക്കെട്ടുകള്‍ കൈപിടിച്ചു കയറ്റുന്നു. നിദ്രയില്‍ നിന്നും ഞെട്ടിയെഴുന്നേറ്റ യൗസേപ്പിനു മുന്നില്‍ രക്ഷാകര രഹസ്യങ്ങള്‍ ഒന്നൊന്നായി ചുരുളഴിഞ്ഞു. പിന്നീടൊരിക്കലും യൗസേപ്പ് ആകുലനായിട്ടില്ല. എല്ലാം ദൈവത്തില്‍ സമര്‍പ്പിച്ചു ജീവിക്കാന്‍ ആ പിതാവ് പഠിച്ചുകഴിഞ്ഞിരുന്നു.

മറിയത്തെ ഭാര്യയായി സ്വീകരിക്കുക എന്നത് ദൈവികപദ്ധതിയാണ് എന്ന് തിരിച്ചറിഞ്ഞ തച്ചനായ യൗസേപ്പ്, യൗസേപ്പ് പിതാവായി മാറുകയാണ്. തച്ചനില്‍ നിന്ന് പിതാവിലേക്കുള്ള രൂപാന്തരീകരണമായിരുന്നു യൗസേപ്പിന്റെ ജീവിതത്തിലെ പുതിയ ആരംഭം. ‘മറ്റൊരാളുടെ ഉത്തരവാദിത്വം എപ്പോള്‍ ഏറ്റെടുക്കുന്നുവോ അപ്പോള്‍ ഒരു മനുഷ്യന്‍ പിതാവായി മാറുന്നു’ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ യൗസേപ്പിതാവിനെക്കുറിച്ചുള്ള പഠനത്തില്‍ പറയുന്നുണ്ട്. പിതാവായി മാറിയ യൗസേപ്പ് നമ്മോട് ആവശ്യപ്പെടുന്നത്, നമ്മുടെ ചുറ്റുമുള്ള വ്യക്തികളുടെയും വസ്തുക്കളുടെയും പ്രകൃതിയുടെയും ഉത്തരവാദിത്വമുള്ള കാര്യസ്ഥന്മാരായി നാം മാറണം എന്നാണ്.

ദൈവം ഏല്‍പിച്ച ഉത്തരവാദിത്വങ്ങളോട് അങ്ങേയറ്റം വിശ്വസ്തനായിരുന്നു യൗസേപ്പ് എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷത. യൗസേപ്പിതാവ് തന്റെ പ്രാര്‍ത്ഥനയിലൂടെയും അനുസരണത്തിലൂടെയും ദൈവികപദ്ധതികളോടുള്ള സഹകരണത്തിലൂടെയും വിശ്വസ്തതയിലൂടെയും തന്റെ ജീവിതത്തില്‍ പുതിയ ആരംഭങ്ങള്‍ കുറിച്ചതുപോലെ ദൈവം നമുക്കായി ഒരുക്കിവച്ചിരിക്കുന്ന പുതിയ ആരംഭങ്ങളിലേക്ക് ദൈവത്തിന്റ കരം പിടിച്ചുകൊണ്ട് നമുക്കും നടന്നടുക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ജോണി ഇടക്കാട്ട് MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.