ലത്തീൻ: ജനുവരി 21 ഞായർ, മർക്കോ. 1: 14-20 മാനസാന്തരപ്പെടുവിൻ

ഈശോ തന്റെ പരസ്യജീവിതം ആരംഭിക്കുന്നതും തന്റെ ആദ്യശിഷ്യന്മാരെ തെരഞ്ഞെടുക്കുന്നതുമായ വചനഭാഗങ്ങളാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. യോഹന്നാൻ ബന്ധനസ്ഥനായി എന്നു കേട്ടപ്പോഴാണ് ക്രിസ്തു തന്റെ പരസ്യജീവിതം ആരംഭിക്കുന്നത് എന്ന് മർക്കോസ് സുവിശേഷകൻ ചൂണ്ടിക്കാണിക്കുന്നു. സ്നാപകൻ തന്റെ ദൗത്യം ആരംഭിക്കുന്നതും ക്രിസ്തു തന്റെ ദൗത്യം ആരംഭിക്കുന്നതും ‘മാനസാന്തരപ്പെടുവിൻ; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു’ എന്ന ആഹ്വാനത്താലാണ്.

ജീവിതത്തിൽ പലപ്പോഴും നമുക്കും ആവശ്യമുള്ളതും ഈ മാറ്റങ്ങളാണ്. ചില മനോഭാവങ്ങളുടെ മാറ്റം പലപ്പോഴും നമ്മുടെ ജീവിതത്തിൽ സ്വർഗരാജ്യം സംഭവിക്കാൻ ഇടയാക്കും. വി. ജോൺ പോൾ രണ്ടാമൻ പാപ്പാ ഇപ്രകാരം ആഹ്വാനം ചെയ്യുന്നു: “ദൈവത്തിലേക്കുള്ള മാനസാന്തരം ദൈവത്തിന്റെ കരുണയെ നമ്മുടെ ജീവിതത്തിൽ കാട്ടിത്തരും.” ക്രിസ്തു തന്റെ ആദ്യശിഷ്യന്മാരെ വിളിക്കുന്നിടത്തും, മർക്കോസ് സുവിശേഷകൻ അവയെല്ലാം ഉപേക്ഷിച്ച് അവനെ അനുഗമിച്ചു എന്ന വചനത്തിലും ഈ ഒരു മാറ്റം എടുത്തുകാട്ടുന്നുണ്ട്.

ദൈവത്തിങ്കലേക്കുള്ള യാത്രയിൽ ചില ഉപേക്ഷകൾ നമ്മുടെ ജീവിതത്തിലും ആവശ്യമാണ്. ആവശ്യമായതിനെ സ്വീകരിച്ച് അനാവശ്യമായതിനെ എല്ലാം ഉപേക്ഷിച്ചു മുന്നോട്ടുപോകാൻ മനസ്സുവച്ചാൽ നമ്മുടെ ജീവിതം അനുഗ്രഹപ്രദമാകും; Less Lugguage more comfortable എന്നു പറയുന്നതുപോലെ . എല്ലാം ഉപേക്ഷിച്ച് അവനെ അനുഗമിച്ച ക്രിസ്തുശിഷ്യർ എന്നും സഭയുടെ നെടുംതൂണുകളായി നിലകൊള്ളുമ്പോൾ ദൈവത്തിനായി തങ്ങൾക്കുള്ളവ മാറ്റിവയ്ക്കാൻ മടികാട്ടിയവർ നീതിമാനായ ആ യുവാവിനെപ്പോലെ ജീവിതത്തിൽ നഷ്ടബോധമുള്ളവരായി അവശേഷിക്കുന്നു. ക്രിസ്തുവിനായി ജീവിതത്തിൽ നാം എന്തൊക്കെ ഉപേക്ഷിച്ചാലും അതെല്ലാം കൃപയായി മാറുമെന്ന് വചനം നമ്മോട് ആഹ്വാനം ചെയ്യുന്നു.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.