ലത്തീൻ: ജനുവരി 20 ശനി, മർക്കോ. 3: 20-23 ക്രിസ്തുവിനായി പ്രവർത്തിക്കുന്നവരാകുക

ക്രിസ്തുവിന്റെ പരസ്യജീവിതത്തെ പ്രതിപാദിക്കുന്ന, വി. മർക്കോസിന്റെ സുവിശേഷത്തിലെ മൂന്നാം അധ്യായം 20 മുതൽ 23 വരെയുള്ള വചനഭാഗമാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. ക്രിസ്തുവിനെ ശ്രവിക്കാൻ കൊതിയോടെ വരുന്ന ജനക്കൂട്ടവും എന്നാൽ അവന്റെ പ്രവർത്തനങ്ങളെ വിമർശിക്കുകയും, അവനെ അവിശ്വാസത്തോടെ നോക്കുകയും ചെയ്യുന്ന സ്വന്തക്കാരും ഇന്നത്തെ വചനത്തിലെ ധ്യാനവിഷയങ്ങളാണ്.

ജനക്കൂട്ടത്തിന്റെ മുമ്പിൽ, ക്രിസ്തു അത്ഭുതപ്രവർത്തകനും സൗഖ്യദായകനും സ്വർഗരാജ്യത്തെക്കുറിച്ചു പ്രഘോഷിക്കുന്നവനുമായിരുന്നു. എന്നാൽ ബന്ധുക്കളുടെ മുമ്പിൽ, അവന്റെ പ്രവർത്തനങ്ങൾ തീർത്തും സുബോധം നഷ്ടപ്പെട്ടതുപോലെ ആയിരുന്നു. എന്നാൽ വചനത്തിലുടനീളം നോക്കിയാൽ, ക്രിസ്തുവിന്റെ ജീവിതലക്ഷ്യം തന്നെ പിതാവിന്റെ ഹിതം എന്തെന്ന് ലോകത്തിനു വെളിപ്പെടുത്തുക എന്നതായായിരുന്നു.

ക്രിസ്തുവിനായി പ്രവർത്തിക്കുമ്പോൾ ജീവിതത്തിൽ വിമർശനങ്ങളും എതിർപ്പുകളുമുണ്ടാകുമെന്നതു തീർച്ചയാണ്. പലപ്പോഴും പലരിൽനിന്നും, പലയിടത്തുനിന്നും പടിയിറക്കപ്പെടുമെന്നതും വചനം തരുന്ന സാക്ഷ്യമാണ്. എന്നാൽ തീക്ഷ്ണതയിൽ മാന്ദ്യംകൂടാതെ, ദൈവത്തിനായി പ്രവർത്തിക്കാനുള്ള ആഹ്വാനമാണ് സുവിശേഷം ഇന്ന് ഓരോ ക്രൈസ്തവനും നൽകുക.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.