
രക്ഷകനായ ഈശോയുടെ ഉത്ഥാനത്തിലൂടെ കടന്നുവന്ന പുതുജീവനില്‍ ആനന്ദിക്കുന്ന ഉയിര്‍പ്പുകാലത്തിലെ നാലാം ആഴ്ചയിലേക്ക് നാം ഇന്ന് പ്രവേശിച്ചിരിക്കുകയാണ്. യേശുക്രിസ്തു തന്റെ ഉത്ഥാനത്തിനു ശേഷം ശിഷ്യന്മാര്‍ക്ക് നല്‍കിയ ഏറ്റവും വലിയ കല്‍പനയെക്കുറിച്ചാണ് ഇന്ന് നാം ധ്യാനിക്കുന്നത്. മത്തായിയുടെ സുവിശേഷം 28-ാം അധ്യായം 16 മുതല്‍ 20 വരെയുള്ള വാക്യങ്ങള്‍ ‘മഹത്തായ ദൗത്യം’ (The Great Commission) എന്നാണ് അറിയപ്പെടുന്നത്. സഭയുടെ നിലനില്‍പ്പിന്റെയും വളര്‍ച്ചയുടെയും അടിസ്ഥാനശില ഈ വചനങ്ങളാണ്. മരണത്തിന്മേല്‍ വിജയം വരിച്ച മിശിഹാ പ്രപഞ്ചം മുഴുവനിലുമുള്ള തന്റെ അധികാരത്തെ പ്രഖ്യാപിക്കുന്നതിനോടൊപ്പം തന്റെ ശിഷ്യന്മാര്‍ക്ക് പ്രേഷിതദൗത്യം നല്‍കുകയും തന്റെ തിരുസാന്നിധ്യം അവര്‍ക്ക് വാഗ്ദാനവും ചെയുന്നു. ഈ അവസാനഭാഗത്തിന്റെ കാതല്‍ പ്രേഷിതപ്രവര്‍ത്തനമാണ്. അതിനാല്‍ത്തന്നെ ഈ വചനഭാഗം സമാപനസന്ദേശമായി നിലകൊള്ളുന്നു.
മത്തായി 10:1-42 ല്‍ ശിഷ്യരെ തിരഞ്ഞെടുക്കുന്ന മിശിഹാ, ‘ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്ക് പോകുവിന്‍’ എന്ന് പറഞ്ഞുകൊണ്ട് ശിഷ്യരെ അയയ്ക്കുന്നതായി നാം കാണുന്നു. ഇസ്രായേല്‍ ജനത്തിന്റെ രക്ഷ മാത്രം ലക്ഷ്യം വച്ചിരുന്ന പ്രേഷിതപ്രവര്‍ത്തനത്തെ, മിശിഹാ സകല ജനതയുടെയും പാപപരിഹാരത്തിനായി ക്രൂശിതനായിക്കൊണ്ട് ഉത്ഥാനം ചെയ്ത് ശിഷ്യരോട് ”നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ ജനതകളോടും സുവിശേഷം പ്രഘോഷിക്കുവിന്‍” എന്ന് പറയുന്നു. ദൈവരാജ്യം സകല ജനതയ്ക്കും തുറന്നുതരികയും പ്രേഷിതവേലയ്ക്ക് ശിഷ്യരെ ലോകമെങ്ങും അയയ്ക്കുകയും ചെയുന്നു.
ക്രിസ്തുവിലേക്ക് മറ്റുള്ളവരെ അടുപ്പിക്കുന്ന കാന്തികശക്തിയായി നമ്മുടെ ജീവിതം മാറണം. ഒരു വ്യക്തിയെ കൈപിടിച്ച് ക്രിസ്തുവിലുള്ള സജീവ വിശ്വാസത്തിലേക്കു വളര്‍ത്തുന്ന ആത്മീയപിതാവോ, മാതാവോ ആണ് നാം ഓരോരുത്തരും. സുവിശേഷവത്കരണം എന്നാല്‍ നാം അനുഭവിച്ചറിഞ്ഞ ക്രിസ്തു എന്ന പ്രകാശത്തെ ഇരുട്ടില്‍ കഴിയുന്നവര്‍ക്ക് പകര്‍ന്നുനല്‍കലാണ്. ഈ വലിയ ദൗത്യത്തിന് നാല് മുഖങ്ങളുണ്ട്. പോകുക, ശിഷ്യപ്പെടുത്തുക, ജ്ഞാനസ്‌നാനപ്പെടുത്തുക, പഠിപ്പിക്കുക.
1.പോകുക: ”ആകയാല്‍ നിങ്ങള്‍ പോയി…” (മത്തായി 28:19)
സുവിശേഷവത്കരണത്തിന്റെ ഒന്നാമത്തെ മുഖം പോകുക എന്നതാണ്. വീട്ടിലിരുന്ന് പ്രാര്‍ഥിക്കുന്നത് നല്ലതാണ്. എന്നാല്‍, ക്രിസ്തുശിഷ്യന്‍ പ്രാര്‍ഥനാമുറിക്കുള്ളില്‍ മാത്രം ഒതുങ്ങേണ്ടവനല്ല. ലോകത്തിന്റെ മുറിവുകളിലേക്ക്, മനുഷ്യരുടെ സങ്കടങ്ങളിലേക്ക് ഇറങ്ങിത്തിരിക്കാനാണ് ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നത്. ക്രിസ്തുശിഷ്യന്‍ ലോകത്തിലേക്ക് ഇറങ്ങിത്തിരിക്കണം. ക്രിസ്തുവിനായി ജീവിക്കുമ്പോള്‍ സാഹചര്യങ്ങളെ തേടിപ്പോകേണ്ടവരാണ് നമ്മള്‍. ദൈവരാജ്യ ആഗമനം അറിയിച്ചുകൊണ്ട്, അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ എന്ന് ഉദ്‌ഘോഷിച്ച മിശിഹായെപ്പോലെ നമ്മളും സുവിശേഷം പ്രഘോഷിക്കേണ്ടവരും ജീവിക്കേണ്ടവരുമാണ്. ഫ്രാന്‍സിസ് പാപ്പ പറയുന്നതുപോലെ, ”മുറിവേറ്റ ഒരു സഭയേക്കാള്‍ എനിക്കിഷ്ടം തെരുവിലിറങ്ങി അപകടം സംഭവിക്കുന്ന ഒരു സഭയെയാണ്.”
നമ്മുടെ വീടിന്റെ ഉമ്മറപ്പടി കടന്ന് അയല്‍ക്കാരന്റെ സങ്കടത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴാണ് ‘പോകുക’ എന്ന കല്‍പന നാം പാലിക്കുന്നത്. ക്രിസ്തു നമ്മെ പാപത്തിന്റെ ചെളിക്കുണ്ടില്‍ നിന്ന് രക്ഷിക്കാന്‍ അന്വേഷിച്ചു വന്നവനാണ്. നാം പാപികളായിരിക്കുമ്പോള്‍ത്തന്നെ അവന്‍ നമ്മെ തേടിവന്നു. അതുപോലെ, സഭയും വിശ്വാസികളും ജനങ്ങളെ തേടിപ്പോകണം. ക്രിസ്തു ലോകത്തിലേക്ക് ഇറങ്ങിത്തിരിച്ചവനാണ്. അവനെ അനുഗമിക്കുന്ന നമ്മളും ലോകത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം.
2.ശിഷ്യപ്പെടുത്തുക: ”എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍…” (മത്തായി 28:19)
രണ്ടാമത്തെ ഘട്ടം ശിഷ്യപ്പെടുത്തുക എന്നതാണ്. ഒരാളെ ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞുകേള്‍പ്പിക്കുക എന്നതിനേക്കാളുപരി, അയാളെ ക്രിസ്തുവിന്റെ അനുയായി ആക്കി മാറ്റുക എന്നതാണ് ഇതിന്റെ അര്‍ഥം. നാം ക്രിസ്തുവിനെ പ്രസംഗിക്കുമ്പോള്‍, കേള്‍ക്കുന്നവര്‍ക്ക് നമ്മില്‍ ക്രിസ്തുവിനെ കാണാന്‍ കഴിയണം. ക്രിസ്തുവിന്റെ ജീവിതവുമായി താദാത്മ്യം പ്രാപിക്കാന്‍ മറ്റുള്ളവരെ സഹായിക്കുക. ഇത് പ്രസംഗത്തിലൂടെയല്ല, നമ്മുടെ ജീവിതത്തിലൂടെയുള്ള വ്യക്തിപരമായ സാക്ഷ്യത്തിലൂടെയാണ് സാധ്യമാകുന്നത്. ക്രിസ്തു നമുക്ക് എത്രമാത്രം പ്രിയപ്പെട്ടവനാണെന്ന് നമ്മുടെ ജീവിതത്തിലൂടെ കാണിച്ചുകൊടുക്കണം. വ്യക്തിപരമായ സാക്ഷ്യത്തിലൂടെ ക്രിസ്തുവിലുള്ള സജീവ വിശ്വാസത്തില്‍ ഉറച്ച ബന്ധം സ്ഥാപിക്കുക. അങ്ങനെ വിശ്വാസ കൂട്ടായ്മയിലേക്ക് അനേകരെ അടുപ്പിക്കുക.
3.ജ്ഞാനസ്‌നാനപ്പെടുത്തുക: ”പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്ക് ജ്ഞാസ്‌നാനം നല്‍കുവിന്‍” (മത്തായി 28:19).
മൂന്നാമത്തെ ഘട്ടം ‘ജ്ഞാനസ്‌നാനപ്പെടുത്തുക’ എന്നതാണ്. ദൈവവുമായുള്ള ആഴമായ ഉടമ്പടിയാണ് ഇത്. ക്രിസ്തുവിനായി വേല ചെയുന്ന നാം അവിടുത്തേക്ക് പൂര്‍ണ്ണമായി സമര്‍പ്പിക്കാനുള്ള ക്ഷണമാണിത്. ക്രിസ്തുവിനായി വേല ചെയ്യുന്ന നാം അവിടുത്തേക്ക് പൂര്‍ണ്ണമായി നമ്മെത്തന്നെ വിട്ടുകൊടുക്കുന്നു. പഴയ മനുഷ്യനെ വെടിഞ്ഞ് ക്രിസ്തുവിനെ ധരിക്കുന്ന കര്‍മ്മമാണിതത്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലുള്ള ജ്ഞാനസ്‌നാനം നമ്മെ ഒരു വലിയ കുടുംബത്തിന്റെ ഭാഗമാക്കുന്നു. ഈ ലോകത്തില്‍ നാം ഒറ്റയ്ക്കല്ല എന്ന വലിയ ബോധ്യം ഇത് നല്‍കുന്നു.
സുവിശേഷവേലയില്‍ ഏര്‍പ്പെടുന്ന നാം ആദ്യം നമ്മെ ത്തന്നെ പൂര്‍ണ്ണമായി അവിടുത്തേക്ക് വിട്ടുകൊടുക്കണം. ജ്ഞാനസ്‌നാനം സ്വീകരിക്കുന്ന ഓരോ വിശ്വാസിയും ഒരു മിഷനറിയാണ്. മെത്രാനോ, വൈദികനോ മാത്രമാണ് സുവിശേഷം പറയേണ്ടത് എന്ന് നാം കരുതരുത്. നമ്മുടെ ജ്ഞാന സ്‌നാനം നമ്മെ ഓരോരുത്തരെയും ക്രിസ്തുവിന്റെ സാക്ഷികളാക്കി മാറ്റിയിരിക്കുന്നു; ജ്ഞാനസ്‌നാനത്തിലൂടെ നാം ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമാകുന്നു.
4.പഠിപ്പിക്കുക: ”ഞാന്‍ നിങ്ങളോട് കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍” (മത്തായി 28:20)
നാലാമത്തെ ഘട്ടം ‘പഠിപ്പിക്കുക’ എന്നതാണ്. ഇത് സുവിശേഷപ്രഘോഷണത്തിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമാണ്. വെറുതെ അറിയുകയല്ല, മറിച്ച് യേശു കല്‍പിച്ചവ ‘അനുസരിക്കാന്‍’ പഠിപ്പിക്കണം എന്നാണ് വചനം നമ്മോടു പറയുന്നത്. വചനം പ്രഘോഷിക്കുന്നത് വാചാലത കൊണ്ടല്ല, മറിച്ച് നമ്മുടെ ജീവിതശൈലി കൊണ്ടായിരിക്കണം. പ്രവൃത്തിയില്ലാത്ത വിശ്വാസം മതമാണെന്ന് ഓര്‍ക്കുക, അതിനാല്‍ത്തന്നെ നാം അറിഞ്ഞ ദൈവത്തെ മറ്റുള്ളവരിലേക്ക് പകര്‍ന്നുനല്‍കേണ്ടത് നമ്മുടെ ജീവിതസാക്ഷ്യത്തിലൂടെയാണ്.
ബൈബിള്‍ എത്രത്തോളം അറിയാമെന്നതിനേക്കാള്‍ അത് എത്രത്തോളം ജീവിതത്തില്‍ പകര്‍ത്തുന്നു എന്നതാണ് പ്രധാനം. വി. ഫ്രാന്‍സിസ് അസ്സീസ്സി ഇപ്രകാരം പറയുന്നു: ”എപ്പോഴും സുവിശേഷം പ്രസംഗിക്കുക; ആവശ്യമെങ്കില്‍ മാത്രം വാക്കുകള്‍ ഉപയോഗിക്കുക” സ്‌നേഹിക്കാന്‍, ക്ഷമിക്കാന്‍, എളിമപ്പെടാന്‍ നാം മറ്റുള്ളവരെ പഠിപ്പിക്കണം. എന്നാല്‍, അത് നമ്മുടെ ജീവിതസാക്ഷ്യത്തിലൂടെയായിരിക്കണം പഠിപ്പിക്കേണ്ടത്. നമ്മുടെ ജീവിതം ഒരു പാഠപുസ്തകമായി മറ്റുള്ളവര്‍ക്കു മുന്നില്‍ ഉണ്ടാകണമെന്ന് തിരുവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഈശോയില്‍ സ്‌നേഹം നിറഞ്ഞവരേ, മിശിഹായുടെ വിളി ശ്രവിക്കാനും തന്റെ ശിഷ്യത്വത്തിലേക്ക് ഉയരാനും വചനം നമ്മെയും ഓര്‍മ്മിപ്പിക്കുന്നു. ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കാന്‍ ശിഷ്യന്മാരെ മിശിഹാ നിയോഗിച്ചെങ്കില്‍ ഇന്ന് നമ്മോടും മിശിഹാ പറയുന്നതും സുവിശേഷം പ്രസംഗിക്കാന്‍ തന്നെയാണ്. നാം ആയിരിക്കുന്ന സാഹചര്യങ്ങളില്‍, നമ്മുടെ കൂടെ വസിക്കുന്നവരോട്, നമ്മുടെ ജീവിതം വഴി സുവിശേഷപ്രഘോഷണത്തിന്റെ ആദ്യ ചുവടുവയ്പ്പ് നാം നടത്തണം.
സ്വര്‍ഗം നോക്കിയുള്ള നമ്മുടെ ജീവിതയാത്രയില്‍ ഒരു സുവിശേഷമാകാന്‍ നമുക്കോരോരുത്തര്‍ക്കും പരിശ്രമിച്ചു കൊണ്ടേയിരിക്കാം. ഒരു നല്ല അപ്പനായി, അമ്മയായി, മകനായി, മകളായി, നല്ല ഗുരുവായി ശിഷ്യനായി, എല്ലാറ്റിനുമുപരിയായി ക്രിസ്തുവിനെ രുചിച്ചറിഞ്ഞ ഒരു നല്ല വ്യക്തിയായി മാറാന്‍ നമുക്കെല്ലാവര്‍ക്കും പരിശ്രമിക്കാം, പ്രാര്‍ഥിക്കാം. നല്ലവനായ ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ബ്രദര്‍ ജോയല്‍ മുള്ളാനിക്കല്‍ MCBS




