ഞായർ പ്രസംഗം: ശ്ലീഹാക്കാലം മൂന്നാം ഞായർ ജൂൺ 07, ലൂക്കാ 9: 1-6 ദൈവപരിപാലനയില്‍ ആശ്രയിക്കുന്ന സുവിശേഷയാത്ര

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞവരേ,

ശ്ലീഹാക്കാലത്തിന്റെ മൂന്നാമത്തെ ഞായറാഴ്ചയിലേക്ക് നാം പ്രവേശിക്കുമ്പോള്‍ തിരുസഭാമാതാവ് ഇന്ന് നമ്മുടെ വിചിന്തനത്തിനായി നല്‍കുന്നത് ക്രിസ്തീയജീവിതത്തിന്റെ ഏറ്റവും മനോഹരമായ ഒരു ദൗത്യത്തെ – ‘അയയ്ക്കപ്പെടുക’ എന്നതിനെക്കുറിച്ചാണ്. പെന്തക്കുസ്തായ്ക്കു ശേഷം പരിശുദ്ധാത്മാവിനാല്‍ ജ്വലിക്കപ്പെട്ട ശ്ലീഹന്മാര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് സുവിശേഷവുമായി കടന്നുപോയതുപോലെ, മാമ്മോദീസായിലൂടെ ക്രിസ്തുവിന്റെ ശരീരത്തോട് ചേര്‍ക്കപ്പെട്ട നാമെല്ലാവരും അവിടുത്തെ പ്രേഷിതരാണെന്ന വലിയ സത്യം ഈ കാലഘട്ടം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

തിരുസഭ ഇന്ന് വിചിന്തനത്തിനായി നല്‍കുന്ന വായനകള്‍ ഈ പ്രേഷിതദൗത്യത്തിന്റെ വിവിധ വശങ്ങളെ അനാവരണം ചെയ്യുന്നു. പുറപ്പാടിന്റെ പുസ്തകത്തില്‍, ഇസ്രായേല്‍ ജനത്തിന് വഴിവിളക്കായി ദൈവം തന്റെ ദൂതനെ അയയ്ക്കുന്നതും ആ വഴിത്താരകളില്‍ ദൈവികസംരക്ഷണം ഉറപ്പ് നല്‍കുന്നതും നാം കാണുന്നു. യോനായുടെ പുസ്തകമാകട്ടെ, ദൈവത്തിന്റെ കാരുണ്യത്തിന് അതിര്‍വരമ്പുകളില്ലെന്നും മാനസാന്തരപ്പെടുന്ന ഏതൊരു പാപിയെയും സ്വീകരിക്കാന്‍ ദൈവം സന്നദ്ധനാണെന്നും നമ്മെ പഠിപ്പിക്കുന്നു. വി. പൗലോസ് ശ്ലീഹാ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തിലൂടെ സുവിശേഷപ്രഘോഷണം എന്നത് കേവലം പ്രസംഗമല്ല, മറിച്ച് ദൈവത്തിനര്‍പ്പിക്കുന്ന പരിശു ദ്ധമായ ഒരു ആരാധനയാണെന്ന് വെളിപ്പെടുത്തുന്നു. പ്രിയപ്പെട്ടവരേ, വി. ലൂക്കായുടെ സുവിശേഷം ഒന്‍പതാം അധ്യായം ഒന്ന് മുതല്‍ ആറ് വരെയുള്ള വാക്യങ്ങളില്‍ ഈശോ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ പ്രേഷിതവേലയ്ക്കായി അയയ്ക്കുന്ന സന്ദര്‍ഭമാണ് നാം വായിക്കുന്നത്. ഈ സുവി ശേഷഭാഗം നമ്മുടെ ജീവിതത്തിന് നല്‍കുന്ന മൂന്ന് പ്രധാന ചിന്തകള്‍ നമുക്ക് പങ്കുവയ്ക്കാം.

ഒന്ന്, അധികാരവും ശക്തിയും നല്‍കുന്ന ദൈവം. ഈശോ ശിഷ്യന്മാരെ വെറുംകൈയോടെയല്ല അയയ്ക്കുന്നത്. സകല പിശാചുക്കളുടെയുംമേല്‍ അധികാരവും രോഗങ്ങള്‍ സുഖപ്പെടുത്താനുള്ള ശക്തിയും നല്‍കിക്കൊണ്ടാണ് അവിടുന്ന് അവരെ നിയോഗിക്കുന്നത്. സ്വന്തം ബലമല്ല, ദൈവത്തിന്റെ കൃപയിലാണ് എന്റെ ആശ്രയവും ബലവും. നമ്മുടെ കുടുംബത്തിലോ, ജോലിസ്ഥലത്തോ, സമൂഹത്തിലോ ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്താന്‍ വിളിക്കപ്പെടുമ്പോള്‍ പലപ്പോഴും ‘എനിക്ക് അതിനുള്ള കഴിവുണ്ടോ’ എന്ന ഭയം നമ്മെ പിടികൂടാറുണ്ട്. എന്നാല്‍, ക്രിസ്തീയദൗത്യം എന്നത് വ്യക്തിപരമായ കഴിവുകളിലോ, പ്രസംഗപാടവത്തിലോ അധിഷ്ഠിതമല്ല. വി. പൗലോസ് ശ്ലീഹാ തന്റെ ബലഹീനതകളില്‍ തളര്‍ന്നപ്പോള്‍ കര്‍ത്താവ് നല്‍കിയ മറുപടി നമ്മുടെ ഓരോരുത്തരുടെയും കരുത്താണ്. ”എന്റെ കൃപ നിനക്ക് മതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്റെ ശക്തി പൂര്‍ണ്ണമായി പ്രകടമാകുന്നത്” (2 കൊറി 12:9). നമ്മുടെ കുറവുകളെയും കഴിവുകേടുകളെയും കുറിച്ച് ആകുലപ്പെടുന്നതിനു പകരം നമ്മിലൂടെ പ്രവര്‍ത്തിക്കുന്നത് ദൈവമാണെന്ന ബോധ്യമാണ് നമുക്കുണ്ടാകേണ്ടത്. നാം ശൂന്യരാകുമ്പോഴാണ് ദൈവത്തിന് നമ്മില്‍ നിറയാന്‍ സാധിക്കുന്നത്.

എന്റെ ശക്തിയുടെ ഉറവിടം

മത്തായി 28:18 ല്‍ ഈശോ പറയുന്നതുപോലെ, ”സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു.” ആ അധികാരത്തിന്റെ പങ്ക് പറ്റുന്നവരാണ് നാം. അതുകൊണ്ട് തിന്മയുടെ ശക്തികള്‍ക്കു മുന്‍പിലോ, ലോകത്തിന്റെ വെല്ലുവിളികള്‍ക്കു മുന്‍പിലോ പതറേണ്ടതില്ല. നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളില്‍ നാം തളര്‍ന്നുപോകുമ്പോള്‍ ഓര്‍ക്കുക, നമ്മെ വിളിച്ചവന്‍ വിശ്വസ്തനാണ്.

രണ്ട്, ”ഭൗതികതയേക്കാളുപരി ദൈവപരിപാലനയിലുള്ള ആശ്രയമാണ് നമുക്ക് വേണ്ടത്.” യാത്രയ്ക്ക് വടിയോ, സഞ്ചിയോ, അപ്പമോ, പണമോ ഒന്നും എടുക്കരുത്; രണ്ട് കുപ്പായങ്ങളുമരുത്.” ലോകത്തിന്റെ കണ്ണില്‍ ഇത് തികച്ചും അപ്രായോഗികവും അവിവേകവുമാണെന്നു തോന്നാം. എന്നാല്‍, ക്രിസ്തു തന്റെ ശിഷ്യന്മാര്‍ക്കു നല്‍കിയ ഏറ്റവും വിപ്ലവാത്മകമായ നിര്‍ദേശമാണിത്. എന്തുകൊണ്ടാണ് ഈശോ ഇത്ര കഠിനമായ ഒരു നിര്‍ദേശം നല്‍കിയത്. പ്രേഷിതന്‍ തന്റെ സുരക്ഷിതത്വം കണ്ടെത്തേണ്ടത് ബാങ്കിലെ സമ്പാദ്യത്തിലോ, കൈയിലുള്ള വടിയിലോ അല്ല, മറിച്ച് തന്നെ അയച്ചവന്റെ സ്‌നേഹപരിപാലനയിലാണ് എന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനാണ് അവിടുന്ന് ഇത് പറഞ്ഞത്. ദൈവരാജ്യത്തിന് മുന്‍ഗണന നല്‍കുന്ന ജീവിതം.

നമ്മുടെ ജീവിതത്തില്‍ നാം എന്തിനെയാണോ ഒന്നാമതായി പ്രതിഷ്ഠിക്കുന്നത്, അത് നമ്മുടെ ജീവിതശൈലിയെ നിയന്ത്രിക്കും. ഈശോയുടെ നിര്‍ദേശം വിരല്‍ചൂണ്ടുന്നത് മത്തായി ആറാം അധ്യായം 33-ാം വാക്യത്തിലേക്കാണ്. ”ആദ്യം നിങ്ങള്‍ ദൈവരാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുവിന്‍. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും.” നാം ദൈവത്തിന്റെ കാര്യങ്ങളില്‍ വ്യാപൃതരാകുമ്പോള്‍ ദൈവം നമ്മുടെ കാര്യങ്ങള്‍ ഏറ്റെടുക്കുമെന്ന് ഈ വചനം ഉറപ്പ് നല്‍കുന്നു. നാളെ എന്ത് സംഭവിക്കുമെന്ന ഭയമാണ് പലപ്പോഴും നമ്മുടെ ജീവിതത്തെ തളര്‍ത്തുന്നത്. പ്രേഷിതന്‍ തന്റെ വഴികളില്‍ ആകുലനാകരുതെന്ന് ഈശോ ആഗ്രഹിച്ചു. മത്തായി 6:26 ല്‍ അവിടുന്ന് ചോദിക്കുന്നു: ”ആകാശത്തിലെ പക്ഷികളെ നോക്കുവിന്‍. അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരകളില്‍ ശേഖരിക്കുന്നുമില്ല. എങ്കിലും നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയേക്കാള്‍ എത്രയോ വിലപ്പെട്ടവരാണ് നിങ്ങള്‍.” ശിഷ്യന്മാരുടെ പില്‍ക്കാലജീവിതത്തില്‍ ഈശോ വീണ്ടും ചോദിച്ചു: ”വടിയും സഞ്ചിയും ചെരിപ്പുമില്ലാതെ ഞാന്‍ നിങ്ങളെ അയച്ചപ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും കുറവുണ്ടായോ?” അവര്‍ പറഞ്ഞു: ”ഇല്ല, ഒരു കുറവുമുണ്ടായില്ല” (ലൂക്കാ 22:35). ഇതാണ് ദൈവപരിപാലനയുടെ രഹസ്യം. നാം ഭയപ്പെടുന്ന കുറവുകളൊന്നും ദൈവം തന്റെ പ്രിയപ്പെട്ടവര്‍ക്ക് വരുത്തില്ല. സങ്കീ. 37:5 ല്‍ പറയുന്നതുപോലെ, ”നിന്റെ വഴി കര്‍ത്താവിനെ ഭരമേല്‍പിക്കുക. അവിടുത്തെ വിശ്വസിക്കുക. അവിടുന്ന് എല്ലാം നിര്‍വഹിക്കും.”

മൂന്ന്, തിരസ്‌കരണങ്ങളിലും പതറാത്ത വിശ്വാസം. വി. ലൂക്കായുടെ സുവിശേഷം ഒന്‍പതാം അധ്യായം അഞ്ചാം വാക്യത്തില്‍ നാം ഇപ്രകാരം വായിക്കുന്നു: ”നിങ്ങളെ ആരെങ്കിലും സ്വീകരിക്കുന്നില്ലെങ്കില്‍ ആ പട്ടണം വിട്ടുപോകുമ്പോള്‍ അവര്‍ക്കെതിരായ സാക്ഷ്യത്തിനായി നിങ്ങളുടെ കാലുകളിലെ പൊടി തട്ടിക്കളയുവിന്‍.” സുവിശേഷപ്രഘോഷകര്‍ക്ക് ലഭിക്കുന്ന സ്വീകരണങ്ങളെപ്പോലെതന്നെ തിരസ്‌കരണങ്ങളെയും എങ്ങനെ നേരിടണമെന്ന് ഈശോ ഇവിടെ വ്യക്തമായി പഠിപ്പിക്കുന്നു. ഒരു പ്രേഷിതന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, താന്‍ പറയുന്ന വചനം മറ്റുള്ളവര്‍ തള്ളിക്കളയുന്നു എന്നതാണ്. എന്നാല്‍, ഇതിനര്‍ഥം പ്രേഷിതന്‍ പരാജയപ്പെട്ടു എന്നല്ല. കാലിലെ പൊടി തട്ടിക്കളയുക എന്ന നിര്‍ദേശം പ്രേഷിതന്‍ പരാജയങ്ങളില്‍ തളര്‍ന്നുപോകരുതെന്ന സന്ദേശമാണ് നല്‍കുന്നത്. പരാജയങ്ങളുടെയോ, തിരസ്‌കരണങ്ങളുടെയോ ഭാരം മനസ്സിനുള്ളില്‍ ചുമന്നുകൊണ്ട് അടുത്ത ദൗത്യത്തിലേക്ക് കടക്കാന്‍ നമുക്ക് കഴിയുകയില്ല. അത് അവിടെ ഉപേക്ഷിക്കണം. വി. പൗലോസ് ശ്ലീഹാ തിമോത്തിയോസിന് എഴുതിയ ലേഖനം രണ്ടാം അധ്യായം 4:2 ല്‍ പറയുന്നതുപോലെ, ”സമയമായാലും അസമയമായാലും നീ വചനം പ്രസംഗിക്കുക. സകലവിധ ക്ഷമയോടും പ്രബോധനങ്ങളോടും കൂടെ ശാസിക്കുകയും ഉപദേശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.” ഫലം നല്‍കേണ്ടത് നമ്മളല്ല, മറിച്ച് ദൈവമാണ്.

നമ്മുടെ ജീവിതം ഒരു പ്രേഷിതയാത്രയാണ്. ചിലപ്പോള്‍ അത് കണ്ണീരിന്റെ താഴ്‌വരകളിലൂടെയാകാം. ചിലപ്പോള്‍ പരാജയങ്ങളുടെ മരുഭൂമിയിലൂടെയാകാം. എന്നാല്‍ ഒന്നും ഭയപ്പെടേണ്ട. നമ്മെ വിളിച്ചവന്‍ വിശ്വസ്തനാണ്. പൗരോഹിത്യത്തിലോ, സന്ന്യാസത്തിലോ, കുടുംബജീവിത്തിലോ ആയിരിക്കട്ടെ, നാം അയയ്ക്കപ്പെട്ടവരാണെന്ന ബോധ്യത്തോടെ നമുക്ക് മുന്നേറാം. നമ്മുടെ വാക്കുകളേക്കാള്‍ നമ്മുടെ ജീവിതം ഒരു സുവിശേഷമായി മാറട്ടെ. പ്രതിസന്ധികളില്‍ തളരാതെ, ദൈവത്തിന്റെ അനന്തപരിപാലനയില്‍ അഭയം പ്രാപിച്ച് നമുക്ക് യാത്ര തുടരാം. ഈ പരിശുദ്ധ കുര്‍ബാനയില്‍ നമുക്ക് ഇപ്രകാരം പ്രാര്‍ഥിക്കാം, നാഥാ, നിന്റെ ശക്തിയില്‍ ആശ്രയിച്ച് നിന്റെ സ്‌നേഹം ലോകത്തോട് വിളിച്ചുപറയാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ. ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്രദര്‍ റെജോ വരിക്കപ്ലാന്തടത്തില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.