ഞായർ പ്രസംഗം, ഉയിർപ്പുകാലം ആറാം ഞായർ മെയ് 22 യോഹ. 5: 19-29 യേശു ദൈവപുത്രന്‍

ബ്ര. അബിന്‍ സണ്ണി പണ്ടാരത്തില്‍ക്കുടിയില്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ മാതാപിതാക്കളേ, സഹോദരങ്ങളേ,

എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ എഫേസൂസില്‍ വച്ച് യോഹന്നാന്‍ ശ്ലീഹാ തന്റെ സുവിശേഷം എഴുതിയപ്പോള്‍ അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നത് നാല് ലക്ഷ്യങ്ങളായിരുന്നു. ഒന്ന്, ഈശോ ദൈവപുത്രനാണെന്ന് സ്ഥാപിക്കുക. രണ്ട്, ഈശോ വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായാണെന്ന് മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുക. മൂന്ന്, നാമോരോരുത്തരും ദൈവപുത്രനായ ഈശോമിശിഹായില്‍ വിശ്വസിക്കുക. നാല്, വിശ്വാസം വഴി എല്ലാവരും നിത്യജീവന്‍ പ്രാപിക്കുക.

യോഹന്നാന്‍ ശ്ലീഹാ തന്റെ സുവിശേഷത്തിന്റെ അവസാനഭാഗം 20:31-ല്‍ ഇപ്രകാരം പറഞ്ഞുവയ്ക്കുന്നു: “എന്നാല്‍ ഇവ തന്നെയും എഴുതപ്പെട്ടിരിക്കുന്നത്, യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്റെ നാമത്തില്‍ ജീവനുണ്ടാകുന്നതിനും വേണ്ടിയാണ്.” യേശു ദൈവപുത്രനാണെന്ന വസ്തുത സ്ഥാപിക്കാന്‍ യേശുവിന്റെ വാക്കുകളിലൂടെ തന്നെ യോഹന്നാന്‍ ശ്ലീഹാ നമ്മെ ഉദ്‌ബോധിപ്പിക്കുന്ന വചനഭാഗം 5: 19-29 വരെയുള്ള വാക്യങ്ങളാണ് നാം വായിച്ചുകേട്ടത്.

സ്‌നേഹത്തിലും ആദരവിലും പ്രവര്‍ത്തിയിലും പിതാവും പുത്രനും തമ്മിലുള്ള തുല്യതയും ഐക്യവും വ്യക്തമാക്കുകയും മിശിഹായുടെ ദൈവത്വവും പുത്രന്റെ അധികാരവും വെളിപ്പെടുത്തുകയും ചെയ്യുകയാണ് യോഹന്നാന്‍ ശ്ലീഹാ. ഇതിന്റെ ചുവട് പിടിച്ചുകൊണ്ടാണ് 325-ാം ആണ്ടില്‍ സമ്മേളിച്ച നിഖ്യാ സൂനഹദോസ് ഇപ്രകാരം പഠിപ്പിക്കുന്നത്: “പുത്രന്‍ പിതാവിനോടു കൂടെ ഏകസത്തയാണ്.” യേശു ദൈവപുത്രനാണെന്ന് പറഞ്ഞുവയ്ക്കുന്ന ഭാഗം ബെത്സയ്ദായിലെ തളര്‍വാതരോഗിയെ സാബത്ത് ദിവസം യേശു സുഖപ്പെടുത്തിയതിനു ശേഷമാണ് വിവരിച്ചിരിക്കുന്നത്.

ആദ്യവായനയായ ഉല്‍പത്തി 9: 1-17 വരെയുള്ള വചനഭാഗത്തില്‍ നാം ശ്രവിച്ചത് നോഹയുടെ കാലത്തെ പ്രളയാനന്തര ലോകത്തോട് ദൈവം ഉടമ്പടി സ്ഥാപിക്കുന്നതും സൗഖ്യവും പുതുജീവനും നല്‍കി അവരെ പരിപാലിക്കുന്ന സൃഷ്ടാവായ ദൈവത്തെക്കുറിച്ചുമാണ്. ആല്‍ഫയും ഒമേഗയും പൂര്‍വ്വപിതാക്കന്മാരുടെ ദൈവവും സൃഷ്ടപ്രപഞ്ചത്തിന്റെ പരിപാലകനുമായ ഏകദൈവത്തിന്റെ ഏകപുത്രനാണ് താന്‍ എന്ന സത്യം ദൈവത്തിന്റെ ദിനമായ സാബത്ത് ദിവസം തളര്‍വാതരോഗിയെ സുഖപ്പെടുത്തി വ്യക്തമാക്കിയ യേശു തന്റെ ചുറ്റും കൂടിയിരുന്നവരോട് പറഞ്ഞു വയ്ക്കുകയാണ് താനാണ് ദൈവത്തിന്റെ ഏകപുത്രന്‍ എന്നും തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് നിത്യജീവന്‍ ലഭിക്കുമെന്നും. താനും പിതാവും തമ്മിലുള്ള തുല്യതയും ഐക്യവും യേശു തന്നെ വെളിപ്പെടുത്തുന്നു. ഈ വചനഭാഗത്തു മാത്രമായി പത്തു തവണ പുത്രന്‍ എന്നും എഴു തവണ പിതാവ് എന്ന വാക്കും ഉപയോഗിച്ചിരിക്കുന്നു. ഇത് പിതാവും പുത്രനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. യോഹ. 5:19 “പിതാവ് ചെയ്തു കാണുന്നതല്ലാതെ പുത്രന് സ്വയമേവ ഒന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ല. പിതാവ് ചെയ്യുന്നതെല്ലാം അപ്രകാരം തന്നെ പുത്രനും ചെയ്യുന്നു” എന്നു പറയുന്നതിലൂടെ തന്നില്‍ തന്നെ ജീവനുള്ളതു പോലെ പുത്രനും തന്നില്‍ തന്നെ ജീവനുണ്ട് എന്നത് രണ്ടു പേരുടെയും വ്യതിരക്തതയും ചൂണ്ടിക്കാട്ടുന്നു. കത്തോലിക്കാ സഭ തന്റെ മതബോധനഗ്രന്ഥത്തിന്റെ 253-ാം നമ്പറിലൂടെ നമ്മെ ഇപ്രകാരം പഠിപ്പിക്കുന്നു: “പുത്രന്‍ എന്തായിരിക്കുന്നുവോ അതു തന്നെയാണ് പിതാവ്. പിതാവ് എന്തായിരിക്കുന്നുവോ അതു തന്നെയാണ് പുത്രന്‍.”

യേശുവിന് രണ്ടു പ്രവര്‍ത്തികള്‍ ഉണ്ടെന്നാണ് സുവിശേഷം പറഞ്ഞുവയ്ക്കുന്നത്. വിധി നടത്തലും ജീവന്‍ നല്‍കലും പിതാവ് ആരെയും ഏല്‍പിക്കുന്നില്ല. വിധി മുഴുവന്‍ പുത്രനെ ഏല്‍പിച്ചിരിക്കുകയാണ്. പുത്രന്റെ വിധി എന്നത് ജീവനും മരണവും, നന്മയും തിന്മയും, രക്ഷയും ശിക്ഷയും തമ്മിലുള്ള വേര്‍തിരിക്കലാണ്. നല്ല ഫലം പുറപ്പെടുവിക്കുന്നവരെ അവന്‍ നിത്യരക്ഷയിലേക്ക് പ്രവേശിപ്പിക്കുന്നു. തിന്മയുടെ മേലുള്ള നന്മയുടെ ജയമാണ് ഇവിടെ പ്രഘോഷിക്കപ്പെടുന്നത്. ഇത്തരുണത്തിലാണ് ഉല്‍പത്തി പുസ്തകത്തില്‍ വിവരിക്കുന്ന ജലപ്രളയകഥ തിന്മയുടെമേല്‍ വിജയം വരിച്ചുകൊണ്ടുള്ള ദൈവപുത്രന്റെ വിജയത്തിന്റെ പ്രതിരൂപമാകുന്നത്. പിതാവിനാല്‍ ഏല്‍പിക്കപ്പെട്ട് പുത്രനാല്‍ യാഥാര്‍ത്ഥ്യമാക്കപ്പെടുന്ന വിധി ജീവനിലേക്ക് നയിക്കുന്നു.

പീഡാസഹന കുരിശുമരണ ഉത്ഥാനത്തിലൂടെ സ്വയം വിധിക്ക് ഏല്‍പിക്കപ്പെട്ട് വിധിയിലൂടെ മിശിഹാ നമുക്ക് ജീവന്‍ നേടിത്തരുന്നു. എന്നാല്‍ അത് പരിസമാപ്തിയില്‍ എത്തിച്ചേരുന്നത് സുവിശേഷത്തില്‍ നാം ശ്രവിച്ചതുപോലെ കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന മണിക്കൂറിലാണ്. അതാണ് സര്‍വ്വജീവജാലങ്ങളും മിശിഹായില്‍ നവജീവന്‍ പ്രാപിക്കുന്ന സമയം, പാപത്താല്‍ മൃതിടയഞ്ഞ നമുക്ക് നവജീവന്‍ ലഭിക്കാന്‍ വേണ്ടി തന്റെ ഏകജാതനെ നല്‍കി അവന്റെ പീഡാസഹന കുരിശുമരണ ഉത്ഥാനത്തിലൂടെ ദൈവിക കുടുംബത്തിലേക്ക് ദൈവം നമ്മെ പ്രവേശിപ്പിക്കുന്ന സമയം.

ഓരോ വിശുദ്ധ കുര്‍ബാനയിലും ഈ രക്ഷാകര ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു. ഈ രക്ഷാകര ചരിത്രത്തിലൂടെ ആത്മാവ് സമൃദ്ധമായി നമ്മിലേക്ക് ചൊരിയപ്പെടുന്നു. ഈ ആത്മാവിലുള്ള നവജീവനിലേക്കാണ് നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത്. ഇതാണ് പൗലോസ് ശ്ലീഹാ തന്റെ ലേഖനത്തിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തിയത്. നമുക്കുള്ള ദൈവത്തിന്റെ അച്ചാരമാണ് പരിശുദ്ധാത്മാവ്. പുത്രസ്വീകാര്യത്തിന്റെ ആത്മാവിലൂടെ നാമും ജീവനിലേക്ക് പ്രവേശിക്കുന്നു. എന്നാല്‍ ഈ പ്രവേശനം പൂര്‍ണ്ണമായും സാധ്യമാകുന്നത് പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലുമുള്ള വിശ്വാസം വഴിയാണ്. വിശുദ്ധ ബലിയര്‍പ്പണത്തിനായി നാം ഇവിടെ അണഞ്ഞിരിക്കുമ്പോള്‍ നമുക്കും നമ്മുടെ വിശ്വാസത്തിന്റെ ആഴത്തെ പരിശോധിക്കാം. എത്രമാത്രം വിശ്വാസത്തോടു കൂടിയാണ് ഓരോ ബലിയര്‍പ്പണത്തിനും നാം അണയുന്നത്. എത്രമാത്രം വിശ്വാസത്തോടും ഭക്തിയോടും കൂടിയാണ് കുടുംബപ്രാര്‍ത്ഥനകളില്‍ ഞാന്‍ പങ്കുചേരുന്നത്. ജീവിതത്തിലെ ബുദ്ധിമുട്ടുകളിലും പ്രതിസന്ധികളിലും ക്രിസ്തുവിന്റെ മുഖവും ഹിതവും ദര്‍ശിക്കാന്‍ തക്കവിധം ആഴമാര്‍ന്ന ഒരു വിശ്വാസം എനിക്കുണ്ടോ?

വി. ഗ്രിഗറി നസ്സിയാന്‍സന്‍ ഇപ്രകാരം സാക്ഷിക്കുന്നു: “എല്ലാ ദുഃഖദുരിതങ്ങളും സഹിക്കാനും സര്‍വ്വസുഖങ്ങളും സന്തോഷങ്ങളും ത്യജിക്കാനും എന്നെ ശക്തനാക്കുന്നത് ഇതാണ്. പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലുമുള്ള വിശ്വാസം.” ആഴമായ വിശ്വാസത്തില്‍ വളരാനും മറ്റുള്ളവരെ വളര്‍ത്താനും ദൈവപുത്രനായ ക്രിസ്തുവിന് ജീവിതം വഴി സാക്ഷ്യം നല്‍കാനുമുള്ള ശക്തിക്കായി ഈ വിശുദ്ധ കുര്‍ബാനയിലൂടെ നമുക്ക് പ്രാര്‍ത്ഥിക്കാം. ദൈവപുത്രനായ ക്രിസ്തു വിശ്വാസമെന്ന വലിയ ദാനം നല്‍കി നമ്മെ അനുഗ്രഹിക്കട്ടെ, ആമ്മേന്‍.

ബ്ര. അബിന്‍ സണ്ണി പണ്ടാരത്തില്‍ക്കുടിയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.