അനേകം കുഞ്ഞുങ്ങളുടെ സ്വപ്നമായ ബഥാനിയ ബാലഭവന്‍

സി. സൗമ്യ DSHJ

പത്തനംതിട്ട ജില്ലയിലെ കോന്നിക്കടുത്ത് വകയാറുള്ള ബഥാനിയ ബാലഭവന്‍. പാവപ്പെട്ട കുട്ടികള്‍ക്ക് താമസിച്ച് പഠിക്കുവാനുള്ള ആശ്രയകേന്ദ്രമാണ് ഇവിടം. ബഥനി സിസ്റ്റേഴ്സ് നേതൃത്വം വഹിക്കുന്ന ഈ ഭവനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സി. ക്ലെമെന്റ് പങ്കുവെയ്ക്കുന്നു.

സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വീടുകളിലെ കുഞ്ഞുങ്ങളെ ഈ ബാലഭവനില്‍ നിർത്തി പഠിപ്പിക്കുന്നു. മദ്യപാനം മൂലം വീട്ടില്‍ താമസിക്കാന്‍ പറ്റില്ലാത്ത അവസ്ഥയും സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ മൂലം പഠനം പാതിവഴിയില്‍ നിർത്തേണ്ട സാഹചര്യമുള്ളവര്‍ക്കും ഈ ഭവനം വലിയ പ്രതീക്ഷയാണ്.

സി. ക്ലമന്റ്റ്, സി. ശാലിനി, സി. എല്‍സീന, സി. രമ്യ എന്നീ നാല് സിസ്റ്റേഴ്സ് ആണ് ഈ സമൂഹത്തിലുള്ളത്. അവരെല്ലാവരും ഈ കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു. ഈ സഹോദരിമാര്‍ ഈ കുഞ്ഞുങ്ങള്‍ക്ക് എല്ലാമാണ്. അവധിയായാല്‍ പോലും പലര്‍ക്കും വീട്ടിലേയ്ക്ക് പോകാന്‍ താൽപര്യമില്ല. ബഥാനിയ ഭവനാണ് ഇവരുടെ വീട്. ആകെ പതിനേഴ് കുട്ടികളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. അഞ്ചാം ക്ലാസ്സ്‌ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍. ഇവിടെ നിന്നും പഠിച്ചുപോയ കുട്ടികള്‍ ഇപ്പോള്‍ ബി.എസ്.സി നേഴ്സിങ്ങിന് വരെ പഠിക്കുന്നുണ്ട്. അവധിക്ക് നാട്ടില്‍ വന്നാലും ഇവർ ഓടി ഈ ഭവനത്തിലെത്തും. ചിലപ്പോള്‍ ഒരാഴ്ച ഇവരുടെ കൂടെ നില്‍ക്കുകയും ചെയ്യും. ഇവിടെ നിന്നും പഠിച്ചിട്ടു പോയ കുട്ടികൾ അത്രയ്ക്കും സ്നേഹം ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്.

ആദിവാസി കോളനിയിലുള്ള കുട്ടികള്‍ ഇവിടുണ്ട്. പഠിക്കാന്‍ സാധിക്കാതെ വീട്ടിലായിരുന്ന ഇവരെ ബാലഭവനില്‍ നിര്‍ത്തി പഠിപ്പിക്കുകയാണ് ചെയ്യുന്നത്. ജൂണ്‍ ഒന്നിന് വന്നാല്‍ മാര്‍ച്ചിലെ ഇവര്‍ തിരികെ പോകാറുള്ളൂ. വീട്ടില്‍ നില്‍ക്കുന്നതിലും ഇവർക്ക് ഇഷ്ടം ഈ ഭവനമാണ്. ഭക്ഷണത്തിനു ബുദ്ധിമുട്ടുള്ളവരും വീട്ടിലെ സാഹചര്യത്തില്‍ നിൽക്കാന്‍ സാധിക്കാത്തവരും ഈ ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ഇപ്പോഴും സിസ്റ്റേഴ്സിനോടൊപ്പമുണ്ട്. ഏഴോളം കുട്ടികള്‍ ഇപ്പോഴും ഇവിടെയുണ്ട്. മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ടവരും തങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ മൂലം ഈ ബാലഭവനില്‍ താമസിക്കുന്നുണ്ട്.

“പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ ഈ കുഞ്ഞുങ്ങള്‍ക്ക് ഒരുക്കിക്കൊടുക്കുന്നുണ്ട്. ഓണ്‍ലൈനില്‍ ക്ലാസ് തുടങ്ങിയപ്പോള്‍ അതിനുള്ള സൗകര്യാര്‍ത്ഥം ടാബും ടിവിയും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഒപ്പം മോഡല്‍ ക്ലാസുകളും സ്കൂളിലേയ്ക്ക് ആവശ്യമായതെല്ലാം ഇവര്‍ക്ക് ഇവിടുന്നു തന്നെ കൊടുക്കുന്നു” – സി. ക്ലെമെന്റ് പറയുന്നു.

ഗവണ്മെന്‍റ് വഴിയാണ് കുട്ടികള്‍ ഇവിടെ വരുന്നത്. കലാപരമായ കഴിവുകള്‍ക്കുള്ള പ്രോത്സാഹനവും ഈ കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. ഏകദേശം 75-ഓളം സ്ഥാപനങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ തന്നെയുണ്ട്. കലാപരമായ മത്സരങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ബഥാനിയ ഭവനിലെ കുട്ടികള്‍ക്കു തന്നെ. ബഥനി സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ ഒരു യുപി സ്കൂളും പ്രവർത്തിക്കുന്നു. അവിടെ പഠിപ്പിക്കുന്ന മറ്റ് സിസ്റ്റേഴ്സ് കുട്ടികള്‍ക്ക് ട്യൂഷൻ എടുത്തുകൊടുത്ത് സഹായകമാവുകയും ചെയ്യുന്നു.

ഒരു കുട്ടിയെ നോക്കാന്‍ കഷ്ടപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് ഇവര്‍ പതിനേഴോളം കുഞ്ഞുങ്ങള്‍ക്ക് അഭയമാകുന്നത്, അവരുടെ ജീവിതത്തില്‍ പ്രതീക്ഷയേകുന്നത്. മാധ്യമങ്ങളിലൂടെ സമര്‍പ്പിതരെ കരിവാരിത്തേക്കാന്‍ മുതിരുന്നവര്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ കണ്ടഭാവം നടിക്കാറില്ല. അനേകം കുഞ്ഞുങ്ങളുടെ പ്രതീക്ഷയും അഭയവുമായ ഈ ഭവനം ഒരു തലമുറയുടെ സ്വപ്നവീടാണ്.

സി. സൗമ്യ DSHJ

1 COMMENT

Leave a Reply to Jobi philipCancel reply