ആഗസ്റ്റ് 30 – ഒറീസ്സയില്‍ “രക്തസാക്ഷികളുടെ ദിനം”

കത്തോലിക്കാ സ‌ഭ വി. സ്നാപകയോഹന്നാന്റെ രക്തസാക്ഷിത്വത്തെ അനുസ്മരിക്കുന്ന ആഗസ്റ്റ് 29-ന്റെ അടുത്ത ദിവസം ഒറീസ്സയില്‍ രക്തസാക്ഷികളുടെ ദിനമായി ഇനി ആചരിക്കും. ഒറീസ്സയിലെ മെത്രാന്മാരുടെ പ്രാദേശിക സമ്മേളനമാണ് ആഗസ്റ്റ് 30 രക്തസാക്ഷികളുടെ ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്.

ആഗസ്റ്റ് 30 രക്തസാക്ഷി ദിനമായി ഒറീസ്സയിലെ സഭ കൊണ്ടാടുമ്പോൾ 2007-2008 ലെ ക്രിസ്ത്യാനികൾക്കെതിരെ നടന്ന പീഡനങ്ങളിൽ ജീവൻ ഹോമിച്ച 101 പേരെ ആദരിക്കാനും അവരുടെ ജീവിതബലിയെ മാനിക്കാനും എടുത്ത ഈ തീരുമാനം ഒരുപാട് സന്തോഷം പകരുന്നുവെന്ന് കട്ടക് – ഭുവനേശ്വർ അതിരൂപതാ മെത്രാനും പ്രാദേശിക മെത്രാൻസമിതി അദ്ധ്യക്ഷനുമായ ജോൺ ബാർവ്വ അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ മുഴുവനും ഈ ദിവസം രക്തസാക്ഷി ദിനമായി ആചരിക്കപ്പെടുമെന്നും, പ്രാദേശിക മെത്രാൻസമിതി ഈ ആക്രമണങ്ങളെക്കുറിച്ച് പഠിക്കാൻ വൈദികരും ഗവേഷകരും ഉൾപ്പെട്ട ഒരു സംഘത്തെ ഏർപ്പാടാക്കിയിട്ടുണ്ട് എന്നും ജോൺ ബാർവ്വ അറിയിച്ചു.

വാർത്താ ഏജൻസിയായ ഫിഡെസിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2012-ൽ ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. 2019 ഫെബ്രുവരിയിൽ  ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്ത ഒരു വിശ്വാസി കൊല്ലപ്പെട്ടു. 77 സംഭവങ്ങളിൽ 16 എണ്ണം തമിഴ്‌നാട് സംസ്ഥാനത്തും 12 എണ്ണം ഉത്തർപ്രദേശിലും ആറെണ്ണം മഹാരാഷ്ട്രയിലും അഞ്ചെണ്ണം ഛത്തീസ്ഗഡിലുമാണ് നടന്നത്.

ആന്ധ്രാപ്രദേശ്, ബീഹാർ, ജാര്‍ഖണ്ഡ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ നാല് ആക്രമണങ്ങള്‍ നടന്നു. 2018-ലുടനീളം ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരായ 325 സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത്തരത്തിലുള്ള 351 കേസുകൾ റിപ്പോർട്ട് ചെയ്തു. 2016-ൽ ഇത് 230 ആയിരുന്നു.

ഇന്ത്യയിൽ ക്രൈസ്തവ പീഡനങ്ങൾ വർദ്ധിക്കുമ്പോൾ പീഡിതരായ ആളുകൾക്കായി പ്രാർത്ഥിക്കുവാൻ ഒരു ദിവസം മാറ്റിവയ്ക്കുന്നത് ഉചിതമാണെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.