
“അവള്‍ അവന്റെ പിന്നില്‍ പാദത്തിനരികെ കരഞ്ഞുകൊണ്ടു നിന്നു. കണ്ണീര് കൊണ്ട് അവള്‍ അവന്റെ പാദങ്ങള്‍ കഴുകുകയും തലമുടി കൊണ്ട് തുടയ്‌ക്കുകയും ചുംബിക്കുകയും സുഗന്ധതൈലം പൂശുകയും ചെയ്‌തു” (ലൂക്കാ 7:38).
യേശു പാപിനിക്ക് പാപമോചനം കൊടുക്കുന്ന സംഭവം രണ്ട് സത്യങ്ങൾ വെളിപ്പെടുത്തുന്നു. മനുഷ്യന് ദൈവവുമായുള്ള ബന്ധത്തിൽ ദൈവം കരുണയാണ് (God is Mercy) എന്നതാണ് ആദ്യത്തെ സത്യമെങ്കിൽ ഞാൻ പാപിയാണ് (I am a sinner) എന്നതാണ് രണ്ടാമത്തേത്.
ഇന്നത്തെ സുവിശേഷ സംഭവത്തിൽ കാണുന്നതുപോലെ, ഫരിസേയനായ സൈമണെപ്പോലെ ദൈവം മനുഷ്യരുടെ പാപത്തെക്കുറിച്ചോർത്ത് നീരസപ്പെടാറില്ല, മറിച്ച് വേദനിക്കുകയാണ് ചെയ്യുക. കാരണം, മനുഷ്യന്റെ ഓരോ പാപവും മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിൽ ഭംഗം സൃഷ്ടിക്കുന്നു. മനുഷ്യപാപത്താൽ മുറിഞ്ഞുപോകുന്ന ദൈവ-മനുഷ്യബന്ധത്തെ കൂട്ടിയിണക്കാൻ ദൈവം നൽകിയിരിക്കുന്ന വഴിയാണ് മനുഷ്യന്റെ അനുതാപം. ദൈവകരുണ പാപക്ഷമ സൃഷ്ടിക്കുന്നു. ക്ഷമിക്കപ്പെട്ട അനുഭവം എന്നിൽ ദൈവസ്നേഹം ജനിപ്പിക്കുന്നു.
ദൈവത്തിന്റെ കരുണയും മനുഷ്യന്റെ അനുതാപവും സമ്മേളിക്കുന്നിടത്താണ് രക്ഷ സംജാതമാകുക. ആമേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS




