ബൈബിള്‍ പഠനം സ്ത്രീകളിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നു

ബൈബിള്‍ പഠിക്കുന്ന സ്ത്രീകളില്‍ സമ്മര്‍ദ്ദം കുറയുകയും അസാധാരണമായ ക്ഷമാശീലം വളരുകയും ചെയ്യുന്നുവെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഗ്രീന്‍വിച്ചിലുടനീളമുള്ള സ്ത്രീകളില്‍ നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തല്‍.

ഇടവക ദേവാലയത്തിലും മറ്റ് സ്ഥാപനങ്ങളിലും നടക്കുന്ന ബൈബിള്‍ പഠനക്ലാസ്സുകളിലും മതപരമായ പ്രാര്‍ത്ഥനാസമ്മേളനങ്ങളിലും പങ്കെടുക്കുന്നവരില്‍ നല്ല മനോഭാവങ്ങളും ജീവിതത്തോടുള്ള പോസിറ്റീവായ സമീപനങ്ങളും വളരുന്നതായി ഈ പഠനങ്ങളില്‍ കണ്ടെത്തുവാന്‍ കഴിഞ്ഞു. തന്നെയുമല്ല, വിശുദ്ധ ഗ്രന്ഥവുമായി ആഴമായ ഒരു ബന്ധം വന്നതിനുശേഷം കുടുംബ ബന്ധങ്ങള്‍ ഊഷ്മളമാക്കുവാനും ക്ഷമയോടെ പ്രതിസന്ധികളെ നേരിടുവാനും കഴിയുന്നു എന്ന് 94 % ആളുകളും വെളിപ്പെടുത്തി.

ബൈബിള്‍ പഠനം തങ്ങളെ സന്തോഷവതികളായി ജീവിക്കുവാനും ശക്തിപ്പെടുത്തുവനും സഹായിച്ചുവെന്നും വ്യക്തിജീവിതത്തില്‍, ദൈവത്തിലാശ്രയം വയ്ക്കുന്നതിനുള്ള പ്രേരണ നല്‍കിയെന്നും മിക്ക സ്ത്രീകളും അഭിപ്രായപ്പെട്ടു. ബൈബിള്‍ പഠനം സ്ത്രീകള്‍ തമ്മിലുള്ള സൗഹൃദത്തെ ശക്തിപ്പെടുത്തുകയും അവര്‍ക്ക് കാര്യങ്ങള്‍ പങ്കുവയ്ക്കുവാന്‍ ഒരു വേദിയൊരുക്കുകയും വിശ്വാസത്തില്‍ പിന്നോട്ടുപോകുന്നവരെ ചേര്‍ത്തുനിര്‍ത്തുവാന്‍ അവസരം സൃഷ്ടിക്കുകയും ചെയ്തുവെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

ഏകദേശം 7,880 സ്ത്രീകളില്‍ നടത്തിയ പഠനങ്ങളുടെ ഫലമാണ്‌ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലാണ് പഠനങ്ങള്‍ നടന്നത്.