ഞായർ പ്രസംഗം: ദനഹാക്കാലം അഞ്ചാം ഞായർ ഫെബ്രുവരി 04, മര്‍ക്കോ. 2: 1-12 തിരിച്ചുനടത്തം

ബ്രദര്‍ ജോഫിന്‍ ജെ. ജോസഫ്, തട്ടാരടിയില്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞവരേ,

ഈശോയുടെ പ്രത്യക്ഷീകരണം അനുസ്മരിപ്പിക്കുന്ന ദനഹാക്കാലം അഞ്ചാം ആഴ്ചയിലേക്ക് നാം ഇന്നു പ്രവേശിക്കുമ്പോള്‍, പാപങ്ങള്‍ ക്ഷമിക്കുന്ന ദൈവത്തിന്റെ കരുണയുടെ മുഖം ഈശോയിലൂടെ കാണിച്ചുതരികയാണ് ഇന്നത്തെ വിശുദ്ധഗ്രന്ഥ വായനകള്‍.

പാപമോചനത്തിനായി കാളക്കുട്ടിയെ ബലിയര്‍പ്പിക്കുന്നതിനെക്കുറിച്ച് ഇസ്രായേല്‍ജനത്തിനു നല്‍കുന്ന നിര്‍ദേശങ്ങളാണ് ലേവ്യരുടെ പുസ്തകത്തില്‍നിന്നുള്ള ആദ്യവായനയില്‍ നാം ശ്രവിച്ചത്. മനുഷ്യനെ പാപത്തില്‍നിന്നു മോചിപ്പിക്കാന്‍ ദഹനബലികള്‍ക്കു കഴിയുമെന്ന പഴയനിയമജനതയുടെ വിശ്വാസത്തെ ദര്‍ശിക്കുകയാണ് നാം ഇവിടെ. എന്നാല്‍ ദൈവത്തിനെതിരെ പാപംചെയ്ത ഇസ്രായേല്‍ജനം പാപമോചനത്തിനായി ദൈവത്തിങ്കലേക്കു തിരിയുന്നതിനെക്കുറിച്ച് ദാനിയേലിന്റെ പുസ്തകത്തില്‍നിന്നുള്ള രണ്ടാം വായനയില്‍ നാം ശ്രവിക്കുന്നു. ആരെങ്കിലും പാപത്തിന്റെ ദുരവസ്ഥയിലാണെങ്കില്‍ അയാള്‍ കാരുണ്യവാനായ ദൈവത്തിങ്കലേക്കു തിരിയണമെന്ന് ആഹ്വാനംചെയ്യുകയാണ് ദാനിയേല്‍.

പഴയനിയമത്തിന്റെ പൂര്‍ത്തീകണമെന്ന നിലയില്‍ നാം ശ്രവിച്ച ആദ്യ രണ്ടുവായനകളുടെയും അടിസ്ഥാനം ക്രിസ്തുവിലേക്കു കേന്ദ്രീകരിക്കുകയാണ് കൊളോസോസിലെ സഭയ്ക്കുള്ള ലേഖനത്തില്‍ പൗലോസ് ശ്ലീഹാ. അന്ധകാരത്തിന്റെ ആധിപത്യത്തില്‍നിന്ന് നമ്മെ വിമോചിപ്പിക്കുന്ന മിശിഹായിലാണ് നമ്മുടെ രക്ഷയും പാപമോചനവുമെന്നും പാപത്തിന്റെ ബന്ധനത്തില്‍നിന്നു നമ്മെ മോചിപ്പിക്കുന്ന ഈശോ ദൈവം തന്നെയാണെന്നും പൗലോസ് ശ്ലീഹാ പ്രസ്താവിക്കുന്നു.

തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നതാണ് ഇന്നത്തെ സുവിശേഷഭാഗം. വി. മര്‍ക്കോസിന്റെ, രണ്ടാം അധ്യായം ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള സുവിശേഷഭാഗത്ത്, മനുഷ്യന്റെ ദുര്‍ഭഗാവസ്ഥയില്‍ അവനെ പരിപാലിക്കാനായി കൈനീട്ടിയെത്തുന്ന ദൈവത്തിന്റെ സ്‌നേഹം വ്യക്തമാക്കുകയാണ് ഈ സുവിശേഷഭാഗം. യേശുവിന്റെ പ്രബോധനം ഫരിസേയരുടേതിനും നിയമജ്ഞരുടേതിനും ഉപരിയാണെന്ന് സുവിശേഷകന്‍ വ്യക്തമാക്കുന്നു. മനുഷ്യനെ പാപത്തില്‍നിന്നു മോചിപ്പിക്കാന്‍ ദഹനബലികള്‍ക്കു കഴിയുമെന്ന് പഴയനിയമജനത വിശ്വസിച്ചിരുന്നു. എന്നാല്‍ തന്നിലൂടെയാണ് യഥാര്‍ഥമായ പാപമോചനം സാധ്യമാകുന്നതെന്നും ഭൂമിയില്‍ പാപങ്ങള്‍ മോചിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്നും തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നതിലൂടെ ഈശോ വ്യക്തമാക്കുന്നു. ശാരീരികമായി മാത്രമല്ല, ആന്തരികമായും ഈശോ തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു. ശാരീരികവും ആന്തരികവുമായ സൗഖ്യവും പാപമോചനവും പ്രദാനംചെയ്യുന്ന ഭിഷഗ്വരനായ ഈശോയുടെ പക്കല്‍ വിശ്വാസപൂര്‍വം അണയാനും തിന്മയുടെ കെട്ടുകളില്‍നിന്ന് സ്വതന്ത്രരാകാനും സുവിശേഷം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.

ജോയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ (2:12), കര്‍ത്താവ് അരുള്‍ചെയ്യുന്നു: “ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടുംകൂടെ നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ എന്റെ അടുക്കലേക്ക് തിരിച്ചുവരുവിന്‍.” സ്‌നേഹമുള്ളവരേ, ദനഹാക്കാലം അവസാന ഞായറാഴ്ചയില്‍ നാം എത്തിനില്‍ക്കുമ്പോള്‍ ഇന്നത്തെ സുവിശേഷഭാഗവും വിശുദ്ധഗ്രന്ഥവായനകളും നമ്മോടു പങ്കുവയ്ക്കുന്ന സന്ദേശം, ഭയത്തില്‍നിന്നു സ്‌നേഹത്തിലേക്ക്, തകര്‍ച്ചയില്‍നിന്നു വീണ്ടെടുപ്പിലേക്ക്, കീഴടങ്ങലുകളില്‍നിന്നു സ്വാതന്ത്ര്യത്തിലേക്കുള്ള തിരിച്ചുനടത്തമാണ്. ഇതിനായി നാം ചെയ്യേണ്ടത്, അനുതാപമൂറുന്ന ഹൃദയത്തോടെ പാപസാഹചര്യങ്ങളില്‍നിന്നു നമ്മെ വിമോചിപ്പിക്കുന്ന ക്രിസ്ത്വാനുഭവത്തെ ഹൃദയത്തില്‍ പ്രഥമമായി പ്രതിഷ്ഠിക്കുക എന്നതാണ്. വി. അഗസ്തീനോസിന്റെ Confession എന്ന പുസ്തകത്തില്‍ ഇപ്രകാരം അദ്ദേഹം പങ്കുവയ്ക്കുന്നു: “നീ എന്നിലുണ്ടായിരിക്കെ, ഞാന്‍ പുറത്തിടങ്ങളില്‍ നിനക്കായ് തേടിയലഞ്ഞല്ലോ.”

സ്‌നേഹമുള്ളവരേ, ക്രിസ്തുവിനെ തേടിയലയുന്ന മനോഭാവത്തോടെ, ഏറ്റവുമടുത്ത ഒരുക്കത്തോടെ നോമ്പിന്റെ തൊട്ടുമുമ്പുള്ള ഈ ആഴ്ച്ചക്കാലം നമുക്ക് ഒരുങ്ങാം.
വെര്‍ണര്‍ ബെര്‍ഗന്‍ ഗ്രുവന്‍ എന്ന ജര്‍മ്മന്‍ കഥാകൃത്തിന്റെ വിവര്‍ത്തനകഥയാണ് ‘വല’. വ്യഭിചാരക്കുറ്റം ചുമത്തപ്പെട്ട ഒരു സ്ത്രീക്ക് ശിക്ഷ വിധിക്കപ്പെട്ടു – കടലിനോടുചേര്‍ന്നുള്ള കെട്ടില്‍നിന്നും അവളെ തള്ളിയിട്ടുകൊല്ലുക. പിറ്റേന്ന് പ്രഭാതത്തില്‍ എല്ലാവരുംചേര്‍ന്ന് അവളെ പാറക്കെട്ടിന്റെ മുകളിലെത്തിച്ച് നിഷ്‌ക്കരുണം താഴേയ്ക്കു തള്ളിയിട്ടു. ജനം പിരിഞ്ഞു. പക്ഷേ, അവള്‍ ചെന്നുവീണത് ഒരു വലയിലാണ്. മുന്നില്‍നിന്ന് ശിക്ഷ നടപ്പാക്കേണ്ട ഭര്‍ത്താവ് അന്ന് ഉറക്കളച്ചിരുന്ന് വലിച്ചുകെട്ടിയ വലയില്‍; സ്‌നേഹത്തിന്റെ വലയില്‍. അതിലൂടെ ഒരു സ്വര്‍ഗമാണ് തന്റെ ഭാര്യയ്ക്കുമുമ്പില്‍ അയാള്‍ തുറന്നുകൊടുത്തത്.

സ്‌നേഹമുള്ളവരേ, കുമ്പസാരം ഒരു ഏറ്റുപറച്ചിലാണ്. അതിന് വിശാലമായ ഭൂമിയുണ്ട്, അനന്തമായ ഒരു ചക്രവാളമുണ്ട്. ഏതൊരു വ്യക്തിയെയും ചേര്‍ത്തുപിടിക്കുന്ന സ്‌നേഹമുണ്ടതില്‍. ആരെയും വിധിക്കരുത്. മറിച്ച് സ്‌നേഹത്തില്‍ വലവിരിച്ച്, സാന്ത്വനിപ്പിച്ച്, സമാധാനത്തില്‍ പോവുക എന്നുപറയുന്ന വിധിയാളനായ ദൈവമുണ്ടതില്‍. ഒരുക്കമുള്ള ഹൃദയത്തോടെ ക്രിസ്തുവിനെ തേടാനും, പാപസാഹചര്യങ്ങളെ മാറ്റി പൂര്‍ണ്ണമായ ഏറ്റുപറച്ചിലിലൂടെ നല്ലൊരു നോമ്പുകാലത്തിലേക്ക് പ്രവേശിക്കാനും നമുക്കൊരുങ്ങാം.

കുനിഞ്ഞ ശിരസ്സുമായി തന്റെ മുമ്പില്‍ വരുന്നവനുമുന്നില്‍, ലോകാവസാനത്തോളം കാരുണ്യത്തിന്റെ സ്വര്‍ഗകവാടം തുറക്കാനാണ് ഈശോ ദിവ്യകാരുണ്യമായത്; പരിശുദ്ധ കുര്‍ബാനയായത്. ഈ ബലിവേദിയില്‍ നമ്മുടെ എല്ലാം നിയോഗങ്ങള്‍ക്കൊപ്പം ഒരുക്കമുള്ള ഒരു കുമ്പസാരം നടത്തുന്നതിനായി, അതിലൂടെ ക്രിസ്തുവിന്റെ സ്‌നേഹം ജീവിതത്തില്‍ ഏറ്റുവാങ്ങി നല്ലൊരു നോമ്പുകാലത്തിനായി ഒരുങ്ങാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമ്മേന്‍.

ബ്രദര്‍ ജോഫിന്‍ ജെ. ജോസഫ്, തട്ടാരടിയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.