ഞായർ പ്രസംഗം: നോമ്പുകാലം മൂന്നാം ഞായർ ഫെബ്രുവരി 25, മത്തായി 6: 1-8, 16-18 നോമ്പിന് ആവശ്യമായ മൂന്നു ഗുണങ്ങള്‍

മിശിഹായില്‍ സ്‌നേഹം നിറഞ്ഞ സഹോദരങ്ങളെ,

പശ്ചാത്താപത്തിന്റെയും വിശുദ്ധീകരണത്തിന്റെയും നോമ്പുകാലത്തിലൂടെ നാം കടന്നുപോകുമ്പോള്‍, ഓരോ ക്രൈസ്തവനും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാവുന്നതും നോമ്പിനെ ഫലഭൂയിഷ്ഠമാക്കാവുന്നതുമായ മൂന്നു ഗുണങ്ങളെപ്പറ്റിയാണ് വി. മത്തായിയുടെ സുവിശേഷം ആറാം അധ്യായം ഒന്നുമുതല്‍ എട്ടുവരെയും പതിനാറു മുതല്‍ പതിനെട്ടു വരെയുമുള്ള വാക്യങ്ങളിലൂടെ തിരുസഭ ഇന്ന് നമ്മെ പഠിപ്പിക്കുന്നത്.

യഹൂദരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നതും അതുപോലെതന്നെ ക്രൈസ്തവസമൂഹം ഏറെ വിലമതിക്കുന്നതുമായ മൂന്നു മൂല്യങ്ങളാണ് ദാനധര്‍മ്മം, പ്രാര്‍ഥന, ഉപവാസം എന്നിവ. അന്യായമായ സമ്പത്തിന്റെ ഉപേക്ഷിക്കല്‍മാത്രം പോരാ. നിസ്വാര്‍ഥമായി, നാം നമുക്കുള്ളത് മറ്റുള്ളവര്‍ക്കായി ഉപയോഗിക്കുമ്പോഴാണ് നോമ്പ് ഫലദായകമാകുക.

ഒന്നാം വായനയായ നിയമാവര്‍ത്തന പുസ്തകത്തില്‍, ഉദാരമായി ദാനംചെയ്യുന്നതിന്റെ ആവശ്യകതയെപ്പറ്റി ഊന്നിപറയുമ്പോള്‍, രണ്ടാം വായനയായ തോബിത്തിന്റെ പുസ്തകത്തില്‍ ഉപവാസത്തിലും ദാനധര്‍മത്തിലും പ്രാര്‍ഥനയിലും നീതിനിഷ്ഠയിലും ദൈവത്തിനു പ്രിയങ്കരനായി ജീവിച്ച തോബിത്തിനെക്കുറിച്ചു വിവരിക്കുന്നു. വി. പൗലോസ് കോറിന്തോസുകാര്‍ക്കെഴുതിയ രണ്ടാം ലേഖനത്തില്‍ ദാനധര്‍മ്മത്തിന്റെ ആവശ്യകതെയും ശ്രേഷ്ഠതയെയുംപറ്റി നമ്മെ പഠിപ്പിക്കുന്നു.

ദാനധര്‍മ്മം എന്നത് എല്ലാ മതസ്ഥരും അനുഷ്ഠിക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനമാണ്. വി. മത്തായിയുടെ സുവിശേഷം 6-ാം അധ്യായം 4-ാം വാക്യം ”നീ ധര്‍മ്മദാനം ചെയ്യുമ്പോള്‍ അത് രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്‍കും.” കപടത ഒഴിവാക്കിയും ആത്മപ്രശംസയില്‍നിന്ന് മാറിനിന്നും ദൈവത്തിന് തന്റെ സമ്പത്ത് രഹസ്യമായി സമര്‍പ്പിക്കുന്നതുപോലെ ദാനധര്‍മ്മം നടത്താന്‍ സുവിശേഷം നമ്മെ പഠിപ്പിക്കുന്നു. കാരണം ‘രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്ക് പ്രതിഫലം നല്‍കും.’ വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ എന്നത് അര്‍ഥമാക്കുന്നത് ഒരുവന്റെ ധര്‍മ്മദാനം അവന്റെ അടുത്ത സുഹൃത്തോ, ബന്ധുക്കള്‍പോലുമോ അറിയേണ്ടതില്ല എന്നാണ്.

ഏശയ്യായുടെ പുസ്തകം 58-ാം അധ്യായം പത്താം വാക്യം, ”വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതര്‍ക്ക് സംതൃപ്തി നല്‍കുകയും ചെയ്താല്‍ നിന്റെ പ്രകാശം അന്ധകാരത്തില്‍ ഉദിക്കും. നിന്റെ ഇരുണ്ടവേളകള്‍ മധ്യാഹ്നം പോലെയാകും.” ശരിയായി ദാനധര്‍മ്മം അനുഷ്ഠിക്കുന്ന വ്യക്തിക്ക് അതിന്റെ പ്രതിഫലം ദൈവം നല്‍കുമെന്ന് തിരുവചനത്തില്‍ നാം വായിക്കുന്നുണ്ട്. വി. അഗസ്റ്റിന്‍ ഇപ്രകാരം പറയുന്നു: ”നിങ്ങളുടെ പ്രാര്‍ഥന ദൈവത്തിങ്കലേക്കു പറക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അതിന് രണ്ട് ചിറകുകള്‍ ഉണ്ടാക്കുക: ഉപവാസവും ദാനധര്‍മ്മവും.”

ഒരിക്കല്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒരുമിച്ചുകൂടിയ വലിയ ജനാവലിയെ നോക്കി ഫ്രാന്‍സിസ് മാര്‍പാപ്പ ചോദിച്ചു: ”നിങ്ങള്‍ ഭിക്ഷക്കാരെ കണ്ടിട്ടുണ്ടോ?” ”ഉണ്ട്.” അവര്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ആ ആരവം നില്‍ക്കുംമുമ്പേ അദ്ദേഹം വീണ്ടും ചോദിച്ചു: ”നിങ്ങള്‍ അവര്‍ക്കു ഭിക്ഷ കൊടുക്കാറുണ്ടോ?” വീണ്ടും അതിലേറെ സ്വരത്തില്‍ അവര്‍ വിളിച്ചുപറഞ്ഞു: ”ഉണ്ട്.” അതേ ജനാവലിയോട് പാപ്പാ ഒരിക്കല്‍ക്കൂടി ചോദിച്ചു: ”നിങ്ങള്‍ ഭിക്ഷകൊടുക്കുമ്പോള്‍ ഒരിക്കലെങ്കിലും അത് സ്വീകരിക്കുന്ന ആളുടെ കണ്ണുകളില്‍ നോക്കിയിട്ടുണ്ടോ?” ജനക്കൂട്ടം മൗനമായി. പാപ്പാ തുടര്‍ന്നു: ”നിങ്ങള്‍ അവരുടെ കൈയ്യില്‍ സ്പര്‍ശിച്ചിട്ടുണ്ടോ?” തലകുനിച്ചുനിന്ന ആ ജനതയോട് പാപ്പാ പറഞ്ഞു: ”നിങ്ങള്‍ നോക്കാതെപോയത് ക്രിസ്തുവിന്റെ കണ്ണുകളാണ്, നിങ്ങള്‍ സ്പര്‍ശിക്കാതെവിട്ടത് ക്രിസ്തുവിന്റെ കരങ്ങളാണ്.” ദാനധര്‍മ്മം ചെയ്യുന്നതുവഴി നാം ക്രിസ്തുസ്‌നേഹത്തില്‍ ആഴപ്പെടുകയാണ് ചെയ്യുന്നത്.

പ്രാര്‍ഥന കൂടുതല്‍ ഫലപ്രദമാകുന്നത് അതിനോട് ഉപവാസവും ദാനധര്‍മ്മവും നീതിയും കൂട്ടിച്ചേര്‍ക്കുമ്പോഴാണ്. പ്രാര്‍ഥിക്കുന്ന മനുഷ്യരാകാന്‍ നാം പലപ്പോഴും ശ്രമിക്കാറുണ്ട്. എന്നാല്‍, എന്താണ് യഥാര്‍ഥ പ്രാര്‍ഥന എന്ന് ഇന്നത്തെ സുവിശേഷഭാഗത്തില്‍ നാം കാണുന്നു. നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന് കതകടച്ചു രഹസ്യമായി പ്രാര്‍ഥിക്കണമെന്നും, രഹസ്യങ്ങളറിയുന്ന പിതാവ് നിനക്ക് പ്രതിഫലം നല്‍കുമെന്നും ഈശോ പഠിപ്പിക്കുന്നു. പ്രാര്‍ഥന ദൈവത്തോടുള്ള സംഭാഷണമാണ്. കതകടച്ചു പ്രാര്‍ഥിക്കുക എന്നുപറയുമ്പോള്‍ നമ്മുടെ ഇന്ദ്രിയങ്ങളെയും ഹൃദയവിചാരങ്ങളെയും നിയന്ത്രിച്ച്, ഏകാഗ്രതയില്‍ ദൈവത്തോടു പ്രാര്‍ഥിക്കണമെന്നാണ് അര്‍ഥമാക്കുന്നത്. സമൂഹപ്രാര്‍ഥനയും സ്വകാര്യപ്രാര്‍ഥനയും ഒരു പോലെ പ്രധാനപ്പെട്ടതാണ്. എപ്രകാരം പ്രാര്‍ഥിച്ചാലും നമ്മുടെ ശ്രദ്ധയും വിചാരവുമെല്ലാം ദൈവത്തിലായിരിക്കുകതന്നെ വേണം. അപ്പോള്‍ നാമും അനുഗ്രഹിക്കപ്പെടും.

അതുപോലെതന്നെ, ഉപവസിക്കുമ്പോള്‍ വിഷാദം ഭാവിക്കരുതെന്നും ദൈവത്തോട് തങ്ങള്‍ക്കുള്ള പ്രതിബദ്ധത രഹസ്യമാക്കിവയ്ക്കണമെന്നും നാം വചനഭാഗത്തു കാണുന്നു. ആന്തരിക അനുതാപത്തിന്റെ അടയാളമായ ഉപവാസം, ദൈവത്തിന്റെ മുന്‍പില്‍ രഹസ്യമായി അനുഷ്ഠിക്കേണ്ടതാണെന്നും മറ്റുള്ളവരെ കാണിക്കാന്‍ പ്രവര്‍ത്തിക്കരുതെന്നും നമ്മെ പഠിപ്പിക്കുന്നു. യഥാര്‍ഥ ഉപവാസമെന്നത് ദൈവസ്‌നേഹത്തിലുള്ള ആഴപ്പെടലാണ്. നമ്മുടെ അനുദിനവിചിന്തനത്തില്‍ ഈ ദൈവസ്‌നേഹത്തില്‍ ആഴപ്പെട്ട് എപ്രകാരമുള്ള ഉപവാസമാണ് നാം എടുക്കുന്നതെന്നു വിചിന്തനം ചെയ്യാം.

പ്രാര്‍ഥന, ദാനധര്‍മ്മം, ഉപവാസം എന്നിവയുടെ രഹസ്യാത്മതയെപ്പറ്റി നാം സുവിശേഷത്തില്‍ കാണുന്നുണ്ട്. ഇവയെല്ലാം നമ്മുടെ സമയത്തെയും ദൈവത്തോടും മനുഷ്യരോടുമുള്ള നമ്മുടെ ബന്ധത്തെയും വിശുദ്ധീകരിക്കുന്നതാണ്. നോമ്പുകാലത്തിലൂടെ കടന്നുപോകുന്ന നമുക്ക് ദാനധര്‍മ്മം ചെയ്യുമ്പോഴും പ്രാര്‍ഥിക്കുമ്പോഴും ഉപവാസമനുഷ്ഠിക്കുമ്പോഴും, ദൈവികമായ ഒരു പ്രവൃത്തിയിലൂടെയാണ് നാം കടന്നുപോകുന്നതെന്ന ചിന്തയോടെ ആന്തരികവിശുദ്ധീകരണത്തിനായി യത്‌നിക്കാം.

വി. മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം പതിനാറാം വാക്യത്തില്‍ ഇപ്രകാരം പറയുന്നു: ”മനുഷ്യര്‍ നിങ്ങളുടെ സത്പ്രവര്‍ത്തികള്‍ കണ്ട് സ്വര്‍ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെമുമ്പില്‍ പ്രകാശിക്കട്ടെ.” നമ്മുടെ ജീവിതം അനേകര്‍ക്ക് വെളിച്ചമായിത്തീരാന്‍ ഈ നോമ്പുകാലത്ത് നമ്മെത്തന്നെ ശുദ്ധീകരിക്കം.

നല്ല ഒരു മനുഷ്യനാകാന്‍, ലോകത്തിന്റെ പ്രകാശമാകാന്‍, പരിശുദ്ധ കുര്‍ബാനപോലെ അനേകര്‍ക്കുവേണ്ടി മുറിയപ്പെടാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ, ആമ്മേന്‍.

ബ്രദര്‍ ഡിജുമോന്‍ ചാക്കോ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.