പ്രസംഗം: പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാള്‍

കത്തോലിക്കാ സഭയില്‍ മൂന്ന് ജനനത്തിരുനാളുകളാണ് പൊതുവെ ആഘോഷിക്കപ്പെടുന്നത്. ഈശോയുടെ ജനനം, സ്‌നാപകയോഹന്നാന്റെ ജനനത്തിരുനാള്‍, പരിശുദ്ധ അമ്മയുടെ ജനനത്തിരുനാള്‍ എന്നിവയാണ് ആഘോഷിക്കുന്ന ആ മൂന്ന് ജനനത്തിരുനാളുകള്‍. സാധാരണ, വിശുദ്ധരുടെ മരണദിനമാണ് അവരുടെ തിരുനാളായി നമ്മള്‍ ആഘോഷിക്കുന്നത്. എന്നാല്‍, പരിശുദ്ധ അമ്മയുടെ ജനനവും നമ്മള്‍ ആഘോഷപൂര്‍വം കൊണ്ടാടുന്നു. അതിനാല്‍ത്തന്നെ ഈ ദിനം വളരെ പ്രധാനപ്പെട്ട ഒരു ദിനമാണെന്നു നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്.

ഏറ്റവും പുരാതനമായ മരിയന്‍തിരുനാളുകളിലൊന്നാണ് മാതാവിന്റെ ജനനത്തിരുനാള്‍. ആറാം നൂറ്റാണ്ടു മുതല്‍ ഈ തിരുനാള്‍ സഭയില്‍ ആഘോഷിച്ചുപോരുന്നു.

നാം മാതാവിന്റെ ജനനത്തിരുനാള്‍ ആഘോഷിക്കുന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. പരിശുദ്ധ അമ്മ ദൈവമാതാവാണ്; അവള്‍ ദൈവപുത്രന്റെ അമ്മയാണ്. അതിനാല്‍ നാം പരിശുദ്ധ അമ്മയെ ബഹുമാനിക്കേണ്ടത് ആവശ്യമാണ്. ദൈവപുത്രനായ മിശിഹാ പരിപൂര്‍ണ്ണതയില്‍ ജീവിച്ചവനാണ്. അവിടുത്തെ അമ്മയായ പരിശുദ്ധ അമ്മയ്ക്കും അതേ ബഹുമാനം നാം കൊടുക്കേണ്ടത് ആവശ്യമാണ്.

ഓരോ മനുഷ്യന്റെയും പിറവി ലോകത്തിന് പുതിയ പ്രതീക്ഷയുടെ സന്ദേശം നല്‍കുന്നതായി നമുക്ക് കാണാന്‍സാധിക്കും. ദൈവത്തിന്റെ സൃഷ്ടിപരമായ പ്രവര്‍ത്തനത്തിലേക്ക് രണ്ടു മനുഷ്യര്‍ സ്‌നേഹത്തിലൂടെ ഒന്നുചേരുമ്പോള്‍ അവിടെ പുതിയ ഒരു ജീവന്‍ ഉണ്ടാകുകയാണ്. കഷ്ടപ്പാടുകള്‍ നിറഞ്ഞ ഒരു ലോകത്തിലേക്ക് പ്രത്യാശയുടെ സന്ദേശവുമായിട്ടാണ് സ്നേഹസമ്പന്നരായ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടിയെ കടത്തിവിടുന്നത്. അങ്ങനെ കടന്നുവരുന്ന ഓരോ പുതിയ കുട്ടിക്കും ഈ ലോകത്തില്‍, ദൈവത്തിന്റെ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും വാഹകനാകാനുള്ള കഴിവുണ്ട്.

ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം പരിശുദ്ധ മറിയത്തിലും അവളുടെ ജന്മത്തിലും പൂര്‍ണ്ണമായും വെളിപ്പെട്ട സത്യമാണ്. ഈ ലോകത്തില്‍, ദൈവത്തിന്റെ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും വെളിപ്പെടുത്തപ്പെട്ട അടയാളമായിരുന്നു പരിശുദ്ധ അമ്മയുടെ ജനനം. യേശു ദൈവസ്‌നേഹത്തിന്റെ പൂര്‍ണ്ണമായ പ്രകടനമാണെങ്കില്‍, മറിയം ആ സ്‌നേഹത്തിന്റെ മുന്‍നിഴലാണ്. യേശു രക്ഷയുടെ പൂര്‍ണ്ണത കൊണ്ടുവന്നെങ്കില്‍, മറിയം അതിന്റെ സഹകാരിയാണ്.

ജന്മദിനാഘോഷങ്ങള്‍, ആഘോഷിക്കുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സന്തോഷം നല്‍കുന്നു. യേശുവിന്റെ ജനനം പോലെതന്നെ മറിയത്തിന്റെ ജനനവും ലോകത്തിന് വലിയ സന്തോഷമാണ് നല്‍കുന്നത്. ഓരോ തവണയും പരിശുദ്ധ അമ്മയുടെ ജനനം ആഘോഷിക്കുമ്പോള്‍, നമ്മുടെ ഹൃദയത്തിലും ലോകത്തിലും സമാധാനം വര്‍ധിക്കുമെന്ന് നമുക്ക് ആത്മവിശ്വാസത്തോടെ പ്രതീക്ഷിക്കാം. അതിനാല്‍ പരിശുദ്ധ അമ്മയുടെ ജനനത്തിരുനാള്‍ അഞ്ചു രീതികളില്‍ ആഘോഷിക്കുന്നത് ഉചിതമാണ്.

ഒന്നാമതായി ഒരു പരിഹാരപ്രവൃത്തി എന്ന നിലയില്‍ നമ്മള്‍ മാതാവിന്റെ ജനനത്തിരുനാള്‍ ആഘോഷിക്കണം. നമ്മുടെ അമ്മയുടെ ജനനത്തിരുനാള്‍ ആഘോഷിക്കേണ്ടത് തികച്ചും ആവശ്യമാണ്. കാരണം, അമ്മയെ നാം മറന്നുകൂടാ. അമ്മയെ മറക്കുന്നവര്‍ ഒരുപാടുപേരുണ്ട്; നിന്ദിക്കുന്നവരുണ്ട്. അവര്‍ക്കുവേണ്ടിയുള്ള പരിഹാരമായിക്കൂടി നാം അമ്മയുടെ ജനനത്തിരുനാള്‍ ആഘോഷിക്കണം.

രണ്ടാമതായി പരിശുദ്ധ അമ്മയെ നമുക്ക് ലഭിച്ചുവെന്ന കാരണത്താലും നമ്മള്‍ ഈ തിരുനാള്‍ ആഘോഷിക്കേണ്ടതാണ്; അതും തികഞ്ഞ സന്തോഷത്തോടെ തന്നെ. കാരണം, ദൈവത്തിന്റെ മാതാവിനെയാണ് നമുക്ക് അമ്മയായി ലഭിച്ചിരിക്കുന്നത്.

മൂന്നാമതായി പരിശുദ്ധ അമ്മ നമുക്ക് നല്‍കിയിരിക്കുന്ന അത്ഭുതകരമായ കാര്യങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ട് ഈ തിരുനാള്‍ നമ്മള്‍ ആഘോഷിക്കണം. നമ്മുടെ പ്രിയപ്പെട്ടവരുടെ ജന്മദിനത്തില്‍ നാം അവരുടെ നന്മകള്‍, അവര്‍വഴി ലഭിച്ച അനുഗ്രഹങ്ങളൊക്കെ ഓര്‍മ്മിക്കാറുണ്ട്. അതുതന്നെ പരിശുദ്ധ അമ്മയുടെ ജന്മദിനത്തിലും നമുക്ക് അനുസ്മരിക്കാം. മാതാവ് വഴി നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെ ഓര്‍മ്മിക്കാനും അവ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ഈ തിരുനാള്‍ വലിയൊരു അവസരമാണ്.

നാലാമതായി, നമ്മുടെ കുടുംബങ്ങളെ പൂര്‍ണ്ണമായും മാതാവിന് സമര്‍പ്പിച്ചുകൊണ്ട് ഈ തിരുനാള്‍ നമുക്ക് ആഘോഷിക്കാം. കാരണം കാനായിലെ കല്യാണവേളയില്‍ ആ കുടുംബത്തെ അപമാനത്തില്‍നിന്നും രക്ഷപെടുത്തിയത് പരിശുദ്ധ അമ്മയുടെ ഇടപെടലാണ്. അതുപോലെ, നമ്മുടെ കുടുംബങ്ങളെയും അപകടത്തില്‍നിന്നും അപമാനത്തില്‍നിന്നും കരേറ്റാന്‍ പരിശുദ്ധ അമ്മയ്ക്ക് പൂര്‍ണ്ണമായും സമര്‍പ്പിക്കുക.

അഞ്ചാമതായി പരിശുദ്ധ അമ്മയുടെ തീര്‍ഥാടനാലയങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ട് ഈ തിരുനാള്‍ നമ്മള്‍ ആഘോഷിക്കുക. പ്രിയപ്പെട്ടവരുടെ ജന്മദിനത്തില്‍ അവരെ സന്ദര്‍ശിക്കുന്ന അതേ മനോഭാവവും സ്‌നേഹവും പ്രത്യേക പരിഗണനയും മാതാവിന്റെ ജനനത്തിരുനാളിലും നമുക്ക് ഉണ്ടാകട്ടെ. പരിശുദ്ധ അമ്മയ്ക്ക് പ്രതിഷ്ഠിക്കപ്പെട്ട പള്ളികള്‍ സന്ദര്‍ശിച്ചു പ്രാർഥിക്കുക എന്നത് ഒരു മാര്‍ഗമാണ്. അതല്ലെങ്കില്‍ ഇടവകദേവാലയത്തിലെ പരിശുദ്ധ അമ്മയുടെ രൂപത്തിനുമുന്‍പില്‍ നിന്ന് പ്രത്യേകമാംവിധത്തില്‍ പ്രാര്‍ഥിക്കുക. ജപമാല, എത്രയും ദയയുള്ള മാതാവേ, പരിശുദ്ധ രാജ്ഞീ, സുകൃതജപങ്ങള്‍ ഇവയെല്ലാം കൂടുതല്‍ തീക്ഷ്ണതയോടെ ഈ ദിനത്തില്‍ പ്രാര്‍ഥിക്കാനും നമ്മള്‍ ശ്രമിക്കേണ്ടതാണ്.

പരിശുദ്ധ മറിയത്തിന്റെ ജനനത്തിരുനാളില്‍, അവള്‍ക്ക് കത്തെഴുതിയ, അവള്‍ കത്തെഴുതിയ ഒരു വിശുദ്ധനെ ഓര്‍ക്കുന്നതും ആ കത്തിന്റെ സാരാംശം അറിയുന്നതും ഉചിതമാണ്. ഫാ. ജെയ്‌സണ്‍ കുന്നേല്‍ MCBS എഴുതിയ ‘പരിശുദ്ധ കന്യകാമറിയം കത്തെഴുതിയ ഈ വിശുദ്ധനെ അറിയുമോ’ എന്ന ലേഖനത്തില്‍ നമ്മള്‍ അത് വായിക്കുന്നുണ്ട്.

മധ്യകാലഘട്ടത്തിലെ സുവര്‍ണ്ണ ഐതിഹ്യത്തിലാണ് (Golden Legend) പരിശുദ്ധ കന്യാമറിയത്തിനു കത്തെഴുതിയ വി. ഇഗ്‌നേഷ്യസിനെക്കുറിച്ചു പ്രതിപാദിക്കുന്നത്. അന്ത്യോക്യായിലെ മൂന്നാമത്തെ മെത്രാനും ആദിമസഭയിലെ വലിയ ഒരു സഭാപിതാവുമായിരുന്നു വി. ഇഗ്‌നേഷ്യസ്. “ക്രിസ്തുവിനു ജന്മംനല്‍കിയ മറിയത്തിന് അവളുടെ ഇഗ്‌നേഷ്യസ്” എന്ന അഭിസംബോധനയോടെയാണ് കത്ത് ആരംഭിക്കുന്നത്.
കത്തിന്റെ ഉള്ളടക്കം ഇങ്ങനെയാണ്:

“ഒരു തുടക്കക്കാരനും നിന്റെ യോഹന്നാന്റെ ശിഷ്യനുമായ എന്നെ നീ ശക്തിപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യണം. യോഹന്നാനില്‍ നിന്നാണ് യേശുവിനെപ്പറ്റിയും അവന്റെ പ്രബോധങ്ങളെപ്പറ്റിയും അത്ഭുതകരമായ പല കാര്യങ്ങളെപ്പറ്റിയും പഠിച്ചത്. അവ കേട്ട് ഞാന്‍ പലപ്പോഴും അത്ഭുതസ്തംബ്ദനായിട്ടുണ്ട്. നീ എല്ലായ്‌പ്പോഴും ഈശോയോട് അടുത്തായിരുന്നതുകൊണ്ടും അവന്റെ രഹസ്യങ്ങള്‍ നിന്നോട് പങ്കുവച്ചിരുന്നതുകൊണ്ടും ഞാന്‍ കേട്ട കാര്യങ്ങള്‍ ഉറപ്പിക്കുക എന്നതാണ് എന്റെ ഹൃദയാഭിലാഷം. ഞങ്ങളോട് വാത്സല്യം കാണിക്കണമേ, പ്രത്യേകമായി പുതുതായി മാമ്മോദീസാ സ്വീകരിച്ച എന്നോടൊപ്പമുള്ളവരുടെ വിശ്വാസം അങ്ങുവഴിയും അങ്ങിലൂടെയും അങ്ങിലും വര്‍ദ്ധിപ്പിക്കണമേ.”

ഇഗ്‌നേഷ്യസിന്റെ ഈ കത്തിന് പരിശുദ്ധ കന്യകാമറിയം മറുപടി അയച്ചു എന്നും ആ ഐതിഹ്യത്തില്‍ പറയുന്നു. അത് ഇപ്രകാരമാണ്:

“എന്റെ ഏറ്റവും പ്രിയപ്പെട്ട സഹശിഷ്യന്‍ ഇഗ്‌നേഷ്യസിന്, ക്രിസ്തുവിന്റെ എളിയദാസി എഴുതുന്ന കത്ത്” എന്നാണ് കത്ത് ആരംഭിക്കുന്നത്. “യോഹന്നാനില്‍നിന്നു നീ കേട്ടതും പഠിച്ചതുമായ കാര്യങ്ങള്‍ സത്യമാണ്. അവയെ വിശ്വസിക്കുകയും മുറുകെപ്പിടിക്കുകയും ചെയ്യുക. ക്രിസ്തീയസമര്‍പ്പണം നിര്‍വഹിക്കുന്നതിലും ജീവിതത്തെ രൂപപ്പെടുത്തുന്നതിലും അവ നിയന്ത്രിക്കുന്നതിലും ദൃഢചിത്തനാവുക. നിന്നെയും നിന്റെ കൂടെയുള്ളവരെയും സന്ദര്‍ശിക്കാന്‍ യോഹന്നാനോടൊപ്പം ഞാന്‍ വരും. വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും അവ ധൈര്യപൂര്‍വം പ്രഘോഷിക്കുകയും ചെയ്യുക. പീഡനങ്ങളുടെ കാഠിന്യം നിന്നെ ചഞ്ചലചിത്തനാകാന്‍ അനുവദിക്കരുത്. നിന്റെ ആത്മാവ് ധൈര്യമുള്ളതായിരിക്കുകയും നിന്റെ രക്ഷയായ ദൈവത്തില്‍ സന്തോഷിക്കുകയും ചെയ്യട്ടെ.”

ഈ കത്തുകളുടെ ആധികാരികത സംശയത്തിന്റെ നിഴലിലായിരിക്കാം. കാരണം ഇത് സുവര്‍ണ്ണ ഐതിഹ്യത്തിലാണ് (Golden Legend) ചേര്‍ക്കപ്പെട്ടിരിക്കുന്നത്. എങ്കിലും ഈ കത്തുകളുടെ ഉള്ളടക്കവും ഇവ നല്‍കുന്ന സന്ദേശവും ഈ ദിനത്തില്‍ നമുക്ക് വളരെയധികം പ്രയോജനകരമാണ്. പരിശുദ്ധ അമ്മയോട് വി. ഇഗ്‌നേഷ്യസ് കാണിക്കുന്ന വലിയ സ്‌നേഹവും ബഹുമാനവും ബന്ധവും നമ്മളും കാണിക്കേണ്ടതാണ്.

പരിശുദ്ധ അമ്മയുടെ ജനനത്തിരുനാള്‍ ആഘോഷപൂര്‍വം നടത്തേണ്ട ഒന്നാണ്. മക്കളായ നമുക്ക് അതുവഴിയായി അമ്മയുടെ അനുഗ്രഹങ്ങള്‍ ലഭിക്കട്ടെ. ഇന്ന് നാം നമ്മുടെ മാതാവിന്റെ ജനനത്തിരുനാള്‍ ആഘോഷിക്കുമ്പോള്‍, ജോവാക്കിമിനും അന്നയ്ക്കും മാത്രമല്ല, ദൈവത്തിനും ഈ ദിവസത്തെ സന്തോഷം എത്ര വലുതാണെന്ന് നമുക്ക് ചിന്തിക്കാം. അതേ സന്തോഷം നമ്മുടെ ജീവിതത്തിലേക്കും നമുക്കു കൊണ്ടുവരാന്‍ ശ്രമിക്കാം.

ഫാ. ജോര്‍ജ് കടൂപ്പാറയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.