സാര്‍വത്രിക സഭയ്ക്ക് മധ്യഅമേരിക്കയില്‍ നിന്ന് രണ്ടു വാഴ്ത്തപ്പെട്ടവര്‍ കൂടി

മധ്യഅമേരിക്കന്‍ നാടായ ഗോട്ടിമാലയില്‍ നിന്നുള്ള രണ്ടു രക്തസാക്ഷികളെ സഭ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയര്‍ത്തി. ഫ്രാന്‍സിസ്‌ക്കന്‍ കപ്പൂച്ചിന്‍ സമൂഹമായ ഓര്‍ഡര്‍ ഓഫ് ഫ്രയേഴ്‌സ് മൈനര്‍ അംഗമായ വൈദികന്‍ തൂല്യൊ മറൂത്സൊ, ഫ്രാന്‍സിസ്‌ക്കന്‍ മൂന്നാം സഭാംഗമായ അല്മായന്‍ ലൂയിസ് ഒബ്ദൂല്യൊ അറൊയൊ നവാരൊ എന്നിവരാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടത്.

ഗോട്ടിമാലയിലെ മൊറാലെസില്‍ വെച്ചാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന തിരുക്കര്‍മ്മം നടന്നത്. ഫ്രാന്‍സിസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട്, വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജൊവാന്നി ആഞ്ചെലൊ ബെച്ചു ഈ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

1953 ജൂണ്‍ 21ന് പൗരോഹിത്യം സ്വീകരിച്ച മറൂത്സൊ 1960 ലാണ്  ഗോട്ടിമാലയില്‍ പ്രേഷിത പ്രവര്‍ത്തനത്തിനെത്തിയത്. മതബോധകനായിരുന്ന വാഴ്ത്തപ്പെട്ട ലൂയിസ് ഒബ്ദൂല്യൊ അറൊയൊ നവാരൊ ഗോട്ടിമാല സ്വദേശിയാണ്. 1950 ജൂണ്‍ 21 ജനിച്ച അദ്ദേഹം ലോസ് അമാത്തെസ് നഗരസഭയില്‍ ഡ്രൈവര്‍ ജോലി ചെയ്തുവരികയായിരുന്നു. ഫ്രാന്‍സിസ്‌ക്കന്‍ മൂന്നാം സഭയില്‍ ചേരുകയും മതബോധനരംഗത്ത് സജീവമാകുകയും ചെയ്തു അദ്ദേഹം.

ലൂയിസ് ഒബ്ദൂല്യൊ അറൊയൊ നവാരൊയും തൂല്യൊ മറൂത്സൊയും ലോസ് അമാത്തെസില്‍ ഒരു യോഗത്തില്‍ സംബന്ധിച്ചതിനു ശേഷം തിരിച്ചു പോകവേ ഒളിപ്പോരാളികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.