പ്രസംഗം: യോഹ. 13: 1-14, പെസഹാവ്യാഴം

”അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത്, വാഴ്ത്തി, മുറിച്ച് ശിഷ്യന്മാര്‍ക്കു കൊടുത്തുകൊണ്ട് അരുള്‍ചെയ്തു: എടുത്തു ഭക്ഷിക്കുവിന്‍. ഇത് എന്റെ ശരീരമാകുന്നു. അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്‌തോത്രം ചെയ്ത് അവര്‍ക്കു കൊടുത്തുകൊണ്ടു പറഞ്ഞു: എല്ലാവരും ഇതില്‍ നിന്നു പാനം ചെയ്യുവിന്‍. എന്തെന്നാല്‍, ഇത് പാപമോചനത്തിന് അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്ന ഉടമ്പടിയുടെ എന്റെ രക്തമാണ്” (മത്തായി 26: 26-28).

യഹൂദരുടെ ആരാധനാക്രമവത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളുകളിലൊന്നാണ് പെസഹാ. ഈജിപ്തില്‍നിന്ന് മോശയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ ജനതയെ ദൈവം വിടുവിച്ചു കൊണ്ടുവന്നതിന്റെ ഓര്‍മ്മ പുതുക്കലാണ് ഈ ആഘോഷം (പുറ. 12). കുഞ്ഞാടിന്റെ രക്തം പതിച്ച ഭവനങ്ങളെ സംഹാരദൂതന്‍ കടന്നുപോയ രാത്രിയാണിത്. ആ രാത്രിയാണ് ഇസ്രായേല്‍ക്കാര്‍ അടിമത്തത്തിന്റെ നാടായ ഈജിപ്തില്‍നിന്നു കടന്നുപോയത്. ‘പെസഹ്’ എന്ന ഹീബ്രുപദത്തിന്റെ അര്‍ഥം ‘കടന്നുപോകല്‍’ എന്നാണ്. പുതിയ നിയമത്തിലെ മിശിഹാ ആയ യേശുക്രിസ്തുവിന്റെ നേതൃത്വത്തിലും കുഞ്ഞാടായ അവിടുത്തെ പീഡാസഹന-മരണോത്ഥാനങ്ങളിലൂടെയുമാണ് യഥാര്‍ഥ കടന്നുപോകല്‍ സംഭവിക്കുന്നത്. പാപത്തില്‍നിന്ന് വിശുദ്ധിയിലേക്കും മരണത്തില്‍നിന്ന് നിത്യജീവനിലേക്കും ശിക്ഷയില്‍നിന്ന് രക്ഷയിലേക്കുമുള്ള കടന്നുപോകല്‍.

സഭയില്‍ നമ്മുടെ കര്‍ത്താവിന്റെ അനന്യമായ കൂദാശയാണല്ലോ വിശുദ്ധ കുര്‍ബാന. വിശുദ്ധ കുര്‍ബാനയുടെ സ്ഥാപന ദിനമാണ് ഇന്ന്. അതിനാല്‍തന്നെ സഭയുടെ ജീവിതത്തിലെ അതിപ്രധാനമായ ദിനം. ”സഭ വിശുദ്ധ കുര്‍ബാനയില്‍ നിന്നാണ് ജീവന്‍ സംഭരിക്കുന്നത്” എന്നാണ് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എഴുതിയത്. വാസ്തവത്തില്‍, പെസഹാസംഭവവും അതിനെ പൂര്‍ണ്ണമാക്കുന്ന കര്‍ത്താവിന്റെ പെസഹാരഹസ്യങ്ങളുമാണ് ക്രൈസ്തവരായ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രം. അതിനാല്‍തന്നെ വര്‍ഷത്തിലൊരിക്കലല്ല, ആയുസ്സിലെ ഓരോ ദിവസവും ഓരോ നിമിഷവും ഇത് നമ്മെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കണം.

”എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (യോഹ. 3:16). വിശുദ്ധ കുര്‍ബാനയുടെ വിമോചനദൗത്യമാണിത്. തിന്മയുടെ ആധിപത്യത്തില്‍നിന്ന് നാം വിമോചിതരാകുന്നത് വിശുദ്ധ കുര്‍ബാനയി ലൂടെയാണ്. ഇസ്രായേലിന്റെ നിലവിളി കേട്ട യഹോവയുടെ പ്രതികരണമായിരുന്നു പെസഹാഭക്ഷണവും ജനത്തിന്റെ വിമോചനവും. ഇന്നും ഭൂമി നിലവിളികള്‍കൊണ്ടു മുഖരിതമാണ്. ഭൗതികവും ആത്മീയവുമായ നിരവധി അടിമത്തങ്ങള്‍ മൂലം പൊറുതിമുട്ടുന്ന മനുഷ്യര്‍ നിലവിളിക്കുകയാണ്. നമ്മുടെ ദുഃഖങ്ങള്‍ക്കും നിലവിളികള്‍ക്കുമുള്ള ദൈവികമായ പ്രത്യുത്തരമാണ് വിശുദ്ധ കുര്‍ബാന. ബെത്‌ലഹേമില്‍ (അപ്പത്തിന്റെ ഭവനത്തില്‍) അപ്പമായി പിറന്നവന്‍, മാംസമായി അവതരിച്ചവന്‍ പറയുന്നു, വാങ്ങി ഭക്ഷിക്കുവിന്‍. ഇത് ഭക്ഷിക്കുന്നവന്‍ നിത്യമായി ജീവിക്കും. പിതാക്കന്മാര്‍ ഭക്ഷിച്ച മന്ന പോലെയല്ല ഇത്; ഇത് ജീവന്റെ അപ്പമാണ്. ഇത് സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന അപ്പമാണ്.

മര്‍ത്യന്റെ അനശ്വരമായ ആത്മാവിനുള്ള ഭക്ഷണമാണ് വിശുദ്ധ കുര്‍ബാന. അനശ്വരതയെ മറന്നു ജീവിക്കുമ്പോഴാണ് ഭൗതിക അപ്പത്തിനും സംതൃപ്തികള്‍ക്കും വേണ്ടി നാം അലയുന്നത്. അവ എത്ര അനുഭവിച്ചാലും നാം അസ്വസ്ഥരാണുതാനും. വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള പ്രബോധനത്തിനിടയില്‍ ജനം പ്രാര്‍ഥിച്ചതുപോലെ നമുക്കും പ്രാര്‍ഥിക്കാം, കര്‍ത്താവേ, ഈ അപ്പം ഞങ്ങള്‍ക്ക് എപ്പോഴും തരണമേ എന്ന്. സമരിയാക്കാരി പ്രാര്‍ഥിച്ചതുപോലെ നമുക്കും പ്രാര്‍ഥിക്കാം, ആ ജലം എനിക്കു തരിക. മേലില്‍ എനിക്കു ദാഹിക്കുകയില്ലല്ലോ. എമ്മാവൂസ് യാത്രികര്‍ പ്രാര്‍ഥിച്ചതുപോലെ നമുക്കും പ്രാര്‍ഥിക്കാം, ”കര്‍ത്താവേ, ഞങ്ങളുടെ കൂടെ താമസിക്കുക.”

ലോകാവസാനത്തോളം നമ്മുടെ കൂടെയായിരിക്കാന്‍ കര്‍ത്താവ് തിരഞ്ഞെടുത്ത മാര്‍ഗമാണല്ലോ വിശുദ്ധ കുര്‍ബാന. മുറിക്കപ്പെട്ട അപ്പത്തില്‍ ശിഷ്യര്‍ കര്‍ത്താവിനെ തിരിച്ചറിഞ്ഞു. അവന്‍ ആ സമയത്ത് അപ്രത്യക്ഷനായി (ലൂക്കാ 24:31). ഭയത്തോടെയും അസ്വസ്ഥതയോടെയും അന്യോന്യം വഴക്കിട്ടും പിണങ്ങിയും കഴിയുന്ന നമുക്കു മുന്‍പില്‍ കര്‍ത്താവ് ഇന്ന് ജീവിക്കുന്നത് വിശുദ്ധ കുര്‍ബാനയിലാണ്. നമുക്ക് അവനെ തിരിച്ചറിയാം. ഈശോയെ തിരിച്ചറിയുമ്പോള്‍ നാം അന്യോന്യവും തിരിച്ചറിയും.

”നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദം കഴുകിയെങ്കില്‍ നിങ്ങള്‍ പരസ്പരം പാദങ്ങള്‍ കഴുകണം. എന്തെന്നാല്‍, ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപേലെ നിങ്ങളും ചെയ്യേണ്ടതിന് ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്‍കിയിരിക്കുന്നു” (യോഹ. 13: 14- 15).

ക്രിസ്തുവിന്റെ സ്വയംദാനത്തിന്റെ തികവാണ് വിശുദ്ധ കുര്‍ബാന. അന്ത്യത്താഴ വിരുന്ന്, പരിപൂര്‍ണ്ണനായ ദൈവപുത്രന്‍ അപൂര്‍ണ്ണരായ മനുഷ്യമക്കളെ സ്‌നേഹിതരാക്കിയ വിരുന്നാണ്. വിട്ടുപേക്ഷിക്കുന്നവരെയും ഒറ്റിക്കൊടുക്കുന്നവരെയും തിരിച്ചറിയുമ്പോഴും അവരിലെ മാലിന്യങ്ങളെ കഴുകിവെടിപ്പാക്കാന്‍ സ്വയം കുനിഞ്ഞ് മുട്ടുകള്‍ കുത്തുന്ന സ്‌നേഹവിപ്ലവമാണ് വിശുദ്ധ കുര്‍ബാന. അള്‍ത്താരയിലെ ഈ സ്‌നേഹത്തിന്റെ പുനരവതരണം അനുദിനജീവിതത്തിന്റെ താളമാകുമ്പോഴാണ് ദുഃഖവെള്ളിയിലെ വ്യാകുലങ്ങളെയും ദുഃഖശനിയുടെ മൂകതകളെയും അതിജീവിച്ച് ജീവന്റെ ഉയിര്‍പ്പാകുന്ന ഉത്ഥാനത്തിന്റെ അനുഭവം നമുക്കുണ്ടാകുക. ‘ഇത് എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍’ എന്ന് ഈശോ പറയുമ്പോഴും ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്‍കിയിരിക്കുന്നു എന്ന് പറയുമ്പോഴും ഈശോ തന്റെ പീഡാനുഭവ-മരണത്തിലേക്ക് നമ്മെ ക്ഷണിക്കുകയാണ്. ഈശോ സ്വയം ദാനമായി വിശുദ്ധ കുര്‍ബാനയായതുപോലെ, ശിഷ്യരുടെ പാദങ്ങള്‍ കഴുകി തന്നെത്തന്നെ താഴ്ത്തിയതുപോലെ നമ്മളും മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം ദാനമായി നല്‍കുമ്പോഴാണ് രക്ഷയുടെ അനുഭവത്തിലേക്കു കടന്നുചെല്ലുന്നതെന്ന് തിരിച്ചറിയാം.

ബ്രദര്‍ ഡിയോണ്‍ പുളിക്കക്കുന്നേല്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.