ഞായർ പ്രസംഗം: നോമ്പുകാലം രണ്ടാം ഞായർ, ഫെബ്രുവരി 18 ലൂക്കാ 19: 1-10 തുറക്കപ്പെട്ട ഹൃദയവാതില്‍

ബ്രദര്‍ എബിന്‍ പുത്തന്‍കളത്തില്‍ MCBS

”സക്കേവൂസ് വേഗം ഇറങ്ങിവരിക. എന്തെന്നാല്‍ ഇന്ന് എനിക്ക് നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു” (ലൂക്കാ 19:5).

ഈശോമിശിഹായില്‍ സ്‌നേഹം നിറഞ്ഞവരെ,

പാപബോധംകൊണ്ട് കുനിഞ്ഞ ശിരസ്സും തേങ്ങുന്ന ഹൃദയവുമായി ഒരാള്‍ ഗുരുവിനെ കാണാനെത്തി. അയാള്‍ ആ സത്ഗുരുവിനോടു ചോദിച്ചു: ”നീചപാപിയായ ഞാന്‍ പാപപരിഹാരത്തിനായി എന്തു ചെയ്യണം?” ഗുരു പറഞ്ഞു: ”ഞാന്‍ പറയുന്നത് അതേപടി അനുസരിക്കാമെങ്കില്‍ കേട്ടാല്‍മതി; അല്ലെങ്കില്‍ നിനക്കു പോകാം.” അയാള്‍ ഒന്ന് നടുങ്ങി. എന്തെല്ലാം പ്രായശ്ചിത്തങ്ങളായിരിക്കുമോ ഈ ഗുരു തരാന്‍പോകുന്നത്. ആത്മാര്‍ഥമായ അനുതാപമുണ്ടായിരുന്ന അയാള്‍ അത് സമ്മതിച്ചു. പക്ഷേ, ആ ഗുരു അയാളെ ഞെട്ടിച്ചുകൊണ്ടു പറഞ്ഞു: ”നിന്റെ ഹൃദയം എവിടെ എന്നു ചിന്തിക്കുക. ദൈവത്തിലോ, അതോ നീ വാരിക്കൂട്ടുന്ന സമ്പത്തിലോ? നിന്റെ ഹൃദയത്തിന്റെ വാതിലുകള്‍ ദൈവത്തിനുവേണ്ടി തുറക്കുക. സുഖങ്ങള്‍ തേടാന്‍ ആഗ്രഹിക്കുമ്പോള്‍ നീ പിന്നിലേക്കു ചിന്തിക്കുക. ഞാന്‍ എന്തായിരുന്നു.”

സുഖങ്ങള്‍ തേടിയും മറ്റുള്ളവരെ വഞ്ചിച്ചുംകഴിഞ്ഞ ഒരുവന്റെ ജീവിതത്തിലേക്കുള്ള ക്രിസ്തുവിന്റെ വരവാണ് ഇന്ന് നാം ധ്യാനിക്കുന്നത്. വി. ലൂക്കായയുടെ സുവിശേഷം 19-ാം അധ്യായം ഒന്നുമുതല്‍ പത്തുവരെയുള്ള വാക്യങ്ങളില്‍, സക്കേവൂസിന്റെ ഹൃദയമാകുന്ന ഭവനത്തില്‍ വസിക്കാനാഗ്രഹിക്കുന്ന ക്രിസ്തുവിനെ നാം കാണുന്നു. ചുങ്കക്കാരില്‍ പ്രധാനിയും ധനികനുമായ സക്കേവൂസ് സമൂഹത്തില്‍ വെറുക്കപ്പെട്ടവനായിരുന്നു. എന്നാല്‍ ആ സക്കേവൂസിന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞ ഒരു ആഗ്രഹമായിരുന്നു ക്രിസ്തുവിനെ കാണണമെന്ന്. ജനക്കൂട്ടത്തിന്റെ ഇടയില്‍നിന്നാല്‍ ക്രിസ്തുവിനെ കാണാന്‍ സാധിക്കുകയില്ല എന്നറിഞ്ഞ അവന്‍ ഓടി ഒരു സിക്കമൂര്‍ മരത്തില്‍കയറി ഇലകളുടെ മറവിലിരുന്നു. ക്രിസ്തുവിനെ ഒരുനോക്ക് കാണാനാഗ്രഹിച്ചവന്റെ ജീവിതത്തിലേക്ക് ആഴങ്ങളുടെ നേര്‍ക്കാഴ്ചകള്‍ നല്‍കുകയാണ് ക്രിസ്തു. ആരും തന്നെ തിരിച്ചറിയരുതെന്നാഗ്രഹിച്ച് മരത്തില്‍ ഒളിച്ചവനെ തിരിച്ചറിയുന്ന ക്രിസ്തു ഇപ്രകാരം പറയുന്നു: ”സക്കേവൂസ് വേഗം ഇറങ്ങിവരിക; ഇന്ന് എനിക്ക് നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു.” സ്വഭവനത്തിലേക്ക് ക്രിസ്തുവിനെ സ്വീകരിക്കാനുള്ള വിളിയാണ് ഓരോ ക്രിസ്ത്യാനിയുടെയും.

തന്റെ സ്വര്‍ഗീയഭവനത്തില്‍നിന്നു നഷ്ടപ്പെട്ടുപോയ ഓരോ പാപിയെയും തേടിയിറങ്ങുന്ന ക്രിസ്തുവിന്റെ ചിത്രമാണ് നാം ഇന്നു കാണുന്നത്. സമ്പത്തിന്റെയും ആര്‍ഭാടത്തിന്റെയും പിറകെപോകുന്ന മനുഷ്യന്‍ പലപ്പോഴും സ്വര്‍ഗീയപിതാവിന്റെ ഭവനത്തെക്കുറിച്ചു മറന്നുപോകുന്നു. ക്രിസ്തുവിന്റെ വിളികേട്ട് സക്കേവൂസ് തന്റെ ഹൃദയത്തിന്റെ വാതിലുകള്‍ ക്രിസ്തുവിനുവേണ്ടി തുറന്നുനല്‍കുകയാണ്. വിഡ്ഢിത്തങ്ങളുടെ പന്നിക്കൂട്ടങ്ങളില്‍നിന്ന് അപ്പന്റെ ഭവനത്തിലേക്കു യാത്രചെയ്യുന്ന ധൂര്‍ത്തപുത്രനു സദൃശ്യനാണ് സക്കേവൂസ്. സമ്പത്തിന്റെയും ആര്‍ഭാടത്തിന്റെയും പടുകുഴിയില്‍ നിന്നും ഇറങ്ങിവരാന്‍ തയ്യാറായവനാണ് സക്കേവൂസ്. ആ സക്കേവൂസിനെ ക്രിസ്തു കൂട്ടിക്കൊണ്ടുപോകുകയാണ്. ഭൂമിയില്‍ വസിക്കാന്‍വേണ്ടി ഭവനമോ, കുടിലോ പണിയാത്ത ദൈവപുത്രന്‍ സക്കേവൂസിന്റെ ഹൃദയമാകുന്ന ഭവനത്തില്‍ വസിക്കാന്‍ ഒരിടം ചോദിക്കുന്നു. തന്റെ ഹൃദയവാതിലുകള്‍ അവന്‍ ക്രിസ്തുവിനുവേണ്ടി തുറന്നുകൊടുക്കുന്നു.

ഈശോമിശിഹായില്‍ സ്‌നേഹം നിറഞ്ഞവരെ, ഓരോ നോമ്പുകാലത്തിലും നാം ക്രിസ്തുവിന്റെ പീഢാസഹന-മരണ-ഉത്ഥാനരഹസ്യങ്ങള്‍ ധ്യാനിക്കുമ്പോള്‍ എന്റെയും നിങ്ങളുടെയും ഹൃദയം എത്ര മാത്രം കളങ്കരഹിതമാണെന്ന് ഒന്ന് വിചിന്തനം ചെയ്തുനോക്കാം. ഉല്‍പത്തി പുസ്തകം പതിമൂന്നാം അധ്യായം ഒന്നുമുതല്‍ പതിമൂന്നു വരെയും, പ്രഭാഷകന്‍ 31-ാം അധ്യായം ഒന്നുമുതല്‍ പതിനൊന്നു വരെയും, സമ്പത്തിന്റെപേരില്‍ വിഭജിക്കപ്പെടുന്ന സമൂഹത്തെപ്പറ്റിയാണ് നാം വായിക്കുന്നത്. അബ്രാമിന്റെയും ലോത്തിന്റെയും ജീവിതം രണ്ടുവഴിക ളിലൂടെ തിരിയുന്നതും സമ്പത്തിന്റെ പേരിലാണ്. സമ്പത്തിനെക്കുറിച്ച് ആലോചിച്ച് ഉറക്കം നഷ്ടപ്പെട്ടുപോകുന്ന മനുഷ്യനെക്കുറിച്ച് പ്രഭാഷകന്‍ ഇപ്രകാരം പറഞ്ഞുവയ്ക്കുന്നു: ”ധനത്തിനുള്ള അതിശ്രദ്ധ ആരോഗ്യം നശിപ്പിക്കുകയും അതേക്കുറിച്ചുള്ള ഉത്കണ്ഠ ഉറക്കം ഇല്ലാതാക്കുകയും ചെയ്യുന്നു.”

ക്രിസ്തുവാണ് എന്റെ ഏകസമ്പത്ത് എന്ന സത്യം പലപ്പോഴും നാം തിരിച്ചറിയാതെപോകുന്നു. മറ്റൊരുവന്റെ ജീവിതം നഷ്ടപ്പെട്ടാലും എല്ലാം വെട്ടിപ്പിടിക്കാന്‍ നാം വെമ്പല്‍കൊള്ളുകയാണ്. സക്കേവൂസിന്റെ ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ നമുക്കു കാണാന്‍സാധിക്കുന്നത്, അവന്‍ എല്ലാം വെട്ടിപ്പിടിക്കാന്‍ ആഗ്രഹിച്ചവനായിരുന്നു എന്നാണ്. മറ്റുള്ളവരെ വഞ്ചിച്ചും അവന്‍ സമ്പത്ത് വാരിക്കൂട്ടി. സ്വന്തം ജീവിതം നഷ്ടപ്പെട്ടാലും സമ്പത്ത് നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ചവനായിരുന്നു അവന്‍. എന്നാല്‍ ജീവിതത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ക്രിസ്തുവാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ അവന്‍ സകലതും വിട്ടുകൊടുക്കാന്‍ തയ്യാറായി. ക്രിസ്തുവിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ജീവിതം വെറുമൊരു നീര്‍ക്കുമിളയ്ക്കു സദൃശ്യമാണെന്നു സക്കേവൂസ് തിരിച്ചറിയുന്നു. ക്രിസ്തു തന്റെ ജീവിതത്തിലെത്തിയപ്പോള്‍ അവന്‍ സ്വന്തമെന്നു കരുതിയതെല്ലാം അര്‍ഹതപ്പെട്ടവര്‍ക്കു തിരിച്ചുകൊടുക്കാന്‍ തയ്യാറായി.

സ്‌നേഹം നിറഞ്ഞവരെ, സക്കേവൂസിനെപ്പോലെ ക്രിസ്തുവിനെ ഹൃദയഭവനത്തില്‍ സ്വീകരിക്കാന്‍ നമുക്കും സാധിക്കണം. കാരണം ക്രിസ്തു നമ്മുടെ ജീവിതത്തില്‍ വാസമുറപ്പിക്കുമ്പോള്‍ അര്‍ഹിക്കാത്ത തെല്ലാം വിട്ടുകൊടുക്കാന്‍ നമുക്കു സാധിക്കും. ഈ നോമ്പുകാലത്തിലൂടെ കടന്നു പോകുമ്പോള്‍ ക്രിസ്തുവിനുവേണ്ടി എന്റെ ഹൃദയത്തിന്റെ വാതിലുകള്‍ തുറന്നിട്ട്, മനോഭാവത്തിലും പെരുമാറ്റത്തിലും ഒരു പരിവര്‍ത്തനം നമുക്കും നേടാന്‍ സാധിക്കട്ടെ. വിട്ടുകൊടുക്കുന്ന ഇടങ്ങളിലും തുറക്കപ്പെടുന്ന വാതിലുകളിലും അനുഗ്രഹത്തിന്റെ പുഷ്പങ്ങള്‍ വിരിയും. ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്രദര്‍ എബിന്‍ പുത്തന്‍കളത്തില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.