ഭദ്രാവതി രൂപതയുടെ വികാരി ജനറാൾ അന്തരിച്ചു

തലശ്ശേരി അതിരൂപതാംഗവും ഭദ്രാവതി രൂപതാ വികാരി ജനറാളുമായിരുന്ന ഫാ.കുര്യാക്കോസ് (ഷാജി) മുണ്ടപ്ലാക്കൽ അന്തരിച്ചു. കോവിഡ് ബാധിച്ച് മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ഫാ. കുര്യാക്കോസ് മുണ്ടപ്ലാക്കലച്ചൻ്റെ ഭൗതിക ശരീരം ഇന്ന് (11-09-2020) ഉച്ചകഴിഞ്ഞ് 3 മണിയോടെ കൊന്നക്കാട് പള്ളിയിൽ എത്തിക്കുന്നതാണ്. കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചുകൊണ്ട് വൈകുന്നേരം 5 മണിക്ക് മൃതസംസ്ക്കാര ശുശ്രൂഷകള്‍ കൊന്നക്കാട് പള്ളിയിൽ ആരംഭിക്കുകയും കൊന്നക്കാട് പള്ളി സിമിത്തേരിയിൽ തയ്യാറാക്കിയ പ്രത്യേക കല്ലറയിൽ സംസ്കരിക്കുകയും ചെയ്യുന്നതാണ്.

കാസർഗോഡ് ജില്ലയിലെ കൊന്നക്കാട് ഇടവകയിൽ മുണ്ടപ്ലാക്കൽ മാത്യു, അന്നമ്മ ദമ്പതികളുടെ മകനായി പാലാ മറ്റക്കരയിൽ 1966 നവംബർ 2-ാം തിയ്യതി ജനിച്ചു. മറ്റക്കര മണ്ണൂർ എൽ.പി.സ്‌ക്കൂൾ, ചെമ്മലമറ്റം അൽഫോൻസാ യു.പി.സ്‌കൂൾ, മറ്റക്കര ഹൈസ്‌ക്കൂൾ എന്നിവിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസം നടത്തി. കോട്ടയം മാർ ബസേലിയോസ് കോളേജിൽ നിന്ന്  പ്രീ-ഡിഗ്രി പാസ്സായശേഷം 1983 -ൽ വൈദിക പരിശീലനത്തിനായി തലശ്ശേരി സെന്റ് ജോസഫ്‌സ് മൈനർ സെമിനാരിയിൽ ചേർന്നു. ആലുവ മംഗലപ്പുഴ സെമിനാരിയിൽ വൈദിക പരിശീലനം പൂർത്തിയാക്കിയശേഷം 1992 ഡിസംബർ 26 -ന് ആർച്ച് ബിഷപ്പ് മാർ ജോർജ് വലിയമറ്റത്തിൽനിന്നും പൗരോഹിത്യം സ്വീകരിച്ചു.

മേരിഗിരി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി പൗരോഹിത്യ ശുശ്രൂഷ ആരംഭിച്ചു. ആടാംപാറ, ചെറുപുഴ, എണ്ണപ്പാറ, പാണത്തൂർ, ഉദയഗിരി ഇടവകകളിൽ വികാരിയായും തലശ്ശേരി അതിരൂപത യുവജനവിഭാഗം ഡയറക്ടർ, ചെമ്പേരി കരുണാലയം ഡയറക്ടർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. ബെൽജിയം ലുവൈൻ കാത്തലിക് യൂണിവേഴ്‌സിറ്റിയിൽ നിന്നും ധാർമ്മിക ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദം കരസ്ഥമാക്കി. കുന്നോത്ത് മേജർ സെമിനാരിയിൽ മോറൽ തിയോളജി അധ്യാപകനായി ജോലി ചെയ്തിരുന്നു. 2019 മെയ്മാസം മുതൽ കർണ്ണാടകയിലെ  ഭദ്രാവതി വികാരി ജനറാളായി സേവനം ചെയ്ത് വരികയായിരുന്നു. ബാബു, ബിജു, ജീജ, സി. ഷാരോൺ ഡി. എം, സിന്ധു എന്നിവർ സഹോദരങ്ങളാണ്.

ശാന്തവും സൗമ്യവുമായ പെരുമാറ്റം, ഹൃദ്യമായ പുഞ്ചിരി, സ്‌നേഹമസൃണമായ സംസാരരീതി – അച്ചനെ കണ്ടിട്ടുള്ളവർക്കും ഇടപഴകിയിട്ടുള്ളവർക്കും അവ ഒരിക്കലും മറക്കാനാവില്ല. അതിരൂപതയിലെ യുവജനപ്രസ്ഥാനത്തിന് അഞ്ചുവർഷം ഊർജ്ജസ്വലമായ നേതൃത്വം നൽകി. ചെമ്പേരി കരുണാലയത്തിലെ വൃദ്ധജനങ്ങളെ തന്റെ സ്വതസിദ്ധമായ കാരുണ്യത്തോടും വാത്സ്യലത്തോടും കൂടി അദ്ദേഹം ശുശ്രൂഷിച്ചു. വൈദികവിദ്യാർത്ഥികൾക്ക് ഏറ്റവും പ്രിയപ്പെട്ട അധ്യാപകനായിരുന്നു കുര്യാക്കോസച്ചൻ. സൗമ്യനും കർമ്മകുശലനുമായ അജപാലകൻ എന്ന നിലയിൽ അദ്ദേഹം ശുശ്രൂഷ ചെയ്ത ഇടവകകളിലെ ജനങ്ങളുടെ മനസ്സിൽ അദ്ദേഹം ചിരപ്രതിഷ്ഠ നേടിയിരുന്നു. ഭദ്രാവതി രൂപതയിലേക്ക് വികാരി ജനറാളായി ചുമതല ഏൽക്കാൻ ആവശ്യപ്പെട്ടപ്പോൾ സന്തോഷത്തോടെ ആ ചുമതല ഏറ്റെടുത്തു. ഷാജി അച്ചൻ്റെ ആകസ്മികമായ നിര്യാണം തലശ്ശേരി അതിരൂപക്കും ഭദ്രാവതി രൂപതയ്ക്കും ഉണ്ടാക്കിയ നഷ്ടം വാക്കുകൾക്കതീതമാണ്. ആ ദീപ്ത സാന്നിധ്യത്തിന് മുമ്പിൽ പ്രണാമം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.